സിപിഎം നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്…

ഹരിപ്പാട്: തദ്ദേശസ്വയം ഭരണ തെരെഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ ഹരിപ്പാട് സിപിഎമ്മില്‍ നിന്ന് കൂട്ടത്തോടെ അംഗങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുന്നു. ഹരിപ്പാട് മുനിസിപ്പല്‍ ലോക്കല്‍ കമ്മറ്റി അംഗം അഡ്വ. ബി. ശിവപ്രസാദ്, കരുവാറ്റ എല്‍.സി. അംഗവും എന്‍. എസ്. എസ്. കരയോഗം സെക്രട്ടറി കൂടിയായ കൂടിയായ ജി.ഹരികുമാര്‍, ബ്രാഞ്ച് കമ്മറ്റിയംഗം സിന്ധു എന്നിവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായി മാറി.

കര്‍ഷക സംഘം ഏരിയ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ അഡ്വ. ശിവപ്രസാദ് ഡി.വൈ.എഫ് ഐ ഏരിയ മുന്‍ വൈസ്പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയുമായിരുന്നു. എന്‍. സി. പി. മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും ജനപക്ഷം ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റുമായ സുരേഷ് കൈതപറമ്പില്‍, സജി പോങ്ങാട്ട്, രഘു രാജപ്പന്‍ ആചാരി എന്നിവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.

രാവിലെ എം.എല്‍.എ ക്യാമ്പ് ഓഫീസില്‍ വച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്നാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ലോക്‌ഡൌണ്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാലാണ് കൂടുതല്‍ പേരെ ഒഴിവാക്കിയത്. വരും ദിവസങ്ങളില്‍ ഡിസിസി അധ്യക്ഷന്‍ അഡ്വ.എം.ലിജുവില്‍ നിന്നും അംഗത്വം ഏറ്റുവാങ്ങി കൂടുതല്‍ സജീവ സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് കടന്നുവരുമെന്ന് ഹരികുമാര്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സിപിഎമ്മില്‍ നിന്നും അകന്നവരാണ് ഇപ്പോള്‍ സിപിഎം അംഗത്വം ഉപേക്ഷിച്ചു കോണ്‍ഗ്രസില്‍ എത്തുന്നത്. ശബരിമല വിഷയത്തില്‍ സിപിഎമ്മിനോട് പരസ്യമായി നിലപാട് സ്വീകരിച്ച നേതാവാണ് എന്‍.എസ്. എസ് കരയോഗം സെക്രട്ടറി കൂടിയായ ഹരികുമാര്‍. ട്രാന്‍പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ നേതാവ് കൂടിയായ ഹരികുമാര്‍ ശബരിമല വിഷയത്തിലും വനിതാമതിലിനെതിരായും കരയോഗം പൊതുയോഗം വിളിച്ചു ചേര്‍ത്താണ് വിയോജിപ്പ് വ്യക്തമാക്കിയത്.

പാര്‍ട്ടിയില്‍ നിന്ന് അകന്നു നിന്ന ഇവരെ വീണ്ടും മടക്കികൊണ്ടുവരാന്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുന്‍പേ സിപിഎം ശ്രമം തുടങ്ങിയെങ്കിലും ഇവര്‍ വഴങ്ങിയില്ല. ഹരികുമാറിന്റെ ഭാര്യ സുനിത കരുവാറ്റ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

follow us: pathram online latest news

pathram:
Leave a Comment