പെണ്ണിന് എന്താ കുഴപ്പം..!!! തന്നെ അനുകരിച്ച് വൈറലാക്കിയ കൊച്ചുമിടുക്കിയെ നേരിട്ട് വിളിച്ച് ശൈലജ ടീച്ചറുടെ അഭിനന്ദനം

‘എന്താ പെണ്ണിന് കുഴപ്പം..’ എന്ന ഡയലോഗ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയില്‍ നടത്തിയ തീപ്പൊരി പ്രസംഗത്തിലെ ഭാഗമായിരുന്നു. ഇതിന്റെ വീഡിയോ വൈറലായിരുന്നു. ഒട്ടും ആവേശം ചോരാതെ ഈ വാക്യങ്ങള്‍ അവതരിപ്പിച്ച് സമൂഹമാധ്യമങ്ങളുടെ കയ്യടി വാങ്ങുകയാണ് ഒരു കൊച്ചു മിടുക്കി. നോക്കിലും നില്‍പ്പിലും വാക്കിലും ‘ടീച്ചറിനെ’ വാര്‍ത്തുവച്ചപോലെ എത്തി വൈറല്‍ താരമായിരിക്കുന്നത് പാലക്കാട് ചിറ്റൂരുള്ള ആവര്‍ത്തന എന്ന 6 വയസ്സുകാരിയാണ്. ഈ പൊന്നുമോളെ തേടി ഇപ്പോള്‍ ആരോഗ്യമന്ത്രിയുടെ വിളിയും വന്നു. അതിന്റെ സന്തോഷത്തിലാണ് ആവര്‍ത്തനയും അച്ഛന്‍ ശബരീഷും അമ്മ ജിഷയും.

‘ശൈലജ ടീച്ചര്‍ വിളിച്ചിരുന്നു. അതിന്റെ സന്തോഷത്തിലാണ് ഞങ്ങളിപ്പോള്‍. മോളൂട്ടിയുടെ വിഡിയോ കണ്ടു. ഏറെ ഇഷ്ടപ്പെട്ടു. അടുത്ത തവണ പാലക്കാട് വരുമ്പോള്‍ തീര്‍ച്ചയായും മോളെ കാണും. ഞാന്‍ പോലും അറിയാതെയാണ് അന്ന് സഭയില്‍ കുറച്ച് ക്ഷുഭിതയായി സംസാരിക്കേണ്ടി വന്നത്. പക്ഷേ അത് മോള്‍ ചെയ്തത് കണ്ടപ്പോള്‍ സന്തോഷം തോന്നി..’ ആവര്‍ത്തനയോട് ടീച്ചര്‍ പറഞ്ഞു. അവള്‍ എല്ലാം തലകുലുക്കി കേട്ടു. ടീച്ചറെ കാണണമെന്നു പറഞ്ഞാണു ഫോണ്‍ വച്ചത്.

ഈ വിഡിയോ ചെയ്യുന്നത് വരെ ശൈലജ ടീച്ചര്‍ ആരാണെന്ന് മോള്‍ക്ക് അറിയില്ലായിരുന്നെന്നു ശബരീഷും ജിഷയും പറഞ്ഞു. ‘ചെറിയ കുട്ടിയല്ലേ. ടീച്ചറുടെ പ്രസംഗത്തിന്റെ വിഡിയോ ടിക്ടോക്കിലൂടെ ആദ്യം കാണുന്നത് ഞാനാണ്. അത് മോളെ പഠിപ്പിച്ചു കൊടുക്കാന്‍ ഭാര്യയോട് പറഞ്ഞു. മോള്‍ ഇതിനു മുമ്പും വിഡിയോകള്‍ ചെയ്തിട്ടുണ്ട്. ചിലതൊക്കെ വൈറലായിരുന്നു. അതുപോലെയേ ഇതും പ്രതീക്ഷിച്ചുള്ളൂ. രണ്ടു മൂന്നു ദിവസമെടുത്താണ് മോള്‍ പ്രസംഗം പഠിച്ചത്. വിഡിയോ ഷൂട്ട് ചെയ്തത് ഞാനാണ്.

ഗൗരവത്തോടെ പറയണമെന്ന് മാത്രം അവളോട് പറഞ്ഞു. അവളുടെ ടീ ഷര്‍ട്ടിന് മുകളില്‍ ഭാര്യയുടെ ഷാള്‍ ചുറ്റി കണ്ണടയും വച്ചു. അങ്ങനെയാണ് ടീച്ചറുടെ രൂപത്തിലാക്കിയത്. മോള്‍ ഇത്ര നന്നായി ചെയ്യുമെന്ന് കരുതിയില്ല. ലോക്ഡൗണ്‍ കാലമായതുകൊണ്ടും കോവിഡ!ിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനമികവും കൂടിയായപ്പോള്‍ വിഡിയോ എല്ലാവരും ഏറ്റെടുത്തു. മോളുടെ ടിക്ടോക് പേജില്‍ നിന്നും പല ഫെയ്‌സ്ബുക്ക് പേജുകളില്‍ വിഡിയോ പങ്കുവച്ചു. അങ്ങനെയാണു വൈറലായത്. അങ്ങനെ അത് ടീച്ചറുടെ അടുത്തും എത്തി.

പിഎ വിളിച്ചാണ് ടീച്ചര്‍ മോളെ വിളിക്കുമെന്ന് അറിയിച്ചത്. പിന്നീട് ആ വിളിക്കായി കാത്തിരിക്കുകയായരുന്നു. ഇപ്പോള്‍ ടീച്ചറെപ്പോലെ ഇത്രയും വലിയ പദവിയിലിരിക്കുന്ന ഒരാള്‍ ഈ തിരക്കുകള്‍ക്കിടയിലും മോളെ വിളിച്ച് അഭിനന്ദിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. ഞാന്‍ ഒരു പാര്‍ട്ടിയിലുമുള്ള ആളല്ല. പക്ഷേ കെ.കെ.ശൈലജ ടീച്ചറെ പാര്‍ട്ടി മറന്നാണ് എല്ലാവരും സ്‌നേഹിക്കുന്നത്. അതുകൊണ്ടാണ് അവര്‍ പറഞ്ഞ വാക്കുകള്‍ എന്നെയും ആകര്‍ഷിച്ചത്’ – ശബരീഷ് പറഞ്ഞു.

pathram:
Leave a Comment