ദുബായിൽ മലയാളി വ്യവസായി ജോയ് അറയ്ക്കലിൻറെ മരണം ആത്മഹത്യയെന്നു ദുബായ് പൊലീസ്. ബിസിനസ് ബേയിലെ കെട്ടിടത്തിൻറെ പതിനാലാം നിലയിൽ നിന്നും ചാടിയാണ് ജോയ് അറയ്ക്കൽ ആത്മഹത്യ ചെയ്തതെന്നു പൊലീസ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ആത്മഹത്യയെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വയനാട് സ്വദേശിയായ ജോയ് അറയ്ക്കൽ മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.
കൊറോണ വ്യാപിച്ചതിനെ തുടർന്ന് ക്രൂഡ് ഓയിലിനുണ്ടായ അപ്രതീക്ഷിത വിലത്തകർച്ചയാണ് ജോയിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ദുബായ് പൊലീസ് പറയുന്നു. മരണത്തിനു മുമ്പുള്ള ദിവസങ്ങളിൽ അദ്ദേഹം കടുത്ത വിഷാദത്തിലായിരുന്നുവെന്നും പറയുന്നു. ജോയിയുടെ മൃതദേഹം പ്രത്യേക വിമാനത്തിൽ നാട്ടിലെത്തും. ഇതിനു വേണ്ട എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ ഇടപെട്ട് ചെയ്യും.
യുഎഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലുമായി 11 കമ്പനികൾ ജോയ് അറയ്ക്കലിനുണ്ടായിരുന്നു. ദുബായ്ക്കു പുറമെ ഷാർജ, റാസൽഖൈമ, ദമാം എന്നിവിടങ്ങളിൽ എണ്ണ ശുദ്ധീകരണശാലകളുണ്ട്.
നാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിലും ജോയി അറയ്ക്കൽ ശ്രദ്ധാലുവായിരുന്നു. പ്രളയത്തെ തുടർന്ന് വീടു നഷ്ടപ്പെട്ട 25 പേർക്ക് വയനാട്ടിലെ തലപ്പുഴയിൽ വീട് നിർമിച്ചു വരികയായിരുന്നു. വയനാട്ടിലെ ചെറുകിട തേയില കർഷകർക്ക് സഹായമേകിയും ജോയ് അവർക്കൊപ്പമുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ വീട് എന്ന വിശേഷണം പേറുന്നതാണ് മാനന്തവാടിയിൽ 45,000 ചതുരശ്ര അടിയിൽ അദ്ദേഹം പണികഴിപ്പിച്ച അറയ്ക്കൽ പാലസ്.
Leave a Comment