ഇതുവരെ ഇല്ലാതിരുന്ന സ്വീകാര്യത കഴിഞ്ഞ ഒരുമാസംകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചു എന്ന് തുറന്നുപറയുന്നതില്‍ തെറ്റില്ല. കോവിഡ് പ്രതിരോധത്തില്‍ മുന്‍നിരയില്‍നിന്ന് നയിച്ച ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ സാധിച്ചു. നിപ്പയും കോവിഡും കൈകാര്യം ചെയ്ത് കയ്യടി നേടിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജയില്‍നിന്ന് ചുമതല ഏറ്റെടുത്ത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടപ്പോള്‍ കാര്യങ്ങള്‍ സര്‍ക്കാരിന്‍രെ വഴിക്ക് വന്നു. കോവിഡ് നിയന്ത്രണത്തിലായി. ഇതിനിടെ ഓരോരോ ആരോപണങ്ങളുമായി എത്തിയ പ്രതിപക്ഷം ഒടുവില്‍ തൊടുത്തുവിട്ട സ്പ്രിംഗളര്‍ കരാര്‍ മുഖ്യമന്ത്രിക്ക് കൊണ്ടോ എന്നതാണ് സംശയം.
അമേരിക്കന്‍ സോഫ്ട്‌വെയര്‍ കമ്പനിയായ സ്പ്രിംഗ്ലറുമായുള്ള ഇടപാടില്‍ കുടുതല്‍ ഗുരുതരമായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിയിരിക്കുന്നു. കൊവിഡിന്റെ മറവില്‍ സംസ്ഥാനത്തെ ജനങ്ങളുടെ വിവരങ്ങള്‍ വില്‍ക്കാനുള്ള വലിയ തട്ടിപ്പാണ് സ്പ്രിംഗ്ലര്‍ കമ്പനിയുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഡാറ്റ തട്ടിപ്പുമായി ബന്ധപ്പെട്ട് ഈ കമ്പനിക്കെതിരെ അമേരിക്കയില്‍ കേസുണ്ട്. കമ്പനിയുമായ ഉണ്ടാക്കിയ കരാര്‍ തട്ടിക്കൂട്ടിയതാണ്. കമ്പനിയെ ചുമതലയില്‍ നിന്നും ഒഴിവാക്കിയ ഒരു ഉത്തരവും പറുത്തുവന്നിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.
ഇടപാടിനെ കുറിച്ച് താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ചില രേഖകള്‍ പുറത്തുവിട്ടത്. സ്പ്രിംഗ്ലര്‍ കമ്പനി അയച്ച ഇ മെയിലുകള്‍ അല്ലാതെ ഒരു കരാറുമില്ല. ഐ.ടി സെക്രട്ടറി ഓരോ ദിവസവും ഓരോ രേഖകളുണ്ടാക്കുകയാണ്. ഐ.ടി സെക്രട്ടറി സ്പ്രിംഗ്ലര്‍ കമ്പനിയുടെ ഏജന്റാണ്. കരാറിനെ കുറിച്ച് ഐ.ടി വകുപ്പിനല്ലാതെ മറ്റൊരു വകുപ്പിനും യാതൊരു വിവരവുമില്ല. ആരോഗ്യ, നിയമ വകുപ്പുകള്‍ക്ക് ഇതേ കുറിച്ച് ഒരു ധാരണയുമില്ല. രാജ്യാന്തര കരാറുകള്‍ ഉണ്ടാക്കുന്നതിന് മന്ത്രിസഭയുടെ അനുമതിയുണ്ടോയെന്നും ചെന്നിത്തല ചോദിക്കുന്നു.
ഈ ഇടപാടില്‍ മുഖ്യമന്ത്രിക്കുള്ള പങ്കെന്താണെന്ന് വ്യക്തമാക്കണം. പങ്കില്ലെങ്കില്‍ ഐ.ടി സെക്രട്ടറിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. മുഖ്യമന്ത്രി കമ്പനി അധികൃതരുമായി സംസാരിച്ചിട്ടുണ്ടോ. ഗുരുതരമായ ഡാറ്റ തട്ടിപ്പിന്റെയും കച്ചവടത്തിന്റെയും വിവരങ്ങളാണ് പുറത്തുവരുന്നത്. സ്പ്രിംഗ്ലര്‍ കമ്പനിയുടെ പരസ്യത്തില്‍ നിന്ന് ഐ.ടി സെക്രട്ടറിയുടെ ചിത്രവും വീഡിയോയും നീക്കിയത് എന്തിനാണ്. സദ്ദുദേശത്തോടെയുള്ളതാണെങ്കില്‍ അത് അവിടെതന്നെ കാണുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പരിശോധിക്കാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടും മറുപടിയില്ല. പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്ന ഫയലുകള്‍ നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങളും സ്പ്രിംഗ്ലറിന് കൈമാറിയിട്ടുണ്ട്. ക്വാറന്റൈനില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ സ്പ്രിംഗ്ര്‌ളര്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കിട്ടിയ ഉത്തരവ്. അതില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും നല്‍കിയിട്ടുണ്ട്. വിവാദമായപ്പോള്‍ മാറ്റാന്‍ തീരുമാനിച്ചു. തിരുത്ത് വന്നുശവങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല. മാറ്റം വന്നാലും വിവരങ്ങള്‍ പോകുന്നത് സ്പ്രിംഗ്ലര്‍ സര്‍വറിലേക്കാവും.
കരാറിനെ കുറിച്ച് തദ്ദേശമന്ത്രിയോ ആരോഗ്യമന്ത്രിയോ അറിഞ്ഞിട്ടില്ല. കരാര്‍ ഒപ്പുവയ്ക്കാന്‍ ഐ.ടി സെക്രട്ടറിയെ മുഖ്യമ്രന്തി ചുമതലപ്പെടുത്തിയതിന്റെ ഫയലുണ്ടോ? കരാര്‍ പ്രകാരം തര്‍ക്കമുണ്ടായാല്‍ കേസ് നല്‍കാന്‍ ന്യുയോര്‍ക്കില്‍ പോകണം. ഇന്ത്യയിലെ നിയമത്തിന് ബാധകമല്ലാത്ത കരാറാണിത്. കേരളീയരുടെ മൗലികാവകാശം സംരക്ഷിക്കാന്‍ ന്യുയോര്‍ക്കില്‍ പോകേണ്ട സ്ഥിതിയാണ്. വ്യക്തിവിവരങ്ങള്‍ അന്താരാഷ്ട്ര കമ്പനിക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ഇതിന് സംസ്ഥാന മന്ത്രിസഭയുടെയും കേന്ദ്രമന്ത്രിസഭയുടെയും അംഗീകാരം വേണം. കരാര്‍ ഒപ്പിടുമ്പോള്‍ നിയമ വകുപ്പും ആരോഗ്യവകുപ്പും അറിയണം. ഇത്തരം അറിയിപ്പ് സംബന്ധിച്ച് ഒരു ഫയലും വകുപ്പില്‍ ഇല്ലെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Leave a Comment