വാതകച്ചോര്‍ച്ചയില്‍ ഒട്ടേറെ ജീവന്‍ രക്ഷിച്ചത് പൊലീസും നാവികസേനയുമല്ല; മൊബൈല്‍ ഗെയിം ‘പബ്ജി’

വിശാഖപട്ടണം: രാസശാലയിലെ വാതകച്ചോര്‍ച്ചയില്‍ ഒട്ടേറെ ജീവന്‍ രക്ഷിച്ചത് പൊലീസും നാവികസേനയുമല്ല. അപകട സൈറണ്‍ പോലും മുഴങ്ങാത്തിടത്ത് മൊബൈല്‍ ഗെയിം ‘പബ്ജി’ നൂറുകണക്കിനു ആലുകളുടെ ജീവന്‍ കാത്തു.

ഗ്രാമവാസിയായ പാതല സുരേഷ് എന്ന യുവാവാണ് പബ്ജി രക്ഷകനായ കഥ പറയുന്നത്. ‘ഞാനുറങ്ങുകയായിരുന്നു. എല്ലാ ദിവസവും പാതിരാത്രി വരെ പബ്ജി കളിക്കുന്ന സുഹൃത്ത് കിരണ്‍ രണ്ടരയോടെ വിളിച്ച് രാസവസ്തുവിന്റെ കടുത്ത മണം വരുന്നതായി പറഞ്ഞു. അവന്റെ വീട്ടിലേക്ക് പ്ലാന്റില്‍നിന്ന് 200 മീറ്റര്‍ മാത്രമേ അകലമുള്ളൂ. ഉടന്‍ ഞാനും കിരണും മറ്റു കൂട്ടുകാരെ ഫോണില്‍ വിളിച്ചു. പ്ലാന്റിലെ സുരക്ഷാജീവനക്കാരനെ വിളിച്ചപ്പോള്‍ ‘വാതകം ചോര്‍ന്നു, ഓടി രക്ഷപ്പെട്ടോളൂ’ എന്നായിരുന്നു മറുപടി.

ഒരു തെരുവുനായ ചോര ഛര്‍ദിക്കുന്നതു കണ്ടു. ഞങ്ങള്‍ വീടുകള്‍ കയറിയിറങ്ങി എല്ലാവരെയും വിളിച്ചുണര്‍ത്തി. 4 കിലോമീറ്ററോളം ഓടി ഉയര്‍ന്ന പ്രദേശത്തു കയറിനിന്നു. അല്‍പനേരം ശുദ്ധ വായു ശ്വസിച്ചതോടെ ആശ്വാസമായി. ആയിരത്തിലേറെ ആളുകളെ സുരക്ഷിതമായി മാറ്റാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു.

ഗ്രാമത്തിലേക്കു തിരികെപ്പോയി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. എന്റെ പരിചയക്കാരില്‍ പലരുമാണു ജീവന്‍ വെടിഞ്ഞും ബോധമറ്റും കിടക്കുന്നതു കണ്ടത്. ഉറക്കത്തിലായതിനാല്‍ ഇവര്‍ ഒന്നും അറിയാത്തതിനാല്‍ രക്ഷപ്പെടാന്‍ സാധിച്ചില്ല. കിരണ്‍ ഉണര്‍ന്നിരിക്കുകയല്ലായിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാകുമായിരുന്നു.

ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആര്‍ക്കും ആശുപത്രിയില്‍ പോകേണ്ടി വന്നില്ല. പക്ഷേ, കിരണിനു ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി. അവന്‍ ഇപ്പോഴും ആശുപത്രിയിലാണ്. എല്ലാവരെയും രക്ഷിക്കാന്‍ കാരണക്കാരനായെങ്കിലും ഞങ്ങളോടൊപ്പം ഓടിയെത്താന്‍ അവനു കഴിഞ്ഞില്ല’– സുരേഷ് പറഞ്ഞു

pathram:
Related Post
Leave a Comment