മാതാവിനെ ജോലിയില്‍ സഹായിക്കുന്നതിനിടെ വീട്ടിലേക്ക് പോയ വിദ്യാര്‍ഥിനി മരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം

ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. പെണ്‍കുട്ടി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് മാതാവ് അടക്കമുള്ളവരുടെ ആവശ്യം. സംഭവത്തില്‍ പ്രദേശത്തെ കഞ്ചാവ് മാഫിയക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി കുട്ടിയുടെ മുത്തശ്ശനും പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞദിവസം വൈകീട്ടാണ് കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ അമീനയെ വീട്ടിനുള്ളില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. വീടിന് പുറത്ത് മാതാവിനെ ജോലിയില്‍ സഹായിക്കുകയായിരുന്നു അമീന. ഇതിനിടെ വീട്ടില്‍ പോയി പ്രാര്‍ഥന നടത്താന്‍ മാതാവ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അമീന വീട്ടിലേക്ക് പോവുകയും ചെയ്തു. വീടിന് പുറത്ത് ജോലിചെയ്തിരുന്ന മാതാവ് തിരികെ എത്തിയപ്പോളാണ് കുട്ടിയെ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, എന്ത് കാരണമുണ്ടായാലും കുട്ടി ഒറ്റയ്ക്ക് ഇങ്ങനെ ചെയ്യില്ലെന്ന് മാതാവ് അനീഷ പറഞ്ഞു.

തകരഷീറ്റ് കൊണ്ട് മറച്ച വീട്ടില്‍ മാതാപിതാക്കളും മൂന്ന് കുട്ടികളുമാണുള്ളത്. കുടുംബത്തിലെ മൂത്ത കുട്ടിയാണ് അമീന. അതിനിടെ, ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാത്തതിനാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസവും സമീപത്തെ ലൈബ്രറിയിലെത്തി അമീന ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് പോലീസിന്റെ പ്രതികരണം. കുട്ടിയുടെ പുസ്തകത്തില്‍നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് വിശദമായി പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

follow us: pathram online latest news

pathram:
Related Post
Leave a Comment