ലബോറട്ടറിയിലെ ജോലിക്കാരിയായ പെണ്‍കുട്ടിയില്‍നിന്ന് ആണ്‍സുഹൃത്തിന് പകര്‍ന്നു; കൊറോണയുടെ ഉറവിടം പുറത്തുവിട്ട് യുഎസ് മാധ്യമം

കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ ഇതിനകം വന്നു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഇങ്ങനെയാണ്. ചൈനയിലെ വുഹാനിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ ഇന്റേണ്‍ ആയി ജോലി ചെയ്യുന്നയാള്‍ അബദ്ധത്തില്‍ ചോര്‍ത്തിയതാണ് നോവല്‍ കൊറോണ വൈറസെന്ന് യുഎസ് മാധ്യമം.ഫോക്‌സ് ന്യൂസിലെ ഈ വാര്‍ത്ത അംഗീകരിക്കാനും തള്ളിക്കളയാനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയാറായിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ അറിയേണ്ടതുണ്ടെന്നും എന്താണ് സംഭവിക്കുന്നതെന്നു നോക്കാമെന്നുമായിരുന്നു ട്രംപിന്റെ നിലപാട്. വൈറസ് ജൈവ ആയുധമല്ലെന്നും വവ്വാലുകളില്‍ കാണപ്പെടുന്ന ഒരു ശ്രേണിയില്‍പ്പെടുന്നതാണെന്നും ഫോക്‌സ് ന്യൂസ് വാര്‍ത്തയില്‍ പറയുന്നു.

ഈ വവ്വാലിനെ ലബോറട്ടറിയില്‍ പരീക്ഷണത്തിന് ഉപയോഗിച്ചിരുന്നു. ഈ വവ്വാലില്‍നിന്നാണ് മനുഷ്യനിലേക്ക് വൈറസ് പകര്‍ന്നത്. ആദ്യമായി വൈറസ് കയറിയ മനുഷ്യശരീരം (പേഷ്യന്റ് സീറോ) ലബോറട്ടറിയില്‍ ജോലി ചെയ്തയാളുടേതാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അബദ്ധത്തിലാണ് ഇന്റേണ്‍ ആയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ വൈറസ് കയറിയത്. ഇവരുടെ ആണ്‍സുഹൃത്തിലേക്ക് എത്തിയ വൈറസ് പിന്നീട് വുഹാന്‍ മാര്‍ക്കറ്റിലേക്കും ബാക്കിയുള്ളവരിലേക്കും പകരുകയായിരുന്നു.

ഇക്കാര്യം ട്രംപിന്റെ ദൈനംദിനെയുള്ള വൈറ്റ് ഹൗസ് ബ്രീഫിങ്ങില്‍ ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ ജോണ്‍ റോബര്‍ട്ട് പ്രസിഡന്റിനോട് ചോദിക്കുകയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ കേള്‍ക്കുന്നുണ്ടെന്നും എന്താണ് സംഭവിക്കുക എന്നു കാത്തിരിക്കുകയാണെന്നും ട്രംപ് മറുപടി പറഞ്ഞു. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് വ്യക്തമായി അന്വേഷിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നേരത്തെ, വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍നിന്നാണ് വൈറസ് പകര്‍ന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ വെറ്റ് മാര്‍ക്കറ്റില്‍ വവ്വാലുകളെ വില്‍പ്പനയ്ക്കു വച്ചിരുന്നില്ല.

എന്നാല്‍ ലബോറട്ടറിയെ പഴിക്കാതിരിക്കാന്‍ ചൈന വെറ്റ് മാര്‍ക്കറ്റിനെയാണ് കുറ്റപ്പെടുത്തിയത്. പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവരുന്നത് ചൈന മൂടിവയ്ക്കാന്‍ ശ്രമിച്ചു. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ഇതിന്റെ ഭാഗമായെന്നും വാര്‍ത്തയില്‍ കുറ്റപ്പെടുത്തുന്നു. ഔദ്യോഗികമായി ആരെയും ഉദ്ധരിക്കാതെയാണ് ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ട്. വൈറസിനെപ്പറ്റിയുള്ള പഠനം ഈ ലബോറട്ടറിയില്‍ നടന്നിരുന്നു. യുഎസ്സിനെക്കാള്‍ മെച്ചമായതോ ഒപ്പം നില്‍ക്കുന്നതോ ആയ ഗവേഷണ സംവിധാനം ഉണ്ടെന്നു കാണിക്കാനാണ് വുഹാന്‍ ലാബില്‍ നോവല്‍ കൊറോണ വൈറസിനെക്കുറിച്ചു പഠനം നടത്തിയതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.

മാരകമായ വൈറസുകളെക്കുറിച്ചും സാംക്രമിക രോഗങ്ങളെക്കുറിച്ചും പഠിക്കുന്ന വുഹാനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിക്ക് ആവശ്യത്തിന് ജൈവസുരക്ഷയില്ലെന്ന ആശങ്ക രണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ് യുഎസ് എംബസി ഉദ്യോഗസ്ഥര്‍ ചൈനയ്ക്കു മുന്നില്‍ ഉയര്‍ത്തിയിരുന്നതായി യുഎസ് മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വുഹാന്‍ വെറ്റ് മാര്‍ക്കറ്റിനു സമീപമാണ് ഈ ലബോറട്ടറി. എന്തായാലും പുതിയ റിപ്പോര്‍ട്ടുകളിന്മേല്‍ പുതിയ വിവാദങ്ങളും ഉയരാന്‍ സാധ്യതയുണ്ട്.

pathram:
Related Post
Leave a Comment