ജയിലില്‍ ഉറക്കം നഷ്ടപ്പെട്ട യുവാവ് ‘ചട്ടം ലംഘിച്ച്’ മറ്റൊരു ജയില്‍ കഴിയുന്ന ഭാര്യയെ വിളിച്ചു…പൊട്ടിക്കരഞ്ഞു. കണ്ണൂര്‍ ജയിലില്‍ നിന്നാണ് ‘ചട്ടം ലംഘിച്ച്’ ഭര്‍ത്താവ് ഭാര്യയെ വിളിച്ചത്. കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മനുപ്രസാദാണ് ജയില്‍ സൂപ്രണ്ടുമാരുടെ സാന്നിധ്യത്തില്‍ മാനന്തവാടി സബ് ജയിലില്‍ കഴിയുന്ന ഭാര്യ ബിന്ദുവിനെ വിളിച്ചത്. തടവുകാരന്‍ ദിവസങ്ങളായി ഉറങ്ങാത്തതിന്റെ കാരണം മനസ്സിലാക്കിയ സൂപ്രണ്ട് ടി.കെ.ജനാര്‍ദനനാണ് ഇരുവരുടേയും ഫോണ്‍ സംഭാഷണത്തിന് സൗകര്യമൊരുക്കിയത്. മാനന്തവാടി ജില്ലാ ജയില്‍ സൂപ്രണ്ട് ബൈജുവിന്റെ സഹകരണത്തോടെയായിരുന്നു ഇത്.
നാലു ദിവസമായി ഉറക്കം നഷ്ടപ്പെട്ട് പ്രത്യേക അവസ്ഥയിലായിരുന്ന മനുപ്രസാദ് ബിന്ദുവിനെ ഫോണില്‍ കിട്ടിയതോടെ പൊട്ടിക്കരയുകയായിരുന്നു. മനുപ്രസാദിന്റെ കരച്ചില്‍ കേട്ടതോടെ ബിന്ദുവും കരയുകയായിരുന്നു.
വയനാട് അമ്പലവയല്‍ സ്വദേശികളായ ഇവര്‍ അയല്‍ക്കാരുമായി സംഘര്‍ഷമുണ്ടാക്കിയതിന് ഒരു മാസമായി തടവിലാണ്. അമ്പലവയലില്‍ വെല്‍ഡറായി ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശിയാണ് മനുപ്രസാദ്. ബിന്ദു ആദ്യഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് ഇയാളോടൊപ്പം പോയത്. സംഘര്‍ഷം നടക്കുമ്പോള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബിന്ദുവിന്റെ മകന്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയാനാണ് മനുപ്രസാദ് ഭാര്യയെ ഫോണില്‍ വിളിച്ചത്.
എന്നാല്‍ മകന്‍ എവിടെയാണെന്ന് കൃത്യമായ വിവരം മനുപ്രസാദിന് കിട്ടിയില്ല. ഭാര്യാഭര്‍ത്താക്കന്മാര്‍ പറയുന്ന കഥയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് സ്‌പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് അമ്പലവയല്‍ പോലീസുമായി ബന്ധപ്പെട്ടു. കുട്ടിയെ അമ്പലവയല്‍ സി.ഐ.യും എസ്.ഐ.യും ചേര്‍ന്ന് സംഭവ ദിവസം തന്നെ ബിന്ദുവിന്റെ ആദ്യഭര്‍ത്താവിന്റെ വീട്ടില്‍ ഏല്പിച്ചുവെന്ന് പോലീസില്‍ നിന്ന് വിവരം ലഭിച്ചു.
Leave a Comment