ഐസലേഷനില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗിയുടെ മൃതദേഹം ബസ് സ്‌റ്റോപ്പില്‍: അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

അഹമ്മദാബാദ് : ഗുജറാത്തില്‍ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗിയുടെ മൃതദേഹം ബസ് സ്‌റ്റോപ്പില്‍ കണ്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ് രൂപാണി. മേയ് 10നാണ് ഗുണവന്ത് മക്വാനയെ ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസങ്ങള്‍ക്കുശേഷം ബസ് സ്‌റ്റോപ്പില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ച് മൂന്നു ദിവസങ്ങള്‍ക്കുശേഷമാണ് കോവിഡ് പോസിറ്റീവാണെന്ന വിവരം മകന്‍ കിര്‍ത്തി അറിയുന്നത്.

മേയ് 15ന് പിതാവിന്റെ മൃതദേഹം എസ്‌വിപി ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം മുറിയില്‍നിന്ന് ഏറ്റുവാങ്ങണമെന്ന് ആവശ്യപ്പെട്ട് ഡനിലിംഡ പൊലീസ് സ്‌റ്റേഷനില്‍നിന്ന് ഫോണ്‍കോള്‍ വരികയായിരുന്നു. അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍നിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് എസ്‌വിപി ആശുപത്രി. അതേസമയം, മക്‌വാനയ്ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും വീട്ടില്‍ ഐസലേഷനില്‍ കഴിഞ്ഞാല്‍ മതിയെന്ന നിര്‍ദേശത്തില്‍ പോയെന്നുമാണ് പൊലീസ് പറയുന്നത്. മറ്റ് അഞ്ച് രോഗികള്‍ക്കൊപ്പം ബസിലാണ് മക്‌വാനയെയും വീട്ടിലേക്കു വിട്ടത്. എന്നാല്‍ താന്‍ നടന്നു വീട്ടിലേക്കു പൊയ്‌ക്കൊള്ളാമെന്ന് മക്‌വാന ബസ് െ്രെഡവറെ അറിയിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

‘പുതിയ പ്രോട്ടോക്കോള്‍ അനുസരിച്ച് ചെറിയ രോഗലക്ഷണങ്ങളെ മക്‌വാനയ്ക്ക് ഉണ്ടായിരുന്നുള്ളൂ. മേയ് 14ന് ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രി ഒരുക്കിയ ബസിലാണ് രോഗിയെ വീട്ടിലേക്കു വിട്ടത്. വീടിനടുത്തെത്തിയപ്പോള്‍ റോഡില്‍ തടസ്സം നേരിട്ടു. ഇതേത്തുടര്‍ന്ന് അടുത്തുള്ള ബസ് സ്‌റ്റോപ്പില്‍ ഇയാളെ ഇറക്കുകയായിരുന്നു.’ – അഹമ്മദാബാദ് സിവില്‍ ആശുപത്രി ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി എം.എം.പ്രഭാകര്‍ അറിയിച്ചു. ഡിസ്ചാര്‍ജിനെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

pathram:
Leave a Comment