കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സ് അനുഭവം പങ്കുവയ്ക്കുന്നു

തൊടുപുഴ ജില്ലാ ആശുപത്രിയിലെ കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സ് (ഗ്രേഡ്1) കെ.പി. ആന്‍സി ആ ദിവസങ്ങളിലെ ഓര്‍മകള്‍ പങ്കുവയ്ക്കുന്നു…

‘ഏപ്രില്‍ 27 നു രാവിലെയാണ് ഐസലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിക്കു കയറുന്നത്. ദിവസവും രാവിലെ 6 മുതല്‍ 10 വരെ 4 മണിക്കൂറാണ് ഡ്യൂട്ടി. അങ്ങനെ 14 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് ഇപ്പോള്‍ തൊടുപുഴയിലെ വീട്ടില്‍ ക്വാറന്റീനിലാണ്. ആദ്യദിവസം ഡ്യൂട്ടിക്കു കയറുമ്പോള്‍ കോവിഡ് സ്ഥിരീകരിച്ച 3 പേരും, രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്ന 2 പേരുമടക്കം 5 പേരാണ് വാര്‍ഡില്‍ ഉണ്ടായിരുന്നത്. ഗ്രേഡ് ടു അറ്റന്‍ഡര്‍ ശോശാമ്മ ജോണ്‍ എന്ന ചേച്ചിയും ഞാനുമായിരുന്നു ഒരേ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നത്.

രാവിലെ 5 നു എഴുന്നേല്‍ക്കും. പിപിഇ കിറ്റൊക്കെ ധരിച്ച് അഞ്ചേമുക്കാലോടെ റെഡിയാകും. വെള്ളം മാത്രം കുടിച്ചിട്ടാണ് ഡ്യൂട്ടിക്കു പോകുന്നത്. രോഗികള്‍ക്കും അല്ലാതെ നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കുമെല്ലാം ഒരേ രീതിയില്‍ തന്നെയുള്ള ശ്രദ്ധയും പരിചരണവുമാണ് നല്‍കുന്നത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആദ്യം ഭക്ഷണവും വെള്ളവും മരുന്നുമൊക്കെ നല്‍കും. അതിനുശേഷമാണു രോഗം സ്ഥിരീകരിച്ചവര്‍ക്ക് ഇവ നല്‍കുക.

എപ്പോള്‍ വിളിച്ചാലും സഹായത്തിനു ഞങ്ങള്‍ ഉണ്ടാകും. ആരും സംസാരിക്കാന്‍ പോലുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന അവരോടു ഇടയ്ക്കു പോയി കുറേ നേരം സംസാരിക്കും. അതു അവര്‍ക്കു സന്തോഷവും ആത്മവിശ്വാസവും നല്‍കുന്ന കാര്യമാണ്. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകതയും ശരിയായ കൈകഴുകല്‍ രീതികളുമൊക്കെ പറഞ്ഞു കൊടുക്കും. പിപിഇ കിറ്റൊക്കെ ധരിച്ച് 4 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യുമ്പോഴേക്കും ശരീരം വിയര്‍ത്ത് വസ്ത്രമൊക്കെ നനയുന്ന അവസ്ഥയാകും. മാസ്‌ക് മുറികിയിരിക്കുന്നതു മൂലം മുഖത്ത് പാടും ചെവിയ്ക്കു വേദനയുമൊക്കെ ഉണ്ടാകും. ഡ്യൂട്ടി കഴിഞ്ഞാല്‍ ആശുപത്രിയോടനുബന്ധിച്ചു സജ്ജമാക്കിയിരിക്കുന്ന താമസ സ്ഥലത്തേക്കു പോകും. റൂമില്‍ കയറുന്നതിനു മുന്‍പു തന്നെ കുളിച്ച് വേറെ വസ്ത്രം ധരിക്കും.

ധരിച്ചിരുന്ന വസ്ത്രങ്ങള്‍ നന്നായി കഴുകി പുറത്ത് വിരിച്ചിടും. ചെരുപ്പും കഴുകി വൃത്തിയാക്കും. തുടര്‍ന്നു 11 മണിയോടെ രാവിലത്തെ ഭക്ഷണം കഴിക്കും. മൊബൈല്‍ ഫോണ്‍ മുറിയില്‍ വച്ചിട്ടാണ് ഡ്യൂട്ടിക്കു പോകുന്നത്. തിരിച്ചെത്തുന്നതിനു മുന്‍പ് ആരെങ്കിലുമൊക്കെ വിളിച്ചിട്ടുണ്ടാകും. ഇവരെയെല്ലാം തിരിച്ചു വിളിക്കും. പിന്നെ വീട്ടുകാരുമായി ഫോണില്‍ സംസാരിക്കും. താമസിക്കുന്നിടത്ത് എപ്പോഴും ഞങ്ങള്‍ 10 പേരുണ്ടാകും.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം മുടങ്ങാതെ കാണാറുണ്ട്. രാത്രി പത്തരയോടെ ഉറങ്ങാന്‍ കിടക്കും രോഗീ ശുശ്രൂഷയുടെ അടുത്തൊരു പ്രഭാതത്തിനായി.
കടപ്പാട് മനോരമ

pathram:
Leave a Comment