ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തയ്യാറാക്കിവെച്ചത് 67 പേജുള്ള ആത്മഹത്യാക്കുറിപ്പ്

കൊല്‍ക്കത്ത: ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തയ്യാറാക്കിവെച്ചത് 67 പേജുള്ള ആത്മഹത്യാക്കുറിപ്പ്. ഇതില്‍ 66 പേജും കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പ്രിന്റ് എടുത്തതാണെന്നും ഒരു പേജില്‍ മാത്രമാണ് കൈ കൊണ്ട് എഴുതിയിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.

കൊല്‍ക്കത്തയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അമിത് അഗര്‍വാളാണ് ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി ജീവനൊടുക്കിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ബെംഗളൂരുവിലെത്തി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയാണ് ഭാര്യാമാതാവിനെ വെടിവെച്ച് കൊന്നത്. ശേഷം അമിത് അഗര്‍വാള്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയും ചെയ്തു.

ഭാര്യ ശില്‍പിയുടെ കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്താനായിരുന്നു അമിത് ലക്ഷ്യമിട്ടിരുന്നതെന്നാണ് പോലീസ് പറയുന്നത്. ജീവനൊടുക്കുന്നതിന് മുമ്പ് ഭാര്യയെയും ഭാര്യയുടെ സഹോദരനെയും മാതാപിതാക്കളെയും കൊല്ലാനായിരുന്നു ഇയാളുടെ പദ്ധതി. എങ്ങനെ കൊല്ലുമെന്നും കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഏറെ സമയമെടുത്ത് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കുറിപ്പ് തയ്യാറാക്കിയെന്നാണ് നിഗമനം. മാത്രമല്ല, ദാമ്പത്യജീവിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും അമിത് കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.

തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയാണ് അമിത് ഭാര്യയുടെ മാതാപിതാക്കള്‍ താമസിക്കുന്ന കൊല്‍ക്കത്ത രാമകൃഷ്ണ സമാധി റോഡിലെ ഫ്‌ളാറ്റിലെത്തുന്നത്. തുടര്‍ന്ന് മാതാപിതാക്കളുമായി അമിത് വഴക്കിടുകയും പിന്നാലെ കൈവശം കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് ഭാര്യാമാതാവിനെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതോടെ ശില്‍പിയുടെ പിതാവ് സുബ്ഹാസ് ഫ്‌ളാറ്റില്‍നിന്നും പുറത്തേയ്‌ക്കോടി രക്ഷപ്പെട്ടു. ഇതിനിടെ അമിത് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ഫ്‌ളാറ്റ് പരിശോധിച്ചപ്പോള്‍ ഇരുവരെയും മരിച്ചനിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് അമിതിന്റെ കൈയിലുണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് ബെംഗളൂരുവിലുള്ള ഭാര്യ ശില്പിയും കൊല്ലപ്പെട്ടിട്ടുണ്ടെന്ന വിവരമറിഞ്ഞത്.

ഭാര്യയെ താന്‍ കൊലപ്പെടുത്തിയതായി അമിത് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്ത പോലീസ് ബെംഗളൂരു പോലീസുമായി ബന്ധപ്പെട്ടു. ബെംഗളൂരു പോലീസ് വൈറ്റ് ഫീല്‍ഡ് റോഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തിയതോടെ ശില്‍പിയുടെ മൃതദേഹം കണ്ടെടുത്തു. ഫ്‌ളാറ്റില്‍ ഇരുവരും തമ്മില്‍ കലഹം നടന്നതിന് ശേഷമാണ് അമിത് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ചില്ലുപാത്രങ്ങളും മറ്റും പൊട്ടിച്ചിതറിയ നിലയില്‍ ഫ്‌ളാറ്റിലുണ്ടായിരുന്നു. അതിനിടെ, ശില്പിയുടെ കൂടെയുണ്ടായിരുന്ന പത്ത് വയസ്സുകാരനായ മകന്‍ എവിടെയാണെന്ന ചോദ്യമുയര്‍ന്നു. കുട്ടിയെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കി. ഒടുവില്‍ കുട്ടി അമിതിന്റെ സഹോദരന്റെ വീട്ടില്‍ സുരക്ഷിതനാണെന്ന് പോലീസ് കണ്ടെത്തി.

വിവാഹമോചന കേസ് നടക്കുന്നതിനാല്‍ അമിത് ഇടയ്ക്കിടെ ബെംഗളൂരുവില്‍ പോകാറുണ്ടെന്നായിരുന്നു പോലീസിന്റെ പ്രതികരണം. കഴിഞ്ഞ രണ്ടുവര്‍ഷമായി ദമ്പതിമാര്‍ പിരിഞ്ഞുതാമസിക്കുകയാണ്. കഴിഞ്ഞദിവസം അമിത് ബെംഗളൂരുവിലെ ഭാര്യയുടെ ഫ്‌ളാറ്റിലെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മകനുമായി കൊല്‍ക്കത്തയിലേക്ക് തിരിച്ചു. മകനെ സഹോദരന്റെ വീട്ടിലാക്കിയ ശേഷമാണ് ഭാര്യയുടെ മാതാപിതാക്കളുടെ ഫ്‌ളാറ്റിലേക്ക് പോയതെന്നും പോലീസ് പറഞ്ഞു.

follow us: PATHRAM ONLINE

pathram:
Leave a Comment