ചൈനയില്‍ രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു; ഒരു ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത്…

കോറോണ വ്യാപനത്തിന്റെ ഭയപ്പെടുത്തുന്ന ദിനങ്ങള്‍ക്ക് ശേഷം വീണ്ടും ചൈനയില്‍ രോഗികളുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരുദിവസം മാത്രം ചൈനയില്‍ 99 പേരില്‍ കൊറോണ സ്ഥിരീകരിച്ചുവെന്നാണ് വിവരം. ഇതില്‍ 63 പേരിലും രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെയുണ്ടായിരുന്നില്ല എന്നതാണ് ചൈനയെ ആശങ്കപ്പെടുത്തുന്നത്. ഇതോടെ 82,052 പേരിലാണ് ചൈനയില്‍ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊറോണയുടെ രണ്ടാമത്തെ വരവ് ആരംഭിച്ചുവോയെന്ന ആശങ്കയിലാണ് ചൈനീസ് അധികൃതര്‍.

ഇപ്പോള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്ത 99 കേസുകളില്‍ 97 എണ്ണവും ചൈനയ്!ക്ക് പുറത്തുനിന്ന് വന്നവരില്‍ നിന്ന് സ്ഥിരീകരിച്ചതാണ്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത 63 പേരില്‍ 12 പേര്‍ ഇത്തരത്തില്‍ എത്തിയതാണ്. ചൈനയ്ക്ക് പുറത്തുനിന്ന് വന്നവരില്‍ നിന്നായി 1,280 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 481 പേര്‍ രോഗമുക്തരായി. 799 പേര്‍ നിലവില്‍ ചികിത്സയിലാണ് . ഇവരില്‍ 36 ആളുകളുടെ അവസ്ഥ ഗുരുതരമാണ്. ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചവരില്‍ 1,086 പേരില്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇവരില്‍ 332 പേര്‍ വിദേശത്തുനിന്ന് രോഗം ബാധിച്ച് എത്തിയവരാണ്.

വിദേശത്തുനിന്ന് എത്തുന്നവരെ 14 ദിവസത്തെ നിരീക്ഷണത്തില്‍ താമസിപ്പിച്ചതിന് ശേഷമാണ് നിലവില്‍ വീടുകളില്‍ പോകാന്‍ അനുവദിക്കുന്നത്. എന്നിട്ടുകൂടി രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്ന് കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ ഇടയാകുന്നതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്. കൊറോണയുടെ സമൂഹവ്യാപനത്തിന്റെ ഭീതിപ്പെടുത്തുന്ന സമയത്ത് 3,339 പേരാണ് ചൈനയില്‍ മരിച്ചത്. നിലവില്‍ പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് അധികൃതരില്‍ ആശ്വാസം സൃഷ്ടിക്കുന്നത്.

pathram:
Leave a Comment