കൊല്ലപ്പെടുമ്പോള്‍ സുചിത്ര ഗര്‍ഭിണി; കുഴിയുടെ നീളം കുറഞ്ഞപ്പോള്‍ കാല്‍ മുറിച്ചുമാറ്റി; കേസ് വഴിതിരിക്കാന്‍ നോക്കിയ പ്രശാന്ത് കുടങ്ങിയത് ഇങ്ങനെ…

കൊല്ലത്തുനിന്നും കാണാതായ ബ്യൂട്ടീഷ്യനായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കൊല്ലത്തുനിന്ന് കാണാതായ തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര (42) കൊല്ലപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവെന്നു പൊലീസ്. ഇവരുടെ സുഹൃത്തും സംഗീതാധ്യാപകനുമായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്തിനെ (32) അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീട്ടില്‍നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. പ്രശാന്തിന്റെ ഭാര്യയുടെ കുടുംബ സുഹൃത്തും അകന്ന ബന്ധുവുമായ സുചിത്രയുമായി സമൂഹമാധ്യമത്തിലൂടെയാണ് പ്രതി ബന്ധം സ്ഥാപിച്ചത്.

മകളെ കാണാനില്ലെന്നു കാട്ടി കൊട്ടിയം പോലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ അന്വേഷണം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇവര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നിട്ടും അന്വേഷണ പുരോഗതി ഇല്ലാതായതോടെയാണ് മാതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സുചിത്രയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രശാന്തിനെ വലയില്‍ കുടുക്കിയത്.കേസ് വഴിതിരിച്ചുവിടുന്നതിനായി ഇയാള്‍ പോലീസിനോട് പല കള്ളക്കഥകളും പറഞ്ഞിരുന്നു.

മഹാരാഷ്ട്ര സ്വദേശിയായ രാംദാസ് എന്നയാളൊടൊപ്പമാണ് സുചിത്ര പോയതെന്നും ആലുവയില്‍നിന്ന് കാറില്‍ കയറിയ ഇയാളെയും സുചിത്രയെയും മാര്‍ച്ച് ഇരുപതാംതീയതി രാത്രിയില്‍
മണ്ണുത്തിയില്‍ ഹൈവേയില്‍ ഇറക്കിവിട്ടുവെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇതില്‍ പോലീസിന് തോന്നിയ സംശയങ്ങളാണ് ചുരുളഴിയിച്ചത്.

പ്രശാന്തും സുചിത്രയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. രണ്ടര ലക്ഷം രൂപയോളം ഇയാള്‍ സുചിത്രയ്ക്കു നല്‍കാനുണ്ടായിരുന്നു എന്നാണു സൂചന. സുചിത്രയുമായുള്ള സാമ്പത്തിക ഇടപാടുകള്‍, ഗര്‍ഭച്ഛിദ്രത്തിനു തയാറാകാതിരുന്നത് എന്നിവയാണു കൊലപാതകത്തിനു പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. കീബോര്‍ഡ് ആര്‍ട്ടിസ്റ്റായ പ്രശാന്ത് പാലക്കാട്ടെ ഒരു സ്‌കൂളില്‍ സംഗീത അധ്യാപകനാണ്. മാര്‍ച്ച് 17 മുതലാണ് യുവതിയെ കാണാതാകുന്നത്. മണലി ശ്രീരാം സ്ട്രീറ്റില്‍ പ്രതി വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണു മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

സാമ്പത്തികത്തര്‍ക്കമാണു കൊലപാതകത്തിനു പിന്നിലെന്നാണു പ്രതി നല്‍കിയ മൊഴി. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ കാലുകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മാര്‍ച്ച് 20 നാണ് കൊലപാതകം ഉണ്ടായതെന്നാണു സൂചന. കൊലപാതകത്തിനു ശേഷം മൃതദേഹം മറവു ചെയ്യുന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായി. മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിനോടു ചേര്‍ന്നുള്ള പാടത്ത് കുഴികുത്തി കുഴിച്ചുമൂടാനായി പിന്നീടുള്ള ശ്രമം. എന്നാല്‍ കുഴി ചെറുതായതിനാല്‍ രണ്ടു കാലുകളും മുറിച്ചു മാറ്റുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.

കൊല്ലത്ത് ബ്യൂട്ടീഷ്യന്‍ ട്രെയിനര്‍ ആയ യുവതി മുന്‍പ് രണ്ടു തവണ വിവാഹിതയായിരുന്നു. മാര്‍ച്ച് 17 നാണ് സുചിത്ര പതിവുപോലെ വീട്ടില്‍ നിന്നും ജോലിക്കായി പള്ളിമുക്കിലെ സ്ഥാപനത്തിലേക്ക് പോയത്. കൊല്ലത്തെ പ്രമുഖ ബ്യൂട്ടി പാര്‍ലറിന്റെ പള്ളിമുക്കിലെ ട്രെയിനിങ് അക്കാദമിയിലേക്കാണ് പോയത്. അന്നേ ദിവസം വൈകിട്ട് നാലിനു തനിക്ക് ആലപ്പുഴയില്‍ പോകണമെന്നും ഭര്‍ത്താവിന്റെ അച്ഛനു സുഖമില്ലെന്നും സ്ഥാപന ഉടമയെ മെയിലില്‍ അറിയിച്ചു. ഉടമ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് അന്നേ ദിവസം സുചിത്ര അവിടെ നിന്നിറങ്ങി.

18 ന് വീണ്ടും ഉടമയ്ക്ക് മെയില്‍ വഴി തനിക്ക് അഞ്ചു ദിവസത്തെ അവധി വേണമെന്ന് അറിയിച്ചു. എന്നാല്‍ പിന്നീട് ഒരു വിവരവും ഇല്ലായിരുന്നെന്നാണ് പാര്‍ലര്‍ ഉടമ പൊലീസിന് മൊഴി നല്‍കിയത്. രണ്ടു ദിവസം വീട്ടിലേക്കു ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും 20നു ശേഷം വിളി നിലച്ചു. തുടര്‍ന്ന് കാണാനില്ലെന്നു കാണിച്ച് വീട്ടുകാര്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കി.

കൂടെ താമസിച്ചിരുന്ന അച്ഛനും അമ്മയും കോഴിക്കോട്ടേക്ക് പോയ അവസരം നോക്കി പ്രശാന്ത് തന്നെയാണ് സുചിത്രയെ ആള്‍ട്ടോ കാറില്‍ വീട്ടിലെത്തിച്ചത്. ഇവിടെ രണ്ടുദിവസം ദമ്പതികളെ പോലെ കഴിഞ്ഞതിനുശേഷമാണ് കൊലപാതകം. കേബിള്‍ വയര്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവശേഷം സാധാരണപോലെ അതേവീട്ടില്‍ കഴിഞ്ഞു. ലോക്ഡൗണിന് മുമ്പേ പ്രശാന്തിന്റെ രക്ഷിതാക്കളും തിരിച്ചെത്തി.

20ന്‌ െവെകിട്ടാണ് മൃതദേഹം മറവുചെയ്യുന്നതിനു പുതിയ െകെക്കോട്ട് പ്രശാന്ത് വാങ്ങിവന്നത്. വാടകവീടിന്റെ പുറംമതിലിനോട് ചേര്‍ന്ന് ഒഴിഞ്ഞ് കിടക്കുന്ന വയലില്‍ കുഴിയെടുത്തു. ഒരാള്‍ പൊക്കത്തില്‍ പുല്ലും ചെടികളും നിറഞ്ഞ് കിടക്കുന്ന ഇവിടെ രാത്രി സമയത്ത് കുഴിയെടുത്ത് ജഡം മറവ് ചെയ്യുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെടില്ല. പാടമായതിനാല്‍ ആഴത്തില്‍ കുഴയെടുക്കാനുമായി. സമീപത്തെ മൂന്നു വീടുകള്‍ നിര്‍മാണത്തിലാണ്. ആള്‍ താമസമുള്ള വീടുകളില്‍ നിന്നൊന്നും ഇവിടേക്ക് നേരിട്ട് നോട്ടം കിട്ടില്ല.

ഈ അനുകൂല സാഹചര്യമാണ് ആരും കാണാതെ ജഡം മറവ് ചെയ്യാന്‍ സഹായകമായത്. വീടിനകത്തുനിന്നും പിന്‍വശത്തുകൂടിയാണ് മൃതദേഹം ഇവിടേക്ക് എത്തിച്ചത്. മുറിയില്‍വെച്ചുതന്നെ കാലുകള്‍ മുറിച്ചുമാറ്റിയതായാണ് കരുതുന്നത്. മുറിയിലും മൃതദേഹം പാടത്തേക്ക് ഇറക്കിയിട്ട മതിലിലും രക്തക്കറ കണ്ടെത്തി.

യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആദ്യ ചോദ്യംചെയ്യലില്‍ പ്രശാന്ത് തടിതപ്പിയതിനൊപ്പം കേസ് വഴിതെറ്റിക്കാനും നോക്കി. നാഗ്പൂരിലുള്ള അധ്യാപകനൊപ്പം ഒളിച്ചോടിയതാണെന്ന് വരുത്താനായിരുന്നു ശ്രമം. പക്ഷേ, 20ന് യുവതിയുടെ മൊെബെല്‍ ഫോണ്‍ സ്വച്ച് ഓഫ് ആയതിന് തൊട്ടുമുമ്പുള്ള ലൊക്കേഷന്‍ പാലക്കാടായതോടെ കുരുക്ക് പ്രശാന്തിലേക്ക് മുറുകി. ഇവര്‍ തമ്മിലുള്ള ഫോണ്‍ വിളികളുടെ രേഖകളും അന്വേഷണത്തില്‍ തുമ്പായി. തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാന്‍ പ്രശാന്തിന് കഴിഞ്ഞില്ല.

pathram:
Leave a Comment