ലോക് ഡൗണ്‍: വീട്ടിലിരിക്കുന്നവര്‍ക്ക് സ്വര്‍ണം സമ്മാനവുമായി അനീഷ് രവി

ലോക്ഡൗണ്‍ ദിനങ്ങളില്‍ വീട്ടിലിരിക്കുന്നവര്‍ക്ക് പ്രേത്സാഹനവുമായി അഭിനേതാവ് അനീഷ് രവി. ഈ ദിവസങ്ങളില്‍ ഫെയ്‌സ്ബുക് ലൈവിലെത്തി സുഹൃത്തുക്കളുമായി കുറച്ചു സമയം ചെലവിടുകയാണ് അനീഷ്. രസകരവും പ്രചോദനാത്മകവുമായ കഥയും അറിവിന്റെ ആഴമളക്കുന്ന ഒരു ചോദ്യവും ഈ സമയം പങ്കുവയ്ക്കും. ചോദ്യത്തിന് ആദ്യം ഉത്തരം പറയുന്നവര്‍ക്ക് സമ്മാനം നല്‍കുകയും ചെയ്യും.

ലോക്ഡൗണിന്റെ 21 ദിവസങ്ങളിലും ലൈവ് നടത്തി എല്ലാ ദിവസങ്ങളിലും ആദ്യം ശരിയുത്തരം അറിയിക്കുന്ന ആളാണ് വിജയിക്കുക. അങ്ങനെ തിരഞ്ഞെടുക്കുന്ന 21 പേര്‍ക്കായി വിരുന്ന് നടത്താനാണ് അനീഷ് തീരുമാനിച്ചത്. എന്നാല്‍ അനീഷിന്റെ ഉദ്യമത്തിന്റെ മഹത്വം മനസ്സിലാക്കിയ ഒരാള്‍ 5 സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി വാഗ്ദാനം ചെയ്തു. അതോടെ 21 പേരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 5 പേര്‍ക്ക് സ്വര്‍ണനാണയവും സമ്മാനമായി ലഭിക്കും.

സ്േനഹിക്കുന്നവര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം കുറച്ചു നല്ല നിമിഷങ്ങള്‍ എന്ന ചിന്തയാണ് ഇത്തരമൊരു ഉദ്യമത്തിന് അനീഷിന് പ്രേരണയായത്. ഒപ്പം വീട്ടിലിരിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്താനും സാധിക്കും. എല്ലാ ദിവസവും രണ്ടു മണിക്കാണ് അനീഷിന്റെ ഫെയ്‌സ്ബുക് പേജില്‍ ലൈവ് ആരംഭിക്കുന്നത്.

കോവിഡ് എന്ന മഹാമാരിയെ തോല്‍പിക്കുന്നതിന്റെ സന്തോഷമാണ് സ്‌നേഹവിരുന്നിലൂടെ പങ്കുവയ്ക്കുന്നത്. ഒരു കലാകാരന്‍ എന്ന നിലയിലുള്ള കടമയയാണ് ഈ പരിപാടിയെ കാണുന്നതെന്നും അനീഷ് രവി വ്യക്തമാക്കി. മാര്‍ച്ച് 25ന് ആരംഭിച്ച് 18 ദിവസങ്ങള്‍ പിന്നിട്ട പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

pathram:
Related Post
Leave a Comment