കൊലപാതകരീതി അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ വിങ്ങിപ്പൊട്ടി; ഒടുവില്‍ പൊലീസിനോടു ഞാന്‍ തന്നെയാണു പറഞ്ഞത്… എന്റെ മകനെ സംശയമുണ്ടെന്ന് അച്ഛന്റെ വെളിപ്പെടുത്തല്‍

കോട്ടയം: ‘പാറപ്പാടത്തെ കൊലപാതകരീതി അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. എന്തെങ്കിലും സൂചനയില്ലാതെ പുറത്തു പറയാന്‍ കഴിയുമോ? ഒടുവില്‍ പൊലീസിനോടു ഞാന്‍ തന്നെയാണു പറഞ്ഞത്. എന്റെ മകനെ സംശയമുണ്ടെന്ന്. നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങള്‍ പൊലീസ് കാട്ടിത്തന്നു. അതോടെ എനിക്ക് ഉറപ്പായി. അവന്റെ ലക്ഷണങ്ങള്‍ എനിക്ക് അറിയാമല്ലോ. എങ്കിലും അവനെ പിടികൂടും വരെ, മനസ്സില്‍ ചെറിയ പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു. അത് അവന്‍ ആയിരിക്കരുതേയെന്ന്.’ – ഇല്ലിക്കല്‍ പാറപ്പാടം മുഹമ്മദ് ബിലാലിന്റെ (23) പിതാവ് പാറപ്പാടം മാലിപ്പറമ്പില്‍ എം.എച്ച്.നിസാമുദ്ദീന്‍ ഇടറിയ മനസ്സോടെ പറഞ്ഞതിങ്ങനെ. കോട്ടയം ടൗണില്‍ പുളിമൂട് ജംക്ഷനിലെ ഹോട്ടല്‍ ഉടമയാണു നിസാമുദ്ദീന്‍.

തിങ്കളാഴ്ച വൈകിട്ടോടെ പാറപ്പാടത്തെ കൊലപാതക വിവരം പുറത്തുവന്നു. പരിചയക്കാരുടെയും കടയില്‍ വന്നവരുടെയുമെല്ലാം സംസാരം അതായി. കുറച്ചു കഴിഞ്ഞപ്പോള്‍ കൊലപാതകത്തിന്റെ ക്രൂരമായ രീതി ടിവിയില്‍ പറയാന്‍ തുടങ്ങി. അന്നേരമാണു സംശയം തോന്നിത്തുടങ്ങിയത്. മനസ്സു വിങ്ങാന്‍ തുടങ്ങി. സത്യം അറിയാതെ ആരോടും പറയാന്‍ പറ്റില്ലല്ലോ. ഈ സമയമെല്ലാം അവനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നെ പൊലീസുകാര്‍ വീട്ടില്‍ വന്നു. കൊല്ലപ്പെട്ട ഷീബയുടെ വീടിന്റെ പിന്നിലുള്ള വീട്ടില്‍ ഞങ്ങള്‍ കുറച്ചുനാള്‍ വാടകയ്ക്കു താമസിച്ചിരുന്നു. ആ പരിചയത്തിന്റെ പേരില്‍ അന്വേഷിക്കാന്‍ വന്നതാണ്. കാര്യങ്ങള്‍ വിശദമായി പറയുന്ന കൂട്ടത്തിലാണു ഞാന്‍ മകനെ സംശയം ഉണ്ടെന്ന് അന്നേരം തന്നെ തുറന്നുപറഞ്ഞു. അപ്പോള്‍ പക്ഷേ, പൊലീസുകാര്‍ ആശ്വസിപ്പിച്ചു. ‘സംശയമല്ലേയുള്ളൂ, അന്വേഷിക്കാം’ എന്നു പറഞ്ഞു.

‘ചില നേരം അവന്റെ സ്വഭാവം പിശകാ. അതു നേരത്തേ അറിയാന്‍ കഴിയും. ഭക്ഷണം നേരാംവണ്ണം കഴിക്കില്ല. പാതിരാത്രി വരെ മൊബൈലില്‍ പബ്ജി കളിച്ചുകൊണ്ടിരിക്കും. രാത്രി ഒരു മണിക്കു വെള്ളം മാത്രം കുടിക്കും. ഇങ്ങനെയായാല്‍ മൂന്നുനാലു ദിവസത്തിനുള്ളില്‍ അവന്‍ വീടു വിട്ടുപോകുക പതിവാണ്. അതുകൊണ്ട് വളരെ ശ്രദ്ധിച്ചാണു ഞങ്ങള്‍ വീട്ടില്‍ കഴിഞ്ഞിരുന്നത്. വീടിന്റെ മുന്നിലെയും പിന്നിലെയും വാതിലുകള്‍ പൂട്ടി താക്കോല്‍ അലമാരയിലാണു സൂക്ഷിച്ചു വന്നത്.’– നിസാമുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

കൊലപാതകത്തിന്റെ രീതി കേട്ടപ്പോഴാണു സംശയം തോന്നിയത്. നേരത്തേ ഇവന്‍ ഇതേ രീതിയില്‍ വീട്ടില്‍ ക്രൂരത കാട്ടിയിട്ടുണ്ട്. സഹോദരിയെ മര്‍ദിച്ചു കൈകാലുകള്‍ കെട്ടിയിട്ടു. അതും നൂല്‍ക്കമ്പി ഉപയോഗിച്ച്. ഗ്യാസ് സ്റ്റൗ നന്നാക്കാന്‍ നല്ലതു പോലെ അറിയാം. വയറിങ് പഠിച്ചിട്ടില്ല. പക്ഷേ, വൈദ്യുതി കൈകാര്യം ചെയ്യും. ഹോട്ടലിലെ ത്രീഫെയ്‌സ് ലൈന്‍ കേടാകുമ്പോള്‍ അവനാണു നന്നാക്കുന്നത്. ഇങ്ങനെയൊക്കെ മുന്‍ അനുഭവം ഉള്ളതിനാല്‍ എനിക്കു സംശയം ബലപ്പെട്ടു. അവന്‍ കുറ്റം ചെയ്‌തെന്ന് എന്റെ മനസ്സു പറയുന്നു. അവനാണതു ചെയ്തതെങ്കില്‍ തൂക്കിക്കൊന്നാലും ഞാന്‍ പിറകേ പോകില്ല. അവനു വേണ്ടി ഇതിനു മുന്‍പു പല കേസിലും പിറകേ പോയി ഒത്തിരി കാശ് പോയി. അവനു ചില നേരം ക്രൂരസ്വഭാവമാണ്. നന്നാക്കാന്‍ ശ്രമിച്ചു. കഴിഞ്ഞില്ല. – നിസാമുദ്ദീന്‍ വിവരിച്ചു.

എന്റെ വാക്കു കേട്ട് എറണാകുളത്തു പോയ പൊലീസുകാരോടു ഞാന്‍ ഫോണില്‍ ചോദിച്ചു: ‘സമാശ്വസിക്കാന്‍ വകയുണ്ടോ സാറേ’? കൂട്ടത്തിലുണ്ടായിരുന്ന കടുത്തുരുത്തി എസ്‌ഐയാണു ഫോണ്‍ എടുത്തത്. ‘സമാശ്വസിക്കാന്‍ വഴിയില്ല’ എന്ന മറുപടി കിട്ടി. പിന്നെ ഞാന്‍ ആ കേസ് വിട്ടു. അവനെ അവര്‍ ജയിലിലോ സ്‌റ്റേഷനിലോ കൊണ്ടുപോകട്ടെ. ഒരു രൂപ പോലും ഇനി അവനായി ചെലവാക്കില്ല.

follow us – pathram online

pathram:
Leave a Comment