വാഷിങ്ടണ്‍ : യു എസില്‍ കൊറോണ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു. 20,699 പേരാണ് അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചത്. 1808 പേരാണ് 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത്. ഇതോടെ മരണസംഖ്യയില്‍ അമേരിക്ക ഇറ്റലിയെ മറികടന്നു. അമേരിക്കയില്‍ സ്ഥിതിഗതികള്‍ അതി രൂക്ഷമായിരിക്കുകയാണ്. ലോകത്ത് കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്ന രാജ്യം അമേരിക്കയായി. ഇറ്റലിയില്‍ 19, 468 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
അമേരിക്കയില്‍ പുതുതായി 18,940 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയിലെ കൊറോണ ബാധിതരുടെ എണ്ണം അഞ്ചേകാല്‍ ലക്ഷത്തോട് അടുക്കുന്നു. ഇതുവരെ 5,21,816 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ന്യൂയോര്‍ക്കിലെ പൊതു വിദ്യാലയങ്ങള്‍ പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചു. നഗരത്തിലെ വിദ്യാലയങ്ങള്‍ ഈ അധ്യായന വര്‍ഷം മുഴുവന്‍ അടച്ചിടാനാണ് തീരുമാനിച്ചിരുക്കുന്നതെന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോ അറിയിച്ചു. ഈ അധ്യായന വര്‍ഷം പൂര്‍ത്തിയാകാന്‍ ഇനി മൂന്നു മാസം കൂടി ബാക്കിനില്‍ക്കെയാണ് തീരുമാനം.
അതേസമയം ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു. മൊത്തം രോഗബാധിതരുടെ എണ്ണം 17,62,199 ആയി. പുതിയതായി ഇരുപത്തെട്ടായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആഗോള മരണനിരക്ക് 1,07,698 ആയി ഉയര്‍ന്നു. സ്‌പെയിനില്‍ 1,61,852 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 1,52,271 ആണ്. സ്‌പെയിനില്‍ 16,353 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ 917 പേര്‍ മരിച്ചു. ആകെ മരണസംഖ്യ 9,875 ആയി. പുതിയതായി 52,33 പേര്‍ക്കു കൂടി രോഗം കണ്ടെത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 78,991 ആയി.
Leave a Comment