കാണിക്കയായി സമര്‍പ്പിച്ച 1200 കിലോ സ്വര്‍ണാഭരണങ്ങള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ആലോചന

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി ശുദ്ധീകരിച്ചു റിസര്‍വ് ബാങ്കില്‍ ബോണ്ടായി വയ്ക്കാന്‍ ആലോചന. തത്വത്തില്‍ തീരുമാനമായെന്നും എല്ലാ ക്ഷേത്രങ്ങളിലെയും സ്വര്‍ണാഭരണങ്ങളുടെ കണക്കെടുപ്പു നടക്കുകയാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു പറഞ്ഞു.

ക്ഷേത്രങ്ങളില്‍ ആചാരങ്ങള്‍ക്കും പൂജയ്ക്കും നിത്യാരാധനയ്ക്കും ഉപയോഗിക്കുന്നവ, പൗരാണിക മൂല്യമുള്ളവ എന്നിവ ഒഴികെ സ്വര്‍ണാഭരണങ്ങളും കാണിക്കയായി ലഭിച്ച താലി, സ്വര്‍ണ നാണയം തുടങ്ങിയവയുമാണ് ഉരുക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ ആഭരണങ്ങള്‍ ഇപ്പോള്‍ ക്ഷേത്ര സ്‌ട്രോങ് മുറികളില്‍ മുദ്രപ്പൊതികളാക്കി സൂക്ഷിച്ചിരിക്കുകയാണ്. എല്ലാം കൂടി 1200 കിലോഗ്രാമിലധികം സ്വര്‍ണം ഉണ്ടാകുമെന്നാണു പ്രാഥമിക കണക്ക്.

റിസര്‍വ് ബാങ്ക് ഈ സ്വര്‍ണത്തിനു 2% പലിശയും ദേവസ്വം ബോര്‍ഡിനു നല്‍കും. ദേവസ്വം ബോര്‍ഡിന്റെ പേരിലാകും സൂക്ഷിക്കുക. ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷമാകും ഔദ്യോഗിക തീരുമാനം. കണക്കെടുപ്പ് ഈ മാസം പൂര്‍ത്തിയാക്കും.

ഗുരുവായൂര്‍, തിരുപ്പതി ക്ഷേത്രം എന്നിവിടങ്ങളിലെയും സ്വര്‍ണം ഇത്തരത്തില്‍ ഉരുക്കി ബോണ്ടായി സൂക്ഷിക്കുകയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിനു 10.5 കോടി രൂപ പലിശയിനത്തില്‍ പ്രതിവര്‍ഷം ലഭിക്കുന്നുണ്ട്. അതേസമയം ബോര്‍ഡിന്റെ ഈ നീക്കത്തില്‍ പ്രതിഷേധവും ഉയരുന്നുണ്ട്.

Follow us: pathram online

pathram:
Leave a Comment