ഒരു വിമാനത്തിനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്തുനിന്നു മലയാളികളുമായി എത്തേണ്ട ഒരു വിമാനത്തിനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്തുനിന്നും വിമാനം വരുന്നതിനു നിബന്ധന വയ്ക്കുകയോ വിമാനം വേണ്ടെന്നു പറയുകയോ ചെയ്തിട്ടില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ വിമാനത്തിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി വരുന്ന വിമാനങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ആരോപിച്ചതിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വന്ദേ ഭാരതിന്റെ രണ്ടാംഘട്ടത്തില്‍ ഒരു ദിവസം 12 വിമാനം ഉണ്ടാകുമെന്ന് കേന്ദ്രം പറഞ്ഞപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ജൂണില്‍ 360 വിമാനമാണ് വരേണ്ടത്. എന്നാല്‍, ജൂണ്‍ 3 മുതല്‍ 10 വരെ 36 വിമാനമാണ് കേന്ദ്രം ഷെഡ്യൂള്‍ ചെയ്തത്. 324 വിമാനം ഇനിയും ജൂണ്‍ മാസത്തില്‍ ഷെഡ്യൂള്‍ ചെയ്യാനുണ്ട്. കേന്ദ്രത്തിന് ഉദ്ദേശിച്ച രീതിയില്‍ വിമാനം ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് മനസിലാകുന്നത്. രാജ്യമെമ്പാടുമുള്ള ദൗത്യമായതിനാല്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ല. ഇപ്പോള്‍ അനുമതി നല്‍കിയതില്‍ ബാക്കിയുള്ള 324 എണ്ണം ഷെഡ്യൂള്‍ ചെയ്താല്‍ ഇനിയും വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാനം തയാറാണ്.

Follow us _ pathram online

pathram:
Related Post
Leave a Comment