ബെയ്ജിങ് : ലോകമാകെ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഒരു മാസത്തിനു ശേഷം വീണ്ടും രോഗബാധ. വുഹാന്‍ നഗരത്തിലെ ഒരാളുള്‍പ്പെടെ 14 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ചൈനയില്‍ കോവിഡ് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 82,901 ആയി. ചൈനീസ് നാഷനല്‍ ഹെല്‍ത്ത് കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം 11 കേസുകള്‍ ജിലിന്‍ പ്രവിശ്യയിലും ഒരെണ്ണം ഹ്യൂബെയിലുമാണ്. തുടര്‍ച്ചയായ 35 ദിവസത്തിന് ശേഷമാണ് ഹ്യൂബെ പ്രവിശ്യയില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നത്.
വ്യാഴാഴ്ച രാജ്യത്തെ എല്ലാ സ്ഥലങ്ങളും ‘ലോ റിസ്‌കില്‍’ ആണെന്ന് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഏപ്രില്‍ 28ന് ശേഷം ചൈനയില്‍ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. ജിലിന്‍ പ്രവിശ്യയിലെ ഷുലാന്‍ നഗരത്തിലാണ് 11 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഷുലാന്‍ നഗരത്തെ അധികൃതര്‍ ‘ഹൈ റിസ്‌ക്’ പട്ടികയില്‍ ഉള്‍പ്പെടുത്തി. മേയ് ഏഴിന് രോഗം സ്ഥിരീകരിച്ച സ്ത്രീയുമായി സമ്പര്‍ക്കത്തില്‍വന്ന ബന്ധുക്കളാണ് രോഗം ബാധിച്ചവരില്‍ 11 പേര്‍. കൂടാതെ ശനിയാഴ്ച ലക്ഷണങ്ങളില്ലാതെ 20 പുതിയ കേസുകളും സ്ഥിരീകരിച്ചു.
ഞായറാഴ്ചത്തേതുള്‍പ്പെടെ രോഗലക്ഷണങ്ങളില്ലാതെ കോവിഡ് സ്ഥിരീകരിച്ച 794 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 48 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. ഏപ്രില്‍ മൂന്നിന് ശേഷം ആദ്യമായാണ് വുഹാന്‍ നഗരത്തില്‍ രോഗബാധ പ്രത്യക്ഷപ്പെടുന്നത്. ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വുഹാന്‍ ഉള്‍പ്പെടുന്ന ഹ്യുബെ പ്രവിശ്യയില്‍ 68,129 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 50,334 പേര്‍ വുഹാനില്‍നിന്നാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വുഹാനില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.
Leave a Comment