തിരുവനന്തപുരം : കോവിഡ് ബാധിത പ്രദേശങ്ങളെ രോഗത്തിന്റെ തീവ്രതയനുസരിച്ച് പ്രത്യേക മേഖലകളാക്കി തിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നാല് വടക്കന്‍ ജില്ലകളെ ഒറ്റ ഹോട്‌സ്‌പോട്ടായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹോട്‌സ്‌പോട്ടായ പ്രത്യേക പ്രദേശങ്ങള്‍ കണ്ടെത്തി പൂര്‍ണമായി അടച്ചിടും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുനിയന്ത്രണങ്ങള്‍ പൂര്‍ണതോതില്‍ നടപ്പാക്കും. സംസ്ഥാനാന്തര യാത്രകളും ജില്ലകള്‍ക്കിടയിലുള്ള യാത്രകളും അനുവദിക്കില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ കര്‍ശന നിയന്ത്രണം തുടരും. രണ്ടാമത്തെ മേഖലയായ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ 24നു ശേഷം ഇളവുകള്‍ അനുവദിക്കും. മൂന്നാമത്തെ മേഖലയില്‍പ്പെടുന്ന തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ 24 മുതല്‍ ഭാഗീകമായി സാധാരണ ജീവിതം അനുവദിക്കും.കോട്ടയം, ഇടുക്കി ജില്ലകളില്‍ സാധാരണജീവിതം അനുവദിക്കും. എന്നാല്‍ കൂട്ടംചേരല്‍ തടയും. എല്ലാ മേഖലകളിലും പൊതുനിയന്ത്രണങ്ങള്‍ ബാധകമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നാം മേഖല: കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കാട്
കാസര്‍കോട് 61, കണ്ണൂര്‍ 45, മലപ്പുറം 9 എന്നിങ്ങനെയാണ് കോവിഡ് രോഗികളുടെ കണക്ക്. ഇതു കഴിഞ്ഞാല്‍ കൂടുതല്‍ പോസിറ്റീവ് കേസുള്ളത് കോഴിക്കോടാണ്. 9 എണ്ണം. ഈ നാലു ജില്ലകള്‍ ചേര്‍ത്ത് ഒരു മേഖലയാക്കണം എന്ന അഭിപ്രായം സംസ്ഥാനത്തിനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. കേന്ദ്ര അംഗീകാരത്തോടെ നടപ്പിലാക്കും. ഈ ജില്ലകളില്‍ മെയ് 3വരെ ലോക്ഡൗണ്‍ ഇളവില്ലാതെ തുടരും. കോഴിക്കോടിനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്രത്തിന് തടസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ജില്ലകളില്‍ തീവ്രരോഗ ബാധയുള്ള വില്ലേജുകളുടെ അതിര്‍ത്തി അടയ്ക്കും. എന്‍ട്രി പോയിന്റും എക്‌സിറ്റ് പോയിന്റും അവിടങ്ങളില്‍ ഉണ്ടാകും. ഭക്ഷ്യവസ്തുക്കള്‍ ഈ പോയിന്റിലൂടെ എത്തിക്കും. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഹോട്‌സ്‌പോട്ടായി കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കേന്ദ്രം ഹോട്‌സ്‌പോട്ടാക്കിയ ചില ജില്ലകള്‍ ഈ കൂട്ടത്തില്‍നിന്ന് ഒഴിവാക്കുന്നതിന് കേന്ദ്ര അനുമതി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം മേഖല: പത്തനംതിട്ട, എറണാകുളം, കൊല്ലം
6 പോസിറ്റീവ് കേസുള്ള പത്തനംതിട്ട 3 കേസുള്ള എറണാകുളം 5 കേസുള്ള കൊല്ലം എന്നിവ ഒരു മേഖലയാക്കും. ഹോട്‌സ്‌പോട്ടായി കേന്ദ്രം കണക്കാക്കിയ പത്തനംതിട്ടയും എറണാകുളവും ഈ കൂട്ടത്തിലുണ്ട്. ഈ ജില്ലകളില്‍ രോഗികളുടെ എണ്ണം കുറവായതിനാലാണ് ഉള്‍പ്പെടുത്തിയത്. ഏപ്രില്‍ 24വരെ ഈ ജില്ലകളില്‍ കടുത്ത രീതിയില്‍ ലോക്ഡൗണ്‍ തുടരും. ഹോട്‌സ്‌പോട്ടായ പ്രദേശങ്ങള്‍ കണ്ടെത്തി അടച്ചിടും. 24 കഴിഞ്ഞാല്‍ അപ്പോഴത്തെ സ്ഥിതി വിലയിരുത്തി ഇളവുകള്‍ അനുവദിക്കും.
മൂന്നാം മേഖല: തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, വയനാട്
ആലപ്പുഴ 3 തിരുവനന്തപുരം 2 പാലക്കാട് 1 തൃശൂര്‍ 1 വയനാട് 1 എന്നിങ്ങനെയാണ് ഈ ജില്ലകളിലെ പോസിറ്റീവ് കേസുകളുടെ എണ്ണം. ഇതില്‍ കേന്ദ്രം ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച തിരുവനന്തപുരം ഉള്‍പ്പെടുന്നുണ്ട്. പക്ഷേ തിരുവനന്തപുരത്ത് 2 കേസുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഈ മേഖലകളില്‍ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. സംസ്ഥാന, ജില്ലാ അതിര്‍ത്തികള്‍ അടഞ്ഞു കിടക്കും. സിനിമാ ഹാള്‍, ആരാധനാലയം അടഞ്ഞു കിടക്കും. കൂടിച്ചേരല്‍ പാര്‍ട്ടികള്‍ എന്നിവയ്ക്ക് നിരോധനം ഉണ്ടാകും. ഹോട്ട് സ്‌പോട്ടായ പ്രദേശങ്ങള്‍ അടച്ചിടും. കടകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവ വൈകിട്ട് 7 മണിവരെ അനുവദിക്കും.
നാലാം മേഖല: കോട്ടയം, ഇടുക്കി
പോസിറ്റീവ് കേസ് ഇല്ലാത്ത രണ്ട് ജില്ലകളാണ് കോട്ടയവും ഇടുക്കിയും. ഈ രണ്ടു ജില്ലകളെ പ്രത്യേക മേഖലയാക്കും. സംസ്ഥാന അതിര്‍ത്തി പൂര്‍ണമായും അടയ്ക്കും. ജില്ല വിട്ടുള്ള യാത്ര അനുവദിക്കില്ല. സുരക്ഷാ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കും. മറ്റു നിയന്ത്രണങ്ങള്‍ ഈ ജില്ലകളിലും ബാധകം.
Leave a Comment