ഹാള്‍ ടിക്കറ്റില്‍ എഴുതി എന്നാരോപിച്ചാണ് അഞ്ജുവിനെ ശകാരിച്ചതെന്ന് ഒപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

പാല: ഹാള്‍ ടിക്കറ്റില്‍ എഴുതി എന്നാരോപിച്ചാണ് അഞ്ജുവിനെ ശകാരിച്ചതെന്ന് ഒപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥി അനന്ദു. ക്ലാസില്‍ ഇന്‍വിജിലേറ്റര്‍ ആയിരുന്ന അധ്യാപിക അറിയിച്ചതനുസരിച്ച് വൈദികന്‍ കൂടിയായ പ്രിന്‍സിപ്പള്‍ തുടര്‍ന്നുള്ള പരീക്ഷകള്‍ എഴുതാന്‍ സമ്മതിക്കില്ലെന്ന് അഞ്ജുവിനോട് പറഞ്ഞു എന്നും അനന്ദു പറഞ്ഞു.

ഒരു അധ്യാപകന്‍ കുറേ നേരം അഞ്ജുവിനെ ശകാരിച്ചു. എന്നിട്ട് അടുത്തു നിന്ന അധ്യാപികയോട് ‘കോപ്പിയാണെന്ന് തോന്നുന്നു’ എന്ന് പറഞ്ഞു. അതു കഴിഞ്ഞ് പ്രിന്‍സിപ്പാള്‍ കയറിവന്നു. പിന്നീട് അര മണിക്കൂറോളം അവര്‍ ചേര്‍ന്ന് അഞ്ജുവിനെ ശകാരിച്ചു. തുടര്‍ന്ന് ബുക്ക്‌ലറ്റും മറ്റും പ്രിന്‍സിപ്പാള്‍ വാങ്ങിക്കൊണ്ടു പോയി. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുട്ടി ഹാളില്‍ നിന്ന് ഇറങ്ങിപ്പോയെന്നും അനന്ദു പറയുന്നു.

അഞ്ജു നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നു എന്ന് മറ്റൊരു വിദ്യാര്‍ത്ഥിയും പ്രതികരിച്ചു. മുന്‍പും ഒപ്പം പരീക്ഷ എഴുതിയിട്ടുണ്ട്. കോപ്പി അടിച്ചതാണെന്ന് തോന്നുന്നില്ല. വൈദികന്‍ ഒരുപാട് ശകാരിച്ച് പേപ്പര്‍ വാങ്ങിക്കൊണ്ട് പോയതിലുള്ള മനോവിഷമം ആവാമെന്നും വിദ്യാര്‍ത്ഥി പറയുന്നു.

ഒന്നാം വര്‍ഷത്തിലെ രണ്ട് സെമസ്റ്ററും നല്ല മാര്‍ക്കോടെ പാസായ കുട്ടിയാണ് അഞ്ജു എന്ന് പാല സെന്റ് ആന്റണീസ് കോളജ് അധികൃതര്‍ പറയുന്നു. ആരോപണം ഉണ്ടായാല്‍ തീര്‍ച്ചയായും മനോവിഷമം ഉണ്ടാവും എന്നും അവര്‍ പറഞ്ഞു.

കുട്ടിയുടെ മരണത്തില്‍ എംജി സര്‍വകലാശാല ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് കോളജിനോട് വിശദീകരണം തേടുമെന്ന് അറിയിച്ചു. കോളജിനെതിരെ കടുത്ത എതിര്‍പ്പാണ് ഉയരുന്നത്. കോപ്പിയടിച്ചത് ശ്രദ്ധയില്‍ പെട്ടാല്‍ സ്വീകരിക്കേണ്ട നടപടിയൊന്നും കോളജ് സ്വീകരിച്ചിരുന്നില്ല. കോളജിനു മുന്നില്‍ ബിജെപി പ്രതിഷേധം നടത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Follow us: pathram online

pathram:
Related Post
Leave a Comment