പ്രവാസികള്‍ കൂട്ടത്തോടെ എത്തും: 47 സ്‌റ്റേഡിയങ്ങളും സ്‌കൂളുകളും ഏറ്റെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനവും പ്രവാസികള്‍ കൂട്ടത്തോടെ എത്തുന്നതും മുന്നില്‍ കണ്ട്, കോവിഡ് നിരീക്ഷണത്തിലാക്കേണ്ടവരെ താമസിപ്പിക്കാന്‍ ബൃഹദ് പദ്ധതിയുമായി സര്‍ക്കാര്‍. കേരളത്തിലുള്ളവരെയും പ്രവാസികളെയും ക്വാറന്റീനില്‍ താമസിപ്പിക്കാന്‍ ഇന്നലെവരെ സര്‍ക്കാര്‍ കണ്ടെത്തിയത് 2,39,642 കിടക്കകള്‍ക്കുള്ള സ്ഥലം.

ഇതില്‍ 1,52,722 കിടക്കകള്‍ ഇപ്പോള്‍ത്തന്നെ തയാറാണ്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മുറികള്‍ കണ്ടെത്തിയതിനു പുറമേ 47 സ്‌റ്റേഡിയങ്ങളും ക്വാറന്റീനായി തിരഞ്ഞെടുത്തിട്ടുണ്ട്. സ്‌റ്റേഡിയങ്ങളില്‍ മാത്രം ഇരുപതിനായിരത്തിലധികം കിടക്കകള്‍ സജ്ജീകരിക്കാനാകും.

തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയവും ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയവും എറണാകുളത്തെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയവും കോഴിക്കോട് മെഡിക്കല്‍ കോളജ് സ്‌റ്റേഡിയവുമെല്ലാം പട്ടികയിലുണ്ട്. മടങ്ങിവരാനായി നോര്‍ക്കയില്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 2.20 ലക്ഷം പേരാണ്. ക്വാറന്റീനില്‍ കൂടുതല്‍പേരെ പാര്‍പ്പിക്കേണ്ടി വരുന്ന സാഹചര്യം മുന്നില്‍ കണ്ട് കൂടുതല്‍ കെട്ടിടങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണ്. ദുരന്തനിവാരണ അതോറിറ്റിയും പിഡബ്ല്യുഡിയും ചേര്‍ന്നാണ് സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്.

pathram:
Leave a Comment