ആത്മഹത്യാപ്രവണതയോടെയുള്ള വിഷാദരോഗം വല്ലാത്തൊരു സഹനമാണ്…കൃത്യമായി എങ്ങനെ പറയുന്നു എന്നാണോ? ആ വേദനയുടെ കടല്‍ നീന്തി കടന്നവളായത് കൊണ്ട് തന്നെ..ഡോ. ഷിംന അസീസ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. വിഷാദ രോഗമാണ് മരണത്തിന് കാരണം എന്നാണ് പുറത്തെത്തുന്ന വിവരം. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. വിഷാദ രോഗം എത്രത്തോളം അപകടകാരി ആണെന്നും ഷിംന തന്റെ കുറിപ്പില്‍ പറയുന്നു.

ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ്;

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തിരിക്കുന്നു. മാസങ്ങളായി കടുത്ത വിഷാദരോഗത്താല്‍ കഷ്ടപ്പെടുകയായിരുന്നു എന്നും വാര്‍ത്തകള്‍. എല്ലാ സൗകര്യങ്ങള്‍ക്കുമിടയില്‍ ജീവിച്ചിരുന്ന സക്സസ്ഫുള്‍ ആയ കലാകാരന്‍ ആത്മഹത്യ ചെയ്യുകയോ? അയാള്‍ക്കെന്താപ്പോ ഇത്ര വിഷാദിക്കാന്‍ എന്നാണോ?

ആത്മഹത്യാപ്രവണതയോടെയുള്ള വിഷാദരോഗം വല്ലാത്തൊരു സഹനമാണ്. തലക്കകത്ത് നിന്ന് തുടര്‍ച്ചയായി ‘നിന്നെ ഒന്നിനും കൊള്ളില്ല, മുന്നിലേക്ക് പ്രതീക്ഷകളില്ല, നിനക്ക് യാതൊരു വിലയുമില്ല’ എന്ന് മസ്തിഷ്‌കം പറഞ്ഞ് കൊണ്ടേയിരിക്കും. അത് തന്റെ തലച്ചോറില്‍ ക്രമം തെറ്റി ഒഴുകുന്ന ഡോപ്പമിനും സെറടോണിനും കാട്ടിക്കൂട്ടുന്ന തോന്നിവാസമാണ് മനസ്സിലാകാതെ രോഗി ഉഴറും. എത്ര സ്വയം അവബോധമുള്ളവരുടെ മനസ്സും കമ്പിവേലിയില്‍ വലിഞ്ഞ് കീറുന്ന പോലെ പിഞ്ഞി അടരും. ഏത് വഴിക്ക് ഒടുങ്ങാം എന്ന അന്വേഷണമാണ് പിന്നെ. കൃത്യമായി എങ്ങനെ പറയുന്നു എന്നാണോ? ആ വേദനയുടെ കടല്‍ നീന്തി കടന്നവളായത് കൊണ്ട് തന്നെ.

സര്‍വ്വസൗഭാഗ്യവതിയായ, കരിയര്‍ തുടങ്ങിയപ്പൊഴേ ചെറിയ വലിയ കാര്യങ്ങള്‍ ചെയ്ത് വന്ന, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ കുടുംബിനിയായ ഒരുവള്‍ ആത്മഹത്യക്ക് ശ്രമിച്ചത് തിന്നിട്ട് എല്ലിന്റെയുള്ളില്‍ കുത്തിയിട്ടാണ് എന്നും ദൈവവിചാരം ഇല്ലാഞ്ഞിട്ടാണ് എന്നുമൊക്കെ കേട്ടു. ‘ശ്രദ്ധ കിട്ടാനുള്ള നാടകമാണ്, ചാവാതെ സേഫായി ചെയ്യുന്നത് അല്ലാതെങ്ങെനെയാ?’ എന്ന് വരെ കേട്ടിട്ടുണ്ട്. ഞാന്‍ ചാവാത്തതിലായിരുന്നോ അവരുടെ സങ്കടം?

കുറേയേറെ പേര്‍ (ഒരിക്കലും പ്രതീക്ഷിക്കാത്തവര്‍ പോലും) കട്ടക്ക് സപ്പോര്‍ട്ട് ചെയ്തു. അന്ന് തൊട്ട് ഇന്ന് വരെ എന്റെ സൈക്യാട്രിസ്റ്റ് കൂടെ നിന്നതിന് വാക്കുകളില്ല. സുഹൃത്തുക്കള്‍ താങ്ങി പിടിക്കുന്നതിന് നന്ദിയൊന്നും പറഞ്ഞാല്‍ മതിയാകില്ല. കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കാണുന്നു, നേരത്തിന് മരുന്ന് കഴിക്കുന്നു. വീക്ക് ആണെന്ന് തോന്നുന്നേരം ചങ്ങായിയായ സൈക്കോളജിസ്റ്റിനെ കാണുന്നു/വിളിക്കുന്നു. ‘വിലയില്ലാത്തവള്‍’ എന്ന് സ്വയം മാര്‍ക്കിടുമ്പോള്‍ അല്ലെന്ന് തിരുത്തി തരാന്‍ അവര്‍ പെടാപ്പാട് പെടാറുണ്ട്.

വലിയ തോതില്‍ വിഷാദത്തെ തോല്‍പ്പിച്ചപോഴും ഇപ്പോഴും എന്നോട് യാതൊരു പ്രതിപത്തിയുമില്ല. എന്നെ സ്നേഹിക്കുന്നത് പോലും മക്കള്‍ക്ക് വേണ്ടി എന്നെ കരുതി വെക്കാനാണ്. എന്നെങ്കിലും സ്വയം സ്നേഹിക്കാന്‍ കഴിഞ്ഞാല്‍ അന്ന് പൂര്‍ണമായും വിജയിച്ചെന്ന് തീരുമാനിക്കാനാവുമെന്ന് കരുതുന്നു.

ആത്മഹത്യ ചെയ്യാനുള്ള നൂതനമാര്‍ഗങ്ങള്‍ ഗൂഗിള്‍ ചെയ്യുന്നത് പതിവാക്കിയവരുണ്ട് നമുക്ക് ചുറ്റും. ജീവിക്കണമെന്ന് വലിയ നിര്‍ബന്ധമില്ലാത്തത് പോലെ, എല്ലാം പാതിവഴിക്ക് കളഞ്ഞു പോകാമെന്ന് പറയാതെ പറയുന്നവര്‍. ആവശ്യം കഴിയുമ്പോള്‍ കളഞ്ഞിട്ടു പോകുന്ന ഇന്‍സ്റ്റന്റ് കള്‍ച്ചര്‍ ജീവിതത്തെ സംബന്ധിച്ചും ചിലരുടെ മനസ്സില്‍ കയറിക്കൂടിയിരിക്കുന്നു എന്നാണു മനസ്സിലാക്കേണ്ടത്. വിഷാദരോഗവും ആത്മഹത്യാപ്രവണതയും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. 2020 വര്‍ഷത്തോടെ ലോകത്തിനു ബാധ്യതയാകുന്ന ഏറ്റവും വലിയ രണ്ടാമത്തെ ആരോഗ്യഭീഷണിയായി കണക്കാക്കപ്പെടുന്നത് വിഷാദരോഗത്തെയാണ്.

വിഷാദരോഗം എന്നത് ഒരു അപൂര്‍വ്വതയല്ല. ഉറക്കത്തേയും വിശപ്പിനേയും ജീവിതത്തില്‍ ഇഷ്ടപ്പെടുന്ന സകല സംഗതികളെയും പ്രതികൂലമായി ബാധിച്ചു കൊണ്ട് ജീവിതത്തില്‍ മുന്നോട്ടു ഒന്നുമില്ല, പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചിരിക്കുന്നു എന്ന് രണ്ടാഴ്ചയിലേറെ തോന്നുന്നതാണ് ലളിതമായി പറഞ്ഞാല്‍ വിഷാദരോഗം എന്ന അവസ്ഥ.

വിഷാദരോഗം, ലഹരി ദുരുപയോഗം, കുടുംബത്തില്‍ മുന്‍പ് ആത്മഹത്യ സംഭവിച്ചിട്ടുള്ളവര്‍, അപ്രതീക്ഷിതമായി പ്രിയപ്പെട്ടവരുടെ മരണം സംഭവിച്ചവര്‍, കാന്‍സറും എയിഡ്സും അപസ്മാരവും തുടങ്ങി മാറാരോഗമായി സമൂഹം വീക്ഷിക്കുന്ന രോഗങ്ങള്‍ പിടിപെട്ടവര്‍, ജയില്‍വാസികള്‍! എന്നിങ്ങനെയുള്ളവര്‍ ആത്മഹത്യ എന്ന സാധ്യത പരിഗണിക്കുന്നവരില്‍ മുന്‍ഗണനയില്‍ ഉണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മുന്‍പൊരിക്കല്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ള വ്യക്തി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കാനുള്ള അപകടസാധ്യത സാധാരണ വ്യക്തിയെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

ഈ തോന്നല്‍ ഉള്ളവര്‍ ആദ്യം മനസ്സിലാക്കേണ്ടത് ‘ഇങ്ങനെ തോന്നുന്ന അനേകം പേരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍’ എന്ന സത്യമാണ്. ആത്മഹത്യ ചെയ്യാന്‍ തോന്നുന്നുണ്ടെന്ന് അടുപ്പമുള്ള ആരോടെങ്കിലും തുറന്നു പറയേണ്ടത് അത്യാവശ്യമാണ്. സ്വയം ജീവിതം ആവശ്യമില്ല എന്ന് തോന്നാമെങ്കിലും, ജീവന്റെ വിലയെ കുറിച്ച് കൃത്യമായ ധാരണ തരാന്‍ കുറച്ചു നേരത്തേക്ക് കടം വാങ്ങുന്ന കാതുകള്‍ക്ക് ആയേക്കാം. ആത്മഹത്യ എന്ന ചിന്ത, ആത്മഹത്യ ചെയ്യാനുള്ള മാര്‍ഗം, ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം എന്നിവ ഒത്തു വന്നാലാണ് അത് സംഭവിക്കുക. ചിന്തയെ നിലക്ക് നിര്‍ത്താന്‍ സാധിക്കില്ലായിരിക്കാം. പക്ഷെ, ആത്മഹത്യ ചെയ്യാനുള്ള കത്തിയും കയറും മറ്റു വഴികളും മുന്നില്‍ വരാതെ സൂക്ഷിക്കാന്‍ സാധിക്കും. കഴിവതും തനിച്ചിരിക്കാതെ നോക്കാനുമാവും. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമിടയില്‍ തുടരുകയാണ് വേണ്ടത്. എന്നിട്ടും വിട്ടൊഴിയാത്ത വിധം ആ ചിന്ത മനസ്സിനെ വേട്ടയാടുന്നുവെങ്കില്‍ ചികിത്സ തേടുക തന്നെ വേണം.

നിങ്ങളുടെ സുഹൃത്തോ ബന്ധുവോ പരിചയക്കാരോ ഇനി ഒരു അപരിചിതനോ തന്നെയും സ്വയം ഇല്ലാതാവുന്നതിനെ കുറിച്ച് ചെറിയ സൂചന എങ്കിലും തന്നുവെങ്കില്‍, ദയവു ചെയ്തു ശ്രദ്ധിക്കുക. . തിരക്കിട്ട് വില്‍പത്രം തയ്യാറാക്കുന്നതും, കടമകള്‍ തീര്‍ക്കുന്നതും പതിവില്ലാത്ത ചില വ്യഗ്രതകളുമെല്ലാം വരാന്‍ പോകുന്ന ദുരിതത്തിന്റ മുന്നോടിയാവാം. അത് കേള്‍ക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആ വാക്കുകള്‍ ശ്രദ്ധ നേടാനുള്ള അടവായി കണ്ട് അവഗണിക്കുന്ന ഒരു രീതിയും മുന്‍വിധിയോടെയുള്ള സമീപനവും പാടില്ല. ഉപദേശമോ പരിഹാസമോ ഈ വേളയില്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടാവാനും പാടില്ല. കഴിഞ്ഞ ദിവസം ഞരമ്പ് മുറിച്ച് ഫെയിസ്ബുക്കില്‍ വന്ന ആളെ വരെ അവഹേളിച്ചുള്ള കമന്റുകള്‍ കണ്ടു. മനുഷ്യത്വരാഹിത്യം എന്നല്ലാതെ ഒരു പേരില്ല അതിന്

നാല്പതു സെക്കന്റില്‍ ഒരു ആത്മഹത്യ നടക്കുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഇത്രയേറെ പേര്‍ സ്വയം ഹത്യയെ കുറിച്ച് ചിന്തിക്കുന്നു എന്ന് പറയുന്നത് പോലും ഉള്‍ക്കൊള്ളാവുന്ന ഒന്നല്ല.

ബോളിവുഡ് നടന്‍ വിട പറഞ്ഞതിന് മാത്രമല്ല നമുക്ക് നോവേണ്ടത്. ചിരിക്കുന്ന മുഖങ്ങളില്‍ പലതും ഉള്ളില്‍ അലറിക്കരയുന്നുണ്ട് എന്നത് കാണാനുള്ള ഉള്‍ക്കണ്ണ് നഷ്ടപ്പെടുന്ന നമ്മളെയോര്‍ത്തും നമ്മള്‍ നാണിക്കണം. ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്നത് ഡോക്ടര്‍ക്ക് മാത്രമല്ല. നാമോരോരുത്തരും രക്ഷകരാണ്, ജീവന്റെ കാവല്‍ക്കാരാണ്. അതിന് കാതുകളും കണ്ണുകളും തുറന്ന് വെക്കണം… മനസ്സും.

സുശാന്ത് സിങ്ങ് രജ്പുതിന് ആദരാഞ്ജലികള്‍

follow us: pathram online latest news

pathram:
Related Post
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51