ന്യൂഡല്‍ഹി: ക്രിമിനല്‍ക്കുറ്റങ്ങളുടെ സ്വഭാവം മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. വിവിധ വകുപ്പുകള്‍ ക്രിമിനല്‍ക്കുറ്റമല്ലാതാക്കാന്‍ കേന്ദ്ര ധനമന്ത്രാലയമാണ് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ്, ബാങ്കിങ്, സര്‍ഫാസി തുടങ്ങിയ 19 നിയമങ്ങള്‍ക്കുകീഴിലെ 39 വകുപ്പുകള്‍ ക്രിമിനല്‍ക്കുറ്റമല്ലാതാക്കാനാണ് നീക്കം. തീര്‍പ്പാകാതെ കിടക്കുന്ന വണ്ടിച്ചെക്ക് കേസുകളുടെ എണ്ണം 35 ലക്ഷത്തോളമാണ്. പ്രതികള്‍ ഹാജരാവാത്തതിനാലാണ് കേസുകള്‍ വൈകുന്നത്. ഈ സാഹചര്യം പരിഗണിച്ച് ചെക്കുകേസുകള്‍ കഴിവതും കോടതിയിലെത്തും മുമ്പ് ഒത്തുതീര്‍പ്പാക്കാന്‍ സംവിധാനം വേണമെന്ന് സുപ്രീംകോടതി മാര്‍ച്ചില്‍ നിര്‍ദേശിച്ചിരുന്നു. ചെറിയ തുകയാണെങ്കില്‍ ക്രിമിനല്‍ക്കുറ്റമല്ലാതാക്കുന്നത് ആലോചിക്കണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
നിസ്സാരമായ സാമ്പത്തിക കുറ്റങ്ങള്‍ക്ക് ജയില്‍ശിക്ഷ ഒഴിവാക്കുന്നത് വഴി ബിസിനസ് നടത്തിപ്പ് എളുപ്പമാക്കാനും ക്രിമിനല്‍ നിയമത്തിന്റെ നൂലാമാലകള്‍ കുറയ്ക്കാനും സാധിക്കും. ഇത് നിക്ഷേപകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും അതുവഴി നിക്ഷേപം കൂടുമെന്നും വിലയിരുത്തുന്നു. 1988ലാണ് ചെക്കുകേസുകള്‍ ക്രിമിനല്‍ക്കുറ്റമായത്. വണ്ടിച്ചെക്ക് കേസുകള്‍ വേഗം തീര്‍പ്പാക്കുന്ന വിഷയത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി, അമിക്കസ് ക്യൂറിയെയും നിയോഗിച്ചു.
ജയില്‍ശിക്ഷ ഒഴിവാക്കാന്‍ പ്രധാന നിയമലംഘനങ്ങളും ഇപ്പോള്‍ അവയ്ക്ക് നല്‍കി വരുന്ന ശിക്ഷയും താഴെ പറയുന്നവയാണ്;
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് നിയമത്തിലെ 138-ാം വകുപ്പ് – ശിക്ഷ: രണ്ടുവര്‍ഷംവരെ തടവും ചെക്കിലെ തുകയുടെ രണ്ടു മടങ്ങുവരെ പിഴയും
അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമത്തിലെ 21-ാം വകുപ്പ് – ശിക്ഷ: പത്തുവര്‍ഷംവരെ തടവും ആകെ നിക്ഷേപത്തിന്റെ രണ്ടുമടങ്ങുവരെ പിഴയും.
2002ലെ സര്‍ഫാസി നിയമത്തിലെ 29-ാം വകുപ്പ് ലംഘിക്കല്‍ – ശിക്ഷ: ഒരുവര്‍ഷംവരെ തടവും പിഴയും.
വ്യാജപരസ്യം നല്‍കി നിക്ഷേപം സ്വീകരിക്കല്‍ – (റിസര്‍വ് ബാങ്ക് നിയമത്തിലെ 58 ബി (1)ലംഘനം)
ശിക്ഷ: മൂന്നുവര്‍ഷംവരെ തടവും പിഴയും.
രജിസ്റ്റര്‍ചെയ്യാത്ത ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ – (റിസര്‍വ് ബാങ്ക് നിയമത്തിലെ 58 ബി (4എ) ലംഘനം)
ശിക്ഷ: അഞ്ചുവര്‍ഷംവരെ തടവും 25 ലക്ഷം രൂപവരെ പിഴയും
(റിസര്‍വ് ബാങ്ക് നിയമത്തിലെ 58 ബി (5), 58 ബി (5എ) ലംഘനം)
ശിക്ഷ: മൂന്നുവര്‍ഷംവരെ തടവും പിഴയും
ഓഡിറ്റ് നടത്താത്ത ഇന്‍ഷുറന്‍സ് കമ്പനികള്‍ – (ഇന്‍ഷുറന്‍സ് നിയമത്തിലെ 12-ാം വകുപ്പ്, കമ്പനി നിയമത്തിലെ 147-ാം വകുപ്പ്)
ശിക്ഷ: ഒരുവര്‍ഷംവരെ തടവും അഞ്ചുലക്ഷം രൂപവരെ പിഴയും.
ഇന്‍ഷുറന്‍സ് നിയമത്തിലെ 103-ാം വകുപ്പുപ്രകാരം രജിസ്റ്റര്‍ ചെയ്യാതെ ഇന്‍ഷുറന്‍സ് നടത്തിപ്പ് – ശിക്ഷ: പത്തുവര്‍ഷംവരെ തടവും 25 കോടി രൂപവരെ പിഴയും.
Follo us: pathram online latest news
Leave a Comment