കൊവിഡ് 19 വൈറസ് വ്യാപനത്തോടനുബന്ധിച്ച് രാജ്യത്ത് ലോക്ക് ഡൗണ്‍ നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തില്‍ ചെക്ക് പോസ്റ്റുകളില്‍ വാഹനങ്ങള്‍ പരിശോധിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തെലങ്കാന പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. ചെക്ക് പോസ്റ്റുകളില്‍ വാഹനങ്ങള്‍ പരിശോധിക്കാന്‍ ആര്‍എസ്എസിന് അനുമതി നല്‍കിയിട്ടില്ലെന്ന് തെലങ്കാന പൊലീസ് വ്യക്തമാക്കി.
ഹൈദരാബാദ് ഹൈവേയില്‍ ആര്‍എസ്എസ് യൂണിഫോഫും ലാത്തിയും അണിഞ്ഞ പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. വാഹനങ്ങളില്‍ എത്തുന്നവരുടെ ഐഡി കാര്‍ഡ് ചോദിക്കുകയും വാഹന പരിശോധന നടത്തുകയും ചെയ്യുന്നതായിരുന്നു ചിത്രങ്ങള്‍ ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ‘തെലങ്കാനയിലെ യദാദ്രിയിലുള്ള ഭുവനഗിരി ജില്ലാ ചെക്ക്‌പോയിന്റില്‍ ദിവസേന 12 മണിക്കൂര്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ സഹായിക്കുന്ന ആര്‍എസ്എസ് വളണ്ടിയര്‍മാര്‍’ എന്ന കുറിപ്പോടെ ആദ്യം ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. പിന്നീടാണ് ഇവ പ്രചരിച്ചത്.
‘കുറച്ച് ചിത്രങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചത് പ്രകാരം നടത്തിയ അന്വേഷണത്തില്‍ അത് ആര്‍എസ്എസ് വളണ്ടിയര്‍മാര്‍ തന്നെയാണെന്ന് മനസ്സിലായി. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്തു കൊള്ളാമെന്ന് അവരോട് പറഞ്ഞിരുന്നു. അതേത്തുടര്‍ന്ന് പിന്നീട് രണ്ട് ദിവസം അവര്‍ അവിടെ എത്തിയിട്ടില്ല. അത്തരത്തില്‍ അവര്‍ക്ക് അനുവാദം നല്‍കിയിട്ടുമില്ല. ഇത് പൊലീസിന്റെ ജോലിയാണ്. അത് ഞങ്ങള്‍ക്ക് ചെയ്യാനറിയാം.’ രചകൊണ്ട പൊലീസ് കമ്മീഷണര്‍ മഹേഷ് ഭഗവത് പറഞ്ഞു.
കഴിയുന്ന സഹായം എന്ന നിലയില്‍ സ്വയം സേവനത്തിറങ്ങിയതാണെന്നാണ് സംഭവത്തില്‍ ആര്‍എസ്എസ് നല്‍കുന്ന വിശദീകരണം. കൊറോണ കാലത്ത് ആര്‍എസ്എസ് രാജ്യത്തുടനീളം സഹായപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അവര്‍ പറയുന്നു.
Leave a Comment