ഏഴ് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം വിവാഹം; 15ാം ദിവസം മരണം; യുവതിയുടെ വീട്ടുകാര്‍ പറയുന്നത്..

വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചതില്‍ ദുരൂഹത. തൃശൂര്‍ മുല്ലശേരി സ്വദേശിനിയായ ശ്രുതി(26) യാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായിരുന്നു ശ്രുതി. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശിയായ അരുണും മുല്ലശേരി സ്വദേശിനിയായ ശ്രുതിയും തമ്മില്‍ കഴിഞ്ഞ ഡിസംബര്‍ 22നാണ് വിവാഹിതരായത്. ഇരുവരുടേയും ദാമ്പത്യം നീണ്ടുനിന്നത് വെറും പതിനഞ്ചുദിവസം മാത്രം. ജനുവരി ആറിന് രാത്രി ഒമ്പതരയോടെ പെരിങ്ങോട്ടുകരയിലുള്ള അരുണിന്റെ വീട്ടില്‍ വെച്ചായിരുന്നു മരണം. ശുചിമുറിയില്‍ കുഴഞ്ഞുവീണ് ശ്രുതി മരിച്ചെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്.

എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് സ്വാഭാവികമരണമല്ലെന്ന് വ്യക്തമായത്. കഴുത്തിന് ചുറ്റുമുള്ള നിര്‍ബന്ധിതബലം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ദേഹത്ത് പലയിടത്തും അടയാളങ്ങളുണ്ട്. കൊലപാതകമാണെന്നാണ് ശ്രുതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബോധ്യമായിട്ടും അന്തിക്കാട് പൊലീസ് അലംഭാവം കാട്ടിയെന്നാണ് ആരോപണം. കുറ്റവാളിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.

ഫെബ്രുവരി 13ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുംവരെ മകളുടെ മരണത്തില്‍ സംശയം തോന്നിയിരുന്നില്ലെന്ന് ശ്രുതിയുടെ പിതാവ് പറയുന്നു. പൊലീസിന്റെ വീഴ്ചയ്‌ക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപി. സംസ്ഥാന സെക്രട്ടറി എ.നാഗേഷ് പറഞ്ഞു. പരാതി ആദ്യം അന്വേഷിച്ച അന്തിക്കാട് പൊലീസിന് വീഴ്ചപറ്റിയെന്ന് മേലുദ്യോഗസ്ഥരുടെ പ്രാഥമിക നിരീക്ഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കുഴഞ്ഞുവീണല്ല മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍തന്നെ വ്യക്തമായിട്ടും തുടരന്വേഷണം നടത്തിയില്ല.

കുറ്റാരോപിതനായ ഭര്‍ത്താവ് സംഭവസമയത്ത് വീട്ടില്‍ ഇല്ലെന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. പ്രത്യേക സംഘം രൂപികരിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു. റൂറല്‍ സീ ബ്രാഞ്ചിനാണ് അന്വേഷണചുമതല. ഡിഐജി എസ്.സുരേന്ദ്രന്‍ നേരിട്ട് അന്വേഷണ പുരോഗതി വിലയിരുത്തി.

pathram:
Leave a Comment