ന്യൂയോര്‍ക്ക്: കോവിഡ് ബാധിച്ച് മലയാളി യുഎസില്‍ മരിച്ചു. പത്തനംതിട്ട സ്വദേശി ജോസഫ് കുരുവിള (68) ന്യൂയോര്‍ക്കിലാണ് മരിച്ചത്. വാര്യാപുരം ഉപ്പുകണ്ടത്തില്‍ കുടുംബാംഗമാണ്.
അതേസമയം മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും ലണ്ടനില്‍ കുറവുണ്ടാകാത്ത സാഹചര്യത്തില്‍ നിലവിലെ ലോക്ഡൗണ്‍ നീട്ടും. വ്യാഴാഴ്ചയാണ് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗണ്‍ കാലാവധി അവസാനിക്കുന്നത്. ഇത് തുടരണമോ എന്നു തീരുമാനിക്കാന്‍ കോബ്രാ കമ്മിറ്റി യോഗം ചേരും. വൈറസ് ബാധയുടെ പാരമ്യത്തില്‍ തന്നെയാണ് രാജ്യം ഇപ്പോഴും ഉള്ളതെന്നും അതിനാല്‍തന്നെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സമയം ആയിട്ടില്ലെന്നുമാണ് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഡൊമിനിക് റാബ് വ്യക്തമാക്കിയത്.
717 പേരാണ് തിങ്കളാഴ്ച മാത്രം ബ്രിട്ടനിലെ വിവിധ ആശുപത്രികളില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 11,329 ആയി. 14,506 പേര്‍ക്കാണ് തിങ്കളാഴ്ച രാജ്യത്ത് കോവിഡ് പരിശോധന നടത്തിയത്. ഇതില്‍ 4342 കേസുകള്‍ പോസിറ്റീവായിരുന്നു. ആകെ രോഗികളുടെ എണ്ണം 88,621 ആണ്.
രാജ്യത്തെ എല്ലാ ആളുകള്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച് ആലോചനകള്‍ നടക്കുന്നുണ്ടെന്നും സയന്റിഫിക് എവിഡന്‍സിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും ചീഫ് മെഡിക്കല്‍ ഓപിസര്‍ ഡോ. ക്രിസ് വിറ്റി പറഞ്ഞു. മെഡിക്കല്‍ മാസ്‌കുകള്‍ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അവ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മാറ്റിവയ്ക്കണമെന്നും പൊതുജനത്തിന് വേണ്ടി ഉപയോഗിക്കരുതെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമുള്ളത്.
അതേസമയം, പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡൌണിംങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ ഔദ്യോഗിക ഫ്‌ലാറ്റില്‍നിന്നും മാറി കണ്‍ട്രി എസ്‌റ്റേറ്റായ ചെക്കേഴ്‌സിലാണ് അദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത്. ഏതാനും ദിവസംകൂടി പരിപൂര്‍ണവിശ്രമം അദ്ദേഹത്തിന് അനിവാര്യമാണ്. അതുവരെ ഡൊമിനിക് റാബ് തന്നെ ഭരണത്തിന് നേതൃത്വം നല്‍കും.
Leave a Comment