വാഹന, ആരോഗ്യ ഇന്‍ഷുറന്‍സുകളുടെ പ്രീമിയം അടയ്ക്കുന്നത് നീട്ടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ വാഹന, ആരോഗ്യ ഇന്‍ഷുറന്‍സുകളുടെ പ്രീമിയം അടയ്ക്കുന്നതിന് സാവകാശം നല്‍കി കേന്ദ്രസര്‍ക്കാര്‍. മെയ് 15 വരെയാണ് പ്രീമിയം അടയ്ക്കാന്‍ സമയമുള്ളത്. നേരത്തെ ഏപ്രില്‍ 21 വരെയായിരുന്നു പ്രീമിയം അടയ്ക്കാന്‍ സാവകാശം അനുവദിച്ചിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയ പശ്ചാത്തലത്തിലാണ് പ്രീമിയം അടയ്ക്കുന്നതിനുളള സമയപരിധി മെയ് 15 വരെ ആക്കിയിരിക്കുന്നത്.

പ്രീമിയം അടയ്‌ക്കേണ്ട സമയപരിധി ഏപ്രില്‍ 15ന് അവസാനിക്കുന്നതാണെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ മെയ് 15 വരെ ഇവര്‍ക്ക് സംരക്ഷണം ലഭിക്കുമെന്ന് സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്.

പ്രീമിയം അടയ്ക്കുന്നതിനുളള സമയപരിധി കഴിഞ്ഞാലും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് അനുസരിച്ചുളള സംരക്ഷണം ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ഇത് ബാധകമാണ്. നിലവിലെ സാഹചര്യത്തില്‍ ഒരുതരത്തിലുമുള്ള ഓഫീസുകളും പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

pathram:
Leave a Comment