സംസ്ഥാനത്ത് ഈ മാസം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു നല്‍കുക 3 തരം അരി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു നല്‍കുക 3 തരം അരി. പച്ചരി, മട്ട, പുഴുക്കലരി എന്നിങ്ങനെ വേര്‍തിരിച്ചു നല്‍കാനാണു സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിര്‍ദേശം. പിഎച്ച്എച്ച് മുന്‍ഗണന വിഭാഗം (പിങ്ക്) കാര്‍ഡിലെ ഓരോ അംഗത്തിനും 4 കിലോ അരി കിലോയ്ക്കു 2 രൂപ നിരക്കിലാണു നല്‍കുക. ഇതു യഥാക്രമം 2 കിലോ പുഴുക്കലരി, ഒന്നര കിലോ പച്ചരി, അര കിലോ മട്ട എന്നിങ്ങനെയാണു നല്‍കുക.

എന്‍പിഎസ് വിഭാഗം (നീല) കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിലാണു നല്‍കുക. ഇത് അര കിലോ വീതം പച്ചരിയും മട്ട അരിയും ഒരു കിലോ പുഴുക്കലരിയുമായിട്ടാകും വിതരണം.

എന്‍പിഎന്‍എസ് വിഭാഗം (വെള്ള) കാര്‍ഡുകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ആകെ 2 കിലോ അരിയാണു വിതരണം ചെയ്യുക. ഇത് അര കിലോ വീതം പച്ചരിയും മട്ട അരിയും ഒരു കിലോ പുഴുക്കലരിയും എന്ന തരത്തിലാകും.

നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ വീതം അരി അധികമായി ഈ മാസം കിലോയ്ക്ക് 15 രൂപ നിരക്കില്‍ നല്‍കുന്നുണ്ട്. 7 കിലോ പുഴുക്കലരിയും 3 കിലോ പച്ചരിയുമാകും ഇങ്ങനെ വിതരണം ചെയ്യുക.

10 കിലോ അരി നല്‍കുമ്പോള്‍ മട്ട അരി നല്‍കാന്‍ നിര്‍ദേശമില്ലെന്നു റേഷന്‍കട ഉടമകള്‍ പറയുന്നു.

മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കു 30 കിലോ അരിയും 5 കിലോ ഗോതമ്പും സാധാരണ പോലെ സൗജന്യമായി നല്‍കും.

2 കിലോ അരി ലഭിക്കുന്ന കുടുംബങ്ങള്‍ക്കു പോലും അരക്കിലോ വീതം വിവിധ അരി തൂക്കി നല്‍കുന്ന സാഹചര്യം കാര്‍ഡ് ഉടമകളെയും കട ഉടമകളെയും പ്രയാസത്തിലാക്കുന്നതിനാല്‍ പുനഃപരിശോധിക്കണമെന്ന് ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

റേഷന്‍ കാര്‍ഡ് ഇല്ലാത്തവരില്‍ സത്യവാങ്മൂലം വാങ്ങി അരി വിതരണം ചെയ്യുന്ന നടപടി നിര്‍ത്തി. ഇതു സംബന്ധിച്ചു സിവില്‍ സപ്ലൈസ് വകുപ്പ് നിര്‍ദേശം നല്‍കി. കഴിഞ്ഞ മാസം കുടുംബാംഗങ്ങളില്‍ എല്ലാവരുടെയും ആധാര്‍ നമ്പറുകളും സത്യവാങ്മൂലവും നല്‍കിയാല്‍ 15 കിലോ അരി ഇത്തരം കുടുംബങ്ങള്‍ക്കു നല്‍കിയിരുന്നു.

മുപ്പതിനായിരത്തില്‍ പരം കുടുംബങ്ങള്‍ക്ക് അരി വിതരണം ചെയ്തതായാണു സര്‍ക്കാര്‍ അറിയിച്ചത്.

നീല കാര്‍ഡുകാര്‍ക്ക് നാളെ മുതല്‍ സൗജന്യ കിറ്റ്

തിരുവനന്തപുരം; മുന്‍ഗണനേതര (സബ്‌സിഡി) വിഭാഗത്തിനു (നീല കാര്‍ഡ്) സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ നാളെ മുതല്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യും.

നാളെ കാര്‍ഡ് നമ്പര്‍ അവസാന അക്കം പൂജ്യത്തിനും, 9 ന് 1, 11 ന് 2, 3, 12 ന് 4, 5, 13 ന് 6, 7, 14 ന് 8, 9 എന്നിങ്ങനെയാണു കിറ്റ് വിതരണം. 15 മുതല്‍ മുന്‍ഗണനേതര (നോണ്‍ സബ്‌സിഡി) വിഭാഗത്തിന് (വെള്ള കാര്‍ഡുകള്‍ക്ക്) കിറ്റ് വിതരണം ചെയ്യും

ആധാരം പകര്‍പ്പ് ഗ്രീന്‍ സോണില്‍ ഇന്നു മുതല്‍

തിരുവനന്തപുരം; ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു നല്‍കല്‍ ഇന്നു മുതല്‍ ഗ്രീന്‍ സോണിലെ സബ് റജിസ്ട്രാര്‍ ഓഫിസുകളില്‍ പുനരാരംഭിക്കുമെന്നു മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.

pathram:
Related Post
Leave a Comment