തൃശൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവം; വനിതാ കമ്മീഷന്‍ കേസെടുത്തു

തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. കേസിന്റെ നിലവിലെ അന്വേഷണ പുരോഗതി സംബന്ധിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായി ഡിഐജി എസ് സുരേന്ദ്രന്‍ പറഞ്ഞു.

അഞ്ച് മാസം മുന്‍പ് നടന്ന സംഭവത്തില്‍ പൊലീസിന്റെ അനാസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശ്രുതിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി അച്ഛന്‍ സുബ്രഹ്മണ്യനും രംഗത്തെത്തി. തുടര്‍ന്ന് വനിതാ കമ്മീഷന്‍ കേസെടുത്തു. ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ എസ്പിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിട്ടും അന്വേഷണത്തില്‍ പൊലീസ് അനാസ്ഥ വരുത്തി. മരണം നടന്ന് അഞ്ച് മാസം പിന്നിട്ടിട്ടും മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാനാകാത്തത് ഉന്നത ഇടപെടല്‍ മൂലമാണെന്നും ശ്രുതിയുടെ അച്ഛന്‍ സുബ്രഹ്മണ്യന്‍ പറയുന്നു.

ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭര്‍തൃഗൃഹത്തില്‍ ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചുവെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. 38 ദിവസത്തിന് ശേഷം ലഭ്യമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തില്‍ മര്‍ദം ചെലുത്തിയതിന്റെ പാടുകളും നെറ്റിയിലും മാറിലും മുറിവുകളും കണ്ടെത്തി. ഇതോടെയാണ് മരണം കൊലപാകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് എത്തിയത്.

ശ്രുതിയുടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. അന്തിക്കാട് പൊലീസ് തുടക്കത്തില്‍ തെളിവ് ശേഖരണത്തില്‍ വീഴ്ച വരുത്തി. തുടര്‍ന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് കൈമാറി കേസ് നിലവില്‍ റൂറല്‍ എസ്പിക്ക് കീഴിലെ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന ആക്ഷേപവും ശക്തമാണ്.

അതേസമയം മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് നേരത്തെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജനും വെളിപ്പെടുത്തിയതായി ശ്രുതിയുടെ അച്ഛന്‍ വെളിപ്പെടുത്തി. കേസില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസ് അന്വേഷിക്കുമെന്നും ഡിഐജി വ്യക്തമാക്കി.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Leave a Comment