കളിക്കുന്നതിനിടെ കൂട്ടുകാരോടു വഴക്കിട്ടു 3 വയസ്സുകാരി റോഡിലേക്കിറങ്ങി ഒന്നര കിലോമീറ്ററോളം നടന്നു. എറണാകുളത്ത് കാക്കനാട് തുതിയൂർ റോഡിൽ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണു സംഭവം.
ആദ്യം നാട്ടുകാർ കൂട്ടുകാരായി, പിന്നെ പൊലീസ് സ്റ്റേഷനിലെ അമ്മമാർ സംരക്ഷകരായി. ഒടുവിൽ പെറ്റമ്മ ഏറ്റുവാങ്ങിയപ്പോൾ മണിക്കൂറുകളോളം പൊലീസിനെയും നാട്ടുകാരെയും ആശയക്കുഴപ്പത്തിലാക്കിയതിന്റെ ഭാവഭേദമൊന്നും ആ കുഞ്ഞു മുഖത്ത് ഇല്ലായിരുന്നു.
കോവിഡ് ക്വാറന്റീൻ നിരീക്ഷണ ഡ്യൂട്ടിയിലായിരുന്ന തൃക്കാക്കര പൊലീസ് എഎസ്ഐ കെ.ശിവകുമാർ ബൈക്കിൽ വരുന്നതിനിടെയാണു റോഡിലൂടെ ഒറ്റയ്ക്കു നടന്നു വരികയായിരുന്ന കുഞ്ഞിനെ ശ്രദ്ധയിൽപെട്ടത്.
കുഞ്ഞിനെ കണ്ട ഏതാനും നാട്ടുകാരും ഇതിനിടെ സ്ഥലത്തെത്തി. കുഞ്ഞിനോടു കാര്യങ്ങൾ ചോദിച്ചറിയാനുള്ള ശ്രമം വിഫലമായി. വ്യക്തമായി സംസാരിക്കാവുന്ന പ്രായമായിട്ടില്ലാത്ത കുഞ്ഞ് ഏതാനും വാക്കുകൾ പറഞ്ഞപ്പോൾ മലയാളിയല്ലെന്നു ബോധ്യമായി. ശിവകുമാർ അറിയിച്ചതനുസരിച്ചു തൃക്കാക്കര പൊലീസെത്തി കുഞ്ഞിനെ സ്റ്റേഷനിലേക്കു കൊണ്ടുപോയി.സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.എൻ.ജയശ്രീ, മാരിയത്ത് ബീവി, സിവിൽ പൊലീസ് ഓഫിസർ രജിത എന്നിവർ പൊലീസ് സ്റ്റേഷനിൽ കളിപ്പാട്ടങ്ങളും പലഹാരങ്ങളും നൽകി കുഞ്ഞിന്റെ സംരക്ഷകരായി.
രക്ഷിതാക്കളെ കണ്ടെത്താൻ പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ ശ്രമത്തിനൊടുവിൽ തുതിയൂർ ആദർശ റോഡിൽ വീടു നിർമാണത്തിനെത്തിയ ഒഡീഷ സ്വദേശിനിയാണു കുഞ്ഞിന്റെ അമ്മയെന്നു വ്യക്തമായി. കുഞ്ഞിനെ കാണാതായ വിവരം ഇവർ അറിഞ്ഞിരുന്നില്ല. സ്റ്റേഷനിലെത്തിയ അമ്മ കുഞ്ഞിനെ ഏറ്റുവാങ്ങി. തുതിയൂരിൽ വാടകയ്ക്കു താമസിക്കുന്ന ഒഡീഷ സ്വദേശിനി ജോലിക്കു പോകുമ്പോൾ ചിലപ്പോഴൊക്കെ കുഞ്ഞിനെ കൂടെ കൂട്ടാറുണ്ട്. നിർമാണ സൈറ്റിനു സമീപം മറ്റു കുട്ടികളോടൊപ്പം കളിക്കാൻ വിടുകയായിരുന്നു പതിവ്.
Follow us: pathram online
Leave a Comment