ജൂലൈയില്‍ വീണ്ടും രോഗവ്യാപന സാധ്യത; 8 ലക്ഷം ആളുകള്‍ ആശുപത്രിയില്‍ കഴിയേണ്ടി വരും; 60,000 പേര്‍ക്ക് ഒരേസമയം ചികിത്സ നല്‍കേണ്ടി വരും; നിയന്ത്രണം തുടര്‍ന്നില്ലെങ്കില്‍ സംഭവിക്കുക…

കോവിഡിന്റെ രണ്ടാംവരവിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞെങ്കിലും ലോക്ഡൗണിനു ശേഷം സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ ജൂലൈയില്‍ വീണ്ടും രോഗവ്യാപനത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പ്രതിരോധ നടപടികളില്‍ ഗുരുതര വീഴ്ചയുണ്ടായാല്‍ ജൂണ്‍ അവസാനം മുതല്‍ ജൂലൈ അവസാനം വരെയുള്ള കാലയളവില്‍ 50 ലക്ഷത്തിനും 80 ലക്ഷത്തിനും ഇടയില്‍ വരെ രോഗബാധിതരുണ്ടാകാം.

ഒരു ലക്ഷം മുതല്‍ 8 ലക്ഷം വരെ ആളുകള്‍ക്ക് ആശുപത്രിവാസം വേണ്ടിവരാം. 40,000 മുതല്‍ 60,000 പേര്‍ക്കു വരെ ഒരേസമയം തീവ്രപരിചരണ ചികിത്സ വേണ്ടിവരാം. ഇതിന്റെ പത്തിലൊന്നു സൗകര്യങ്ങള്‍ പോലും ഇപ്പോള്‍ കേരളത്തിലില്ല.– സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നടത്തിയ പഠനത്തിലാണ് ഈ മുന്നറിയിപ്പുകള്‍. റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചു.

പ്രതിരോധിക്കാന്‍ ഈ കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യേണ്ടതാണ്.

1. വിദേശങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കു കര്‍ശന സ്‌ക്രീനിങ്, ക്വാറന്റീന്‍ നടപടികള്‍

2. കൈ കഴുകല്‍, മാസ്‌ക് ഉപയോഗിക്കല്‍ എന്നിവ ചേര്‍ന്ന ബ്രേക്ക് ദ് ചെയിന്‍ പ്രചാരണം

3. ശാരീരിക അകലം പാലിക്കല്‍ കര്‍ശനമാക്കല്‍

4. സംസ്ഥാനത്തിനുള്ളില്‍ രോഗസാധ്യതയുള്ളവരെ ക്വാറന്റീന്‍ ചെയ്യല്‍

ഈ കാര്യങ്ങളെല്ലാം ഫലപ്രദമായി നടപ്പാക്കിയാല്‍ തീവ്രമായ രോഗസംക്രമണ സാധ്യത ഒഴിവാക്കാം. പിന്നീട് എന്തെങ്കിലും കാരണവശാല്‍ രോഗം പകരാനുള്ള സാധ്യതയുണ്ടെങ്കില്‍ അത് അടുത്ത വര്‍ഷം ആദ്യം മാത്രമായിരിക്കും. എന്നാലും പരമാവധി 1 ലക്ഷം പേര്‍ക്കേ ആശുപത്രിയില്‍ ചികിത്സ വേണ്ടി വരൂ.

കേരളത്തിലെ കോവിഡ് രോഗസാധ്യത ഉള്ളവര്‍, സമ്പര്‍ക്കത്തിലുള്ളവര്‍, രോഗബാധയുള്ളവര്‍, രോഗമുക്തരായവര്‍ എന്നിവരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു പഠനം നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെയും ബാര്‍ട്ടന്‍ഹില്‍ എന്‍ജിനീയറിങ് കോളജിന്റെയും സഹകരണത്തോടെയാണു പഠനം നടത്തിയത്.

pathram:
Leave a Comment