കൊറോണ വൈറസ് വായുവിലൂടെ നാലു മീറ്റര്‍(13 അടി) വരെ ദൂരത്തില്‍ പ്രഭാവമുണ്ടാക്കുമെന്നു പുതിയ പഠനം. വൈറസിനെ പ്രതിരോധിക്കാന്‍ പൊതുമധ്യത്തില്‍ ജനം രണ്ടു മീറ്ററെങ്കിലും അകന്നിരിക്കണമെന്നാണ് നിലവിലെ ചട്ടങ്ങള്‍. ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ പ്രാഥമിക വിവരങ്ങളാണ് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) ജേണലായ എമേര്‍ജിങ് ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വൈറസ് എങ്ങനെയാണ് പകരുന്നതെന്നും ഇവര്‍ പഠിക്കുന്നുണ്ട്. മാത്രമല്ല, കുറഞ്ഞ അളവില്‍ കാണപ്പെടുന്ന വൈറസുകള്‍ അത്രമേല്‍ ഉപദ്രവകാരിയല്ലെന്നും ഇവര്‍ പറയുന്നു. കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ. ബെയ്ജിങ്ങിലെ അക്കാദമി ഓഫ് മിലിറ്ററി മെഡിക്കല്‍ സയന്‍സിലെ ഗവേഷകരാണ് പഠനം നടത്തിയത്. വുഹാനിലെ ഹുവോഷെന്‍ഷന്‍ ആശുപത്രിയിലെ കോവിഡ്–19 വാര്‍ഡിലെ ജനറല്‍ വാര്‍ഡില്‍നിന്നും ഐസിയുവില്‍ നിന്നുമുള്ള സാംപിളുകളാണ് ഇവര്‍ പരിശോധിച്ചത്. പ്രതലത്തിലുള്ളതും വായുവിലുള്ളതുമായ സാംപിളുകള്‍ ഇവര്‍ ശേഖരിച്ചു. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് മൂന്നു വരെ ഇവിടെയുണ്ടായിരുന്ന 24 രോഗികളെയാണ് പഠനവിധേയമാക്കിയത്.
വൈറസ് കൂടുതലും വാര്‍ഡുകളുടെ നിലത്താണ് കണ്ടത്. ഗുരുത്വാകര്‍ഷണ ബലം കൊണ്ടാകാം ഇത്. തുമ്മുന്നതിലൂടെയും ചുമയ്ക്കുന്നതിലൂടെയും പുറത്തുവരുന്ന വൈറസ് കൂടുതലും ഏതെങ്കിലും പ്രതലത്തിലാണ് വീഴുക. ആളുകള്‍ എപ്പോഴും തൊടുന്ന പ്രതലമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കംപ്യൂട്ടര്‍ മൗസ്, മാലിന്യക്കൊട്ടകള്‍, കട്ടില്‍, വാതില്‍പ്പിടികള്‍ തുടങ്ങിയവയില്‍ വൈറസ് കൂടുതല്‍ പറ്റിപ്പിടിച്ചിരിക്കും. മാത്രമല്ല, ഐസിയുവിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ചെരുപ്പുകളില്‍ വൈറസ് പറ്റിപ്പിടിച്ച് ഇരിക്കുന്നതും കണ്ടെത്തി. ചെരുപ്പുപോലും വൈറസ് വാഹകരാകുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ചെരുപ്പിലൂടെ വൈറസ് പകരാമെന്ന സാധ്യത നേരത്തെ ഇറ്റലിയിലെ ആരോഗ്യപ്രവര്‍ത്തകരും പങ്കുവച്ചിരുന്നു.
വൈറസ് കണികകള്‍ തീരെ ചെറുതായതിനാല്‍ അവ വായുവില്‍ അധികനേരം തങ്ങിനില്‍ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. എന്നാല്‍ എങ്ങനെയാണ് ഇത്രയും ചെറിയ അളവിലുണ്ടായിട്ടും ഇവ നിലനില്‍ക്കുന്നതെന്നതിനെക്കുറിച്ച് കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
Leave a Comment