പൊറോട്ടയ്ക്ക് വില കൂടും; ഉയര്‍ന്ന ജിഎസ്ടി ഈടാക്കും

റൊട്ടിയും പൊറാട്ടയും ഒരേ സ്ലാബില്‍ പെടുത്താനാകില്ലെന്ന് കണ്ടെത്തല്‍. രണ്ടും രണ്ടാണെന്നു വ്യക്തമാക്കിയിരിക്കുകയാണു ചരക്കു സേവന നികുതി (ജിഎസ്ടി) വകുപ്പ്. ജിഎസ്ടിയുമായി ബന്ധപ്പെട്ട അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിങ്‌സ് (കര്‍ണാടക ബെഞ്ച്) ആണ് റൊട്ടിയേയും പൊറോട്ടയേയും വേര്‍തിരിച്ചു കാണണമെന്നു പറഞ്ഞത്. ഇതോടെ കൂടിയ ജിഎസ്ടി നിരക്കായ 18 ശതമാനം നികുതിയാണ് ഇനി പൊറോട്ടയ്ക്ക് ഈടാക്കുക.

റെഡി ടു കുക്ക് ഭക്ഷണപദാര്‍ഥങ്ങള്‍ തയാറാക്കി വിതരണം ചെയ്യുന്ന വൈറ്റ്ഫീല്‍ഡിലെ ഐഡി ഫ്രഷ് ഫൂഡ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ അപേക്ഷയിലാണ് തീരുമാനം. പ്ലെയിന്‍ ചപ്പാത്തി / റൊട്ടി എന്നിവയുടെ ഒപ്പം പൊറോട്ടയെയും ഉള്‍പ്പെടുത്തണം എന്നായിരുന്നു കമ്പനിയുടെ ആവശ്യം. കുറഞ്ഞ നിരക്കായ 5 ശതമാനമാണു റൊട്ടിയുടെ ജിഎസ്ടി. എന്നാല്‍ ആവശ്യം നിരാകരിച്ച അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിങ്‌സ് (എആര്‍ആര്‍), പൊറോട്ടയെ 18 ശതമാനത്തിന്റെ സ്ലാബിലേക്കു മാറ്റി.

‘റൊട്ടി’ പൊതുനാമം ആണെന്നും ഇന്ത്യയിലെ വിവിധ ഭക്ഷണങ്ങള്‍ ഇതില്‍ വരുമെന്നുമുള്ള അഭിപ്രായത്തോട് എആര്‍ആര്‍ യോജിച്ചില്ല. റൊട്ടി എന്നത് നേരത്തെ തയാറാക്കിയതോ പൂര്‍ണമായതോ ആയ ഭക്ഷണമാണ്. എന്നാല്‍ പായ്ക്കറ്റിലുള്ള പൊറോട്ട ഉപയോഗിക്കുന്നതിനു മുമ്പ് വീണ്ടും ചൂടാക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍ റൊട്ടിയുടെ വകഭേദത്തില്‍ പൊറോട്ടയെ ഉള്‍പ്പെടുത്താനാവില്ലെന്നാണു എആര്‍ആറിന്റെ കണ്ടെത്തല്‍. നികുതി സ്ലാബ് മാറ്റുന്നതോടെ പായ്ക്കറ്റ് പൊറോട്ടയ്ക്ക് വില കൂടും.
Follo us: pathram online latest news

pathram:
Related Post
Leave a Comment