തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മൂന്ന് പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. കണ്ണൂരില്‍ രണ്ടും പാലക്കാട് ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റീവായവരില്‍ 2 പേര്‍ക്ക് സമ്പര്‍ക്കം വഴിയും ഒരാള്‍ വിദേശത്തുനിന്ന് എത്തിയതുമാണ്. ഇന്ന് 19 കേസുകള്‍ നെഗറ്റീവായി. കാസര്‍കോട് 12, പത്തനംതിട്ട, തൃശൂര്‍ 3 വീതം, കണ്ണൂര്‍ 1. 378 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 178 പേര്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് 1,12,183 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,11,468 വീടുകളിലും 715 പേര്‍ ആശുപത്രിയിലുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷു തുല്യതയുടെ സന്ദേശമാണ് പകര്‍ന്നു നല്‍കുന്നത്. സമത്വത്തിനു വേണ്ടി സ്വന്തം ജീവിതത്തെ പോരാട്ടമാക്കിയ നവോഥാന നായകനാണ് അംബേദ്കര്‍. ജാതിക്കും മതത്തിനും അപ്പുറം മനുഷ്യത്വത്തില്‍ അടിസ്ഥാനമായ തുല്യതയ്ക്കായുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ 130–ാം ജയന്തി ദിനം ഈ വിഷു ദിനത്തില്‍തന്നെ വന്നുചേരുന്നത് അതിന്റേതായ ഒരു ഔചിത്യ ഭംഗിയുണ്ട്. അദ്ദേഹത്തിന്റെ ജീവിതം തുല്യതയ്ക്കായി പോരാടിയതാണെന്ന് നമുക്ക് അറിയാം. എല്ലാവര്‍ക്കും വിഷു, അംബേദ്കര്‍ ജയന്തി ആശംസകള്‍. ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനുവേണ്ടിയാകട്ടെയെന്ന് അഭ്യര്‍ഥിക്കുന്നു. ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനയാക്കി ഇത്തവണത്തെ വിഷുക്കൈനീടത്തെ മാറ്റാന്‍ എല്ലാവരും തയാറാകും എന്നു പ്രതീക്ഷിക്കുന്നു.
കുട്ടികളും ഇതിന്റെ ഭാഗമാകും എന്നുകരുതുന്നു. അവര്‍ക്കാണ് മാതൃകകള്‍ സൃഷ്ടിക്കാന്‍ സാധിക്കുക. ഏപ്രിലില്‍ തന്നെയാണ് റമദാന്‍ മാസം ആരംഭിക്കുകയാണ്. സക്കാത്തിന്റെ ഘട്ടം കൂടിയാണിത്. ആ മഹത്തായ സങ്കല്‍പം നമ്മുടെ പ്രതിസന്ധി തരണം ചെയ്യാനുള്ള ഉപാധിയായി മാറ്റണം. മാനുഷികമായ കടമ എല്ലാവര്‍ക്കും ഒരേ മനസ്സോടെ നിര്‍വഹിക്കാം. മുഖ്യമന്ത്രി പറഞ്ഞു.
Leave a Comment