ഏഴാം ക്ലാസുകാരിയെ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഒരാഴ്ചയോളം പീഡിപ്പിച്ചു; സംഭവം ഓണ്‍ലൈന്‍ ക്ലാസിനായി ടിവി കാണാന്‍ പോയപ്പോള്‍..

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ 11 വയസ്സുകാരിയെ സ്‌കൂള്‍ വിദ്യാര്‍ഥികളായ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. കോയമ്പത്തൂര്‍ സുന്ദരപുരത്താണ് ദാരുണമായ സംഭവം. കേസില്‍ പ്രതികളായ രണ്ട് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്നവരാണ് പിടിയിലായത്. ഇവരെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് മാറ്റി. അതേസമയം, കേസിലെ മൂന്നാം പ്രതിയായ മറ്റൊരു വിദ്യാര്‍ഥിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

മെയ് 20നാണ് പെണ്‍കുട്ടി ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. പിടിയിലായ പത്താം ക്ലാസുകാരന്റെ വീടിന്റെ മുകളിലത്തെനിലയില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ് പെണ്‍കുട്ടിയുടെ കുടുംബം. അമ്മ നേരത്തെ മരിച്ചതിനാല്‍ അച്ഛനും ഇവരുടെ സഹോദരിയും മാത്രമാണ് വീട്ടിലുള്ളത്. പകല്‍സമയം ഇരുവരും ജോലിക്ക് പോകുന്നതിനാല്‍ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. അതിനാല്‍ വീട്ടുടമ താമസിക്കുന്ന താഴത്തെനിലയില്‍ ടിവി കാണാന്‍ പോകുന്നത് പതിവായിരുന്നു. മെയ് 20 ന് പതിവുപോലെ ടിവി കാണാന്‍ പോയസമയത്താണ് വിദ്യാര്‍ഥികള്‍ കുട്ടിയെ ഉപദ്രവിച്ചത്.

സംഭവസമയം വീട്ടുടമയുടെ മകനായ പത്താം ക്ലാസുകാരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഓണ്‍ലൈന്‍ ക്ലാസിനായി അടുത്തിടെ ഈ 16 കാരന് പിതാവ് മൊബൈല്‍ ഫോണും വാങ്ങിനല്‍കിയിരുന്നു. മെയ് 20ന് വീട്ടില്‍ ടിവി കാണാനെത്തിയ പെണ്‍കുട്ടി ഇരുവരും ചേര്‍ന്ന് മൊബൈലില്‍ അശ്ലീല വീഡിയോ കാണുന്ന കാഴ്ചയാണ് കണ്ടത്. തുടര്‍ന്ന് പെണ്‍കുട്ടി മടങ്ങിപ്പോകാന്‍ ശ്രമിച്ചെങ്കിലും ഇരുവരും നിര്‍ബന്ധിച്ച് അശ്ലീല വീഡിയോ കാണിക്കാന്‍ മുതിര്‍ന്നു. ഇതോടെ പെണ്‍കുട്ടി മുകളിലത്തെ നിലയിലേക്ക് ഓടിപ്പോയി. പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ രണ്ടുപേരും വീട്ടില്‍ അതിക്രമിച്ച് കയറുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. പിന്നാലെ ഇവര്‍ സുഹൃത്തായ മൂന്നാമനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഈ കുട്ടിയും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

മെയ് 20 ന് ശേഷം മൂവരും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് ഒരാഴ്ചയോളം തുടര്‍ന്നാതായാണ് റിപ്പോര്‍ട്ട്. നിര്‍ബന്ധിച്ച് അശ്ലീല വീഡിയോകള്‍ കാണിച്ചായിരുന്നു പീഡനം. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വയറുവേദന അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവെച്ചാണ് പെണ്‍കുട്ടി ഡോക്ടറോട് സംഭവങ്ങള്‍ തുറന്നുപറഞ്ഞത്. ഉടന്‍തന്നെ ആശുപത്രി അധികൃതര്‍ വനിതാ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment