വാഷിങ്ടന്‍: കാല്‍ നൂറ്റാണ്ടിനു ശേഷം വീണ്ടുമൊരു ആണവായുധ പരീക്ഷണത്തിനൊരുങ്ങി യുഎസ്. 1992ലാണ് അവസാനമായി യുഎസ് ആണവ പരീക്ഷണം നടത്തിയത്. 1991–92 സമയത്ത് ജുലിന്‍ സീരീസ് എന്ന പേരില്‍ ഏഴു തുടര്‍ പരീക്ഷണങ്ങളാണു ഗവേഷകര്‍ നടത്തിയത്. ഇതിനു പിന്നാലെ ഐക്യരാഷ്ട്ര സംഘടന ഇടപെട്ട് രാജ്യാന്തര തലത്തില്‍ എല്ലാ ആണവ പരീക്ഷണങ്ങളും നിരോധിക്കാനുള്ള കരാര്‍ 1996ല്‍ നടപ്പില്‍ വരുത്തുകയായിരുന്നു. വീണ്ടുമൊരു പരീക്ഷണത്തിനുള്ള സാധ്യതകള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തേടിയതായി വാഷിങ്ടന്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. പേരു വെളിപ്പെടുത്താത്ത മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥനെയും ആണവ പരീക്ഷണവുമായി ബന്ധമുള്ള രണ്ട് മുന്‍ ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്.
റഷ്യയും ചൈനയും ചെറിയ തോതിലുള്ള ആണവ പരീക്ഷണങ്ങള്‍ നടത്തുന്നതായി മേയ് 15നു ചേര്‍ന്ന രാജ്യസുരക്ഷാ ഏജന്‍സികളുടെ യോഗത്തില്‍ ചര്‍ച്ചയായിരുന്നു. രാജ്യത്തെ വിവിധ സുരക്ഷാ ഏജന്‍സികളുടെ തലവന്മാരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ ആണവ പരീക്ഷണം നടത്തുന്നതില്‍ തീരുമാനമാകാതെയാണു യോഗം പിരിഞ്ഞത്. റഷ്യയുടെയും ചൈനയുടെയും പ്രകോപനങ്ങള്‍ക്ക് ആണവ പരീക്ഷണത്തിലൂടെയല്ലാതെ മറുപടി നല്‍കാനാണു നിലവിലെ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തുടര്‍ ചര്‍ച്ചകളുടെ സാധ്യത തള്ളിക്കളഞ്ഞിട്ടുമില്ല.
അതേസമയം ആണവ പരീക്ഷണം നടത്തിയെന്ന ആരോപണം ചൈനയും റഷ്യയും തള്ളിയിട്ടുണ്ട്. യുഎസാകട്ടെ ഇതു സംബന്ധിച്ച തെളിവും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ 28 വര്‍ഷത്തിനു ശേഷം ആണവ പരീക്ഷണത്തെപ്പറ്റി യുഎസ് ചിന്തിച്ചതു ഗൗരവതരമായ തുടര്‍ ചര്‍ച്ചകള്‍ക്കു വിധേയമാക്കേണ്ട വിഷയമാണെന്നാണു നിരീക്ഷകര്‍ പറയുന്നത്. പ്രത്യേകിച്ച് ചൈന–റഷ്യ–യുഎസ് ബന്ധത്തില്‍ വിള്ളലുണ്ടായിരിക്കുന്ന സാഹചര്യത്തില്‍. എന്നാല്‍ യുഎസിന്റെ പ്രതിരോധ നയങ്ങളില്‍നിന്നുള്ള വ്യതിചലനമായിരിക്കും അത്തരമൊരു പരീക്ഷണം. മാത്രവുമല്ല, ആണവശക്തികളായ രാജ്യങ്ങള്‍ക്ക് വീണ്ടും പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരം കൂടിയായിരിക്കും യുഎസ് തുറന്നുകൊടുക്കുക. അണ്വായുധത്തിനായുള്ള വിവിധ രാജ്യങ്ങളുടെ പോരാട്ടത്തിനു തിരി കൊളുത്തുകയാണ് യുഎസ് ഇതിലൂടെ ചെയ്യുന്നതെന്നും നിരീക്ഷകര്‍ പറയുന്നു.
ആണവ പരീക്ഷണത്തില്‍നിന്നു തല്‍ക്കാലത്തേക്ക് പിന്മാറിയ ഉത്തര കൊറിയക്കു മേല്‍ യുഎസ് നല്‍കുന്ന ‘പ്രഹരം’ കൂടിയായിരിക്കും പുതിയ തീരുമാനം. യുഎസിനെ വിശ്വസിച്ചാണു നിലവിലെ ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നതെന്നും പല പരീക്ഷണ കേന്ദ്രങ്ങളും തകര്‍ത്തതെന്നും ഉത്തര കൊറിയ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ റഷ്യയും ചൈനയുമായി പുതിയ ആണവ കരാര്‍ ഒപ്പിടുന്നതിനുള്ള യുഎസ് നീക്കത്തിന്റെ ഭാഗമായുള്ള തന്ത്രമാണ് ഇതെന്നാണു മറുവിഭാഗം പറയുന്നത്. ഏതുസമയം വേണമെങ്കിലും ആണവ പരീക്ഷണം നടത്താന്‍ തക്കവിധം ശക്തരാണെന്നാണ് യുഎസ് ഇതിലൂടെ പറഞ്ഞുവയ്ക്കുന്നത്.
ട്രംപിന്റെ ആണവ പരീക്ഷണം പുതിയൊരു ശീതയുദ്ധത്തിലേക്കായിരിക്കും നയിക്കുകയെന്ന് ആണവായുധങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന കൂട്ടായ്മയായ ഐസിഎഎന്‍ അംഗം ബിയാട്രിസ് ഫിന്‍ പറയുന്നു. രാജ്യാന്തരതലത്തില്‍ ആയുധ കൈമാറ്റങ്ങള്‍ക്കു നിലവിലുള്ള നിയന്ത്രണം പൂര്‍ണമായും ഇല്ലാതാക്കുന്ന നടപടി കൂടിയായിരിക്കും ഇതെന്നും ബിയാട്രിസ് കൂട്ടിച്ചേര്‍ത്തു. 2017ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ കൂട്ടായ്മയാണ് ഐസിഎഎന്‍.
റഷ്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി രൂപംകൊടുത്ത ‘ഓപണ്‍ സ്‌കൈസ്’ കരാറില്‍നിന്നു പിന്മാറുന്നതായി ട്രംപ് വ്യക്തമാക്കിയതിന്റെ പിറ്റേന്നായിരുന്നു വാഷിങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട്. കരാറില്‍ ഒപ്പിട്ട ഓരോ രാജ്യത്തിനും നോട്ടിസ് നല്‍കിയ ശേഷം ചുരുങ്ങിയ സമയത്തേക്കു മറ്റൊരു രാജ്യത്തിന്റെ ആകാശത്തു നിരീക്ഷണം നടത്താനാകും. ഓരോ വര്‍ഷവും നിശ്ചിത സമയം ഇതു നടത്താം. ഇത്തരത്തിലുള്ള മൂന്നാമത്തെ ആയുധ കരാറാണ് ട്രംപ് അധികാരത്തിലെത്തിയ ശേഷം റദ്ദാക്കുന്നത്. എന്നാല്‍ 18 വര്‍ഷമായി തുടരുന്ന കരാറുമായി മുന്നോട്ടു പോകാനാണു റഷ്യയുടെ തീരുമാനം.
Leave a Comment