16കാരന്റെ മരണം: വിദ്യാര്‍ഥികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം; എംഎല്‍എയുടെ വീട്ടില്‍ മോഷണം നടത്തി; പരിശീലനം ലഭിച്ചവരേ ഇത്രയും ക്രൂരമായ കൊലപാതകം നടത്തൂ

കൊടുമണ്‍ : പത്താം ക്ലാസ് വിദ്യാര്‍ഥിയെ സമപ്രായക്കാര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ മറ്റു മേഖലകളിലേക്കും പൊലീസ് അന്വേഷണം. വിദ്യാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലമാണ് ഇതിന് ആധാരമാകുന്നത്. വേണ്ട രീതിയിലുള്ള പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ക്രൂരമായ കൊലപാതകം നടത്താന്‍ സാധിക്കൂ എന്നുള്ള നിഗമനത്തിലാണ് പൊലീസ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇടത്തിട്ട പ്രദേശത്ത് കുട്ടികള്‍ നടത്തിയ മോഷണം ഉള്‍പ്പെടെ അന്വേഷണ വിധേയമാക്കുന്നുണ്ട്.

സ്‌കൂട്ടര്‍, സൈക്കിള്‍, ടെലിവിഷന്‍ എന്നിവയാണു മോഷണം പോയിരുന്നത്. അന്വേഷണം നടത്തിയപ്പോള്‍ കുട്ടികളാണ് മോഷണം നടത്തിയതെന്ന് മനസ്സിലായി. കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അന്നത് കാര്യമായി എടുത്തിരുന്നില്ല, സാധാരണ കേസായി ഒതുങ്ങി. പിന്നീട് അങ്ങാടിക്കല്‍ പ്രദേശത്തു നടന്ന മോഷണകേസിലും ഇവര്‍ക്കു ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. വീണാ ജോര്‍ജ് എംഎല്‍എയുടെ വീട്ടിലെ സിസിടിവി ക്യാമറ മോഷണം നടത്തിയതും ഇവരുടെ ഒത്താശയോടെയാണ്.

ഇങ്ങനെയുള്ള മോഷണങ്ങളില്‍ ബന്ധമുള്ളതു മൂലമാണ് അന്വേഷണം ശക്തമാക്കുന്നത്. ഇവര്‍ക്ക് കഞ്ചാവ് ബിസിനസുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. സ്‌കൂള്‍ പരിസരങ്ങളില്‍ ഇവര്‍ക്കു കഞ്ചാവ് എത്തിക്കുന്ന സംഘങ്ങളും ഉണ്ട്. ഇങ്ങനെ കഞ്ചാവ് വില്‍പനയും അനധികൃത ബന്ധവും വര്‍ധിച്ചതോടെയാണ് മുമ്പ് പഠിച്ചിരുന്ന സ്‌കൂളില്‍ നിന്ന് ഇവരെ പുറത്താക്കിയത്. പിന്നീടാണ് ഇപ്പോള്‍ പഠിക്കുന്ന സ്‌കൂളിലേക്ക് എത്തുന്നത്. ഇവിടെയും ഇവരുടെ പ്രവര്‍ത്തനങ്ങളുണ്ടായിരുന്നു.

പലപ്പോഴും അധ്യാപകരും സ്‌കൂള്‍ മാനേജ്‌മെന്റും ഇവരെ താക്കിത് ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും ഇവര്‍ അനുസരിച്ചിരുന്നില്ല. ഇവര്‍ക്ക് എതിരെ നില്‍ക്കുന്നവരെ വകവരുത്തണം എന്നുള്ള വൈരാഗ്യ മനോഭാവം ആണ് കാത്തു സൂക്ഷിക്കുന്നത്. കുട്ടികള്‍ ആയതുകൊണ്ട് ചോദ്യം ചെയ്യാനും കഴിയാത്ത അവസ്ഥയാണ്. ഇതുമൂലം അധ്യാപകരും ബുദ്ധിമുട്ടിലാണ്.

കുട്ടികളുടെ പശ്ചാത്തലം സംശയനിഴലില്‍ വന്നതോടെയാണ് അന്വേഷണം കൂടുതല്‍ ശക്തമാക്കുന്നത്. മൊബൈല്‍ ഫോണുകള്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. പുറത്തു നിന്നുള്ള ബന്ധങ്ങള്‍ ക്രിമിനലുകളുമായിട്ടാണോ എന്നുള്ളതു പ്രത്യേകം അന്വേഷിക്കും.

pathram:
Leave a Comment