കോടിക്കണക്കിന് ജീവിതങ്ങള്‍ വെല്ലുവിളി നേരിടുന്നു; കൊറോണയെ നേരിടാന്‍ 20 ലക്ഷംകോടിയുടെ പാക്കേജ്

ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ഉല്‍പന്നങ്ങള്‍ നിര്‍മിക്കും. വിതരണ ശൃംഖലകള്‍ ആധുനീകരിക്കും. രാജ്യത്തിന് കഴിവും ശേഷിയുമുണ്ട്. ലോകം ഇപ്പോള്‍ ധനകേന്ദ്രീകൃത സ്ഥിതിയില്‍നിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറി.

ജീവിതത്തിനായി പൊരുതുന്ന ലോകത്ത് ഇന്ത്യയുടെ മരുന്നുകള്‍ നല്‍കുന്നതു പുതിയ പ്രതീക്ഷയാണ്. ഈ നടപടികളിലൂടെ ഇന്ത്യയെ ലോകമാകെ അഭിനന്ദിക്കുകയാണ്. അതില്‍ എല്ലാ ഇന്ത്യക്കാരും അഭിമാനിക്കണം. ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കി. കോടിക്കണക്കിന് ജീവിതങ്ങള്‍ വെല്ലുവിളി നേരിടുന്നു. ഇത്തരമൊരു പ്രതിസന്ധി ലോകം ഇതുവരെ നേരിട്ടിട്ടില്ല. ഉറ്റവര്‍ നഷ്ടമായ എല്ലാ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നു– പ്രധാനമന്ത്രി പറഞ്ഞു

കോവിഡ് ലോക്ഡൗണിന്റെ മൂന്നാം ഘട്ടം അവസാനിക്കാനിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. സ്വയംപര്യാപ്തതയാണ് ഏകവഴി. സ്വയംപര്യാപ്തത ഉറപ്പാക്കിയാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും. കോവിഡ് പ്രതിസന്ധി ഒരേസമയം വെല്ലുവിളിയും അവസരവുമാണ്. രാജ്യം കോവിഡില്‍നിന്ന് രക്ഷപ്പെടുകയും മുന്നേറുകയും ചെയ്യും. വിവിധ രാജ്യങ്ങളില്‍ 42 ലക്ഷത്തില്‍ അധികം പേരെ ഇതിനകം കോവിഡ് ബാധിച്ചു. 2.75 ലക്ഷത്തില്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ത്യയില്‍ നിരവധി കുടുംബങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. അതില്‍ അനുശോചനം അറിയിക്കുന്നു.

കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തില്‍ ഒരു പിപിഇ കിറ്റ് പോലും രാജ്യത്ത് ഉണ്ടാക്കിയിരുന്നില്ല. വളരെ കുറച്ച് എന്‍ 95 മാസ്‌കുകള്‍ മാത്രമാണ് ഇവിടെ ലഭ്യമായിരുന്നത്. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ 2 ലക്ഷം പിപിഇ കിറ്റുകളും 2 ലക്ഷം എന്‍ 95 മാസ്‌കുകളും ദിവസേന ഉണ്ടാക്കുന്നു– മോദി പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണു രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള തീരുമാനം.

pathram:
Related Post
Leave a Comment