കോവിഡ്: എറണാകുളം മാതൃക മറ്റു ജില്ലകളിലേക്കും

കോവിഡ് രോഗപ്രതിരോധത്തിനായി എറണാകുളത്തു പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ‘കൊറോണ സേഫ് നെറ്റ്‌വര്‍ക്’ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ ആലോചന. രോഗികളുടെ തിരക്കു നിയന്ത്രിച്ചു കോവിഡ് ആശുപത്രികളുടെ സമ്മര്‍ദം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതിക്കു രൂപം നല്‍കിയത്.

ചെറിയ ലക്ഷണങ്ങളുള്ള രോഗികള്‍ക്കായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, കുറച്ചു കൂടി ഗൗരവമുള്ളവര്‍ക്ക് സെക്കന്‍ഡറി ട്രീറ്റ്‌മെന്റ് സെന്റര്‍, സ്ഥിതി ഗുരുതരമായവര്‍ക്കു ടേര്‍ഷ്യറി ട്രീറ്റ്‌മെന്റ് സെന്റര്‍ എന്നിങ്ങനെ ത്രിതല ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കും. അങ്കമാലി കറുകുറ്റിയിലുള്ള അഡ്‌ലക്‌സ് എക്‌സിബിഷന്‍ സെന്റര്‍ ഇതിനകം 200 പേരെ കിടത്തി ചികിത്സിക്കാനുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റി. ചെറിയ ലക്ഷണങ്ങളുളള കോവിഡ് രോഗികളെ ഇവിടെ ചികിത്സിക്കും. ഇതുവഴി ജില്ലയിലെ പ്രധാന കോവിഡ് ആശുപത്രിയായ കളമശേരി മെഡിക്കല്‍ കോളജിലെ രോഗികളുടെ എണ്ണം കുറയ്ക്കാം.

സര്‍ക്കാര്‍ കോവിഡ് ആശുപത്രിക്കൊപ്പം പ്രധാന സ്വകാര്യ ആശുപത്രികളെയും ടേര്‍ഷ്യറി ട്രീറ്റ്‌മെന്റ് സെന്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗുരുതര രോഗികള്‍ക്ക് ആവശ്യമായ ഐസിയു, വെന്റിലേറ്റര്‍ സേവനങ്ങള്‍ ഇതുവഴി ഉറപ്പാക്കാം. ത്രിതല ചികിത്സാ കേന്ദ്രങ്ങളുടെ ഏകോപനം ജില്ലയിലെ കണ്‍ട്രോള്‍ സെന്റര്‍ വഴി നടപ്പാക്കും.

ആശുപത്രികള്‍, ആംബുലന്‍സുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ടെലിമെഡിസിന്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, സാംപിള്‍ പരിശോധന ലാബുകള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം ഈ കണ്‍ട്രോള്‍ വഴി ബന്ധിപ്പിക്കും. കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കാനുള്ള ഓണ്‍ലൈന്‍ മൊഡ്യൂളും തയാറാക്കിയിട്ടുണ്ട്.

follow us: pathram online latest news

pathram:
Leave a Comment