പരിശോധനാഫലം തുടര്‍ച്ചയായി പോസിറ്റീവ്; 42 ദിവസമായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 81 കാരന്‍ കോവിഡ് രോഗമുക്തി നേടി

കണ്ണൂര്‍: കോവിഡ് പരിശോധനാഫലം തുടര്‍ച്ചയായി പോസിറ്റീവായതിനെത്തുടര്‍ന്ന് 42 ദിവസമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശൂപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 81 കാരന്‍ കോവിഡ് രോഗമുക്തി നേടി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു. ചികിത്സാ കാലയളവില്‍ 16 തവണയാണ് അദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയത്. ഒരേ പി.സി.ആര്‍ ലാബില്‍ നിന്നും തുടര്‍ച്ചയായി രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിന് ശേഷമാണ് അദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി വീട്ടില്‍ നിന്നുതന്നെ ദിവസവും 15 മണിക്കൂറോളം പ്രത്യേകമായി ഓക്‌സിജന്‍ സ്വീകരിക്കേണ്ടിവന്നിരുന്ന ഘട്ടത്തിലായിരുന്നു അദ്ദേഹത്തിന് കോവിഡ് വൈറസ് ബാധയുമുണ്ടായത്. ഹൃദയസംബന്ധമായ ചികിത്സയ്‌ക്കൊപ്പം പ്രായാധിക്യം കൊണ്ടുള്ള മറ്റ് പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഒരേ സമയം കോവിഡ് ഉള്‍പ്പടെ ഒന്നിലേറെ ഗുരുതര അസുഖങ്ങള്‍ക്ക് ചികിത്സ തേടിയ അദ്ദേഹം, ദിവസങ്ങളോളം ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക കോവിഡ് ഐ.സി.യുവില്‍ ആയിരുന്നു.

pathram:
Related Post
Leave a Comment