പാമ്പു പിടിക്കാനും ഇനി ലൈസന്‍സ് വേണം

കൊച്ചി : പാമ്പുപിടിത്തക്കാര്‍ക്കു വനംവകുപ്പ് പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്താന്‍ പോകുന്നതായി റിപ്പോര്‍ട്ട്. പാമ്പുകളെ കൈകാര്യം ചെയ്യുന്നതും സൂക്ഷിക്കുന്നതും നിയന്ത്രിക്കുന്നതാണു പ്രോട്ടോക്കോള്‍. പിടിക്കാനുള്ള സാഹചര്യം, പിടിച്ചാല്‍ കൈവശം സൂക്ഷിക്കാനുള്ള കായളവ്, ഫോറസ്റ്റ് ഓഫീസറെ അറിയിക്കാനുള്ള സമയപരിധി, രജിസ്റ്റര്‍ സൂക്ഷിക്കല്‍, സാക്ഷ്യപ്പെടുത്തല്‍ തുടങ്ങിയവ മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തുമെന്നു അധികൃതര്‍ പറഞ്ഞു. മാര്‍ഗരേഖ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വനംമന്ത്രിയുമായി ചര്‍ച്ചനടത്തി. കൊല്ലത്തു ഉത്ര എന്ന യുവതിയെ ഭര്‍ത്താവ് പാമ്പിനെവിട്ടു കടിപ്പിച്ചുകൊന്ന സംഭവത്തെത്തുടര്‍ന്നാണു പാമ്പുപിടിക്കാന്‍ നിയന്ത്രണം വരുന്നത്.

പാമ്പുപിടിത്തക്കാര്‍ക്കു വകുപ്പുതലത്തില്‍ രജിസ്‌ട്രേഷനും ഉദ്ദേശിക്കുന്നുണ്ട്. 1972 ലെ കേന്ദ്രവന്യജിവി (സംരക്ഷണ) നിയമം ഷെഡ്യൂള്‍ (2) പാര്‍ട്ട് രണ്ടില്‍ പറയുന്ന ജീവികളെ പിടിക്കാനോ സൂക്ഷിക്കാനോ പ്രദര്‍ശിപ്പിക്കാനോ ആര്‍ക്കും അധികാരമില്ല. അതിനാല്‍, പാമ്പുപിടുത്തക്കാര്‍ക്കു ലൈസന്‍സോ രജിസ്‌ട്രേഷനോ അനുവദിക്കാന്‍ നിയമപരമായി തടസമുണ്ട്.

അതിനാല്‍, നിയമത്തിനുള്ളില്‍ നിന്നുള്ള നിയന്ത്രണങ്ങളാണു കൊണ്ടുവരുന്നത്. വാവാ സുരേഷിനുപോലും നിയമപ്രകാരം ഇത്തരം കാര്യങ്ങള്‍ക്കു അനുവാദമില്ലെങ്കിലും പൊതുജന രക്ഷാര്‍ഥം നടത്തുന്ന സേവനങ്ങള്‍ പരിഗണിച്ചാണ് ഇളവു നല്‍കുന്നത്. നീര്‍ക്കോലി, ചേര മുതലായ പാമ്പുകളെ പിടിക്കുന്നതുപോലും കുറ്റകരമാണ്. സ്വയം സംരക്ഷിച്ചു നില്‍ക്കാന്‍ സാധിക്കാത്ത ജീവികളെയാണു സംരക്ഷിതവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വന്യജീവി നിയമം ലംഘിക്കുന്നവര്‍ക്കു രണ്ടുവര്‍ഷം വരെ തടവോ രണ്ടായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ആണു ശിക്ഷ. 1991 ലുണ്ടായ ഭേദഗതിപ്രകാരം പിഴ 3000 രൂപവരെയായും തടവുകാലം മൂന്നു വര്‍ഷം വരെയായും ഉയര്‍ത്തിയിട്ടുണ്ട്.

Follow us -pathram online

pathram:
Leave a Comment