രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 6,761, മരിച്ചത് 206 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 6,761 ആയി ഉയര്‍ന്നു. വൈറസ് ബാധിച്ച് ഇതുവരെയുള്ള മരണം 206 ആയി. അതേസമയം ഇതുവരെ രാജ്യത്ത് വൈറസ് ബാധ സാമൂഹിക വ്യാപനത്തില്‍ എത്തിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ രാജ്യത്ത് സാമൂഹിക വ്യാപനമെന്ന ഘട്ടത്തില്‍ എത്തിയിട്ടില്ല, അതിനാല്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല, എന്നാല്‍ ജാഗ്രതയും കരുതലും തുടരണമെന്നും കേന്ദ്രം അറിയിച്ചു. സാമൂഹിക വ്യാപനത്തിന്റെ ഘട്ടം എത്തിയാല്‍ അക്കാര്യം ജനങ്ങളെ ആദ്യം അറിയിക്കുമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച മാത്രം 16,002 പരിശോധനകള്‍ നടത്തി, അതില്‍ രണ്ട് ശതമാനം കേസുകള്‍ മാത്രമാണ് പോസീറ്റിവ് ആയത്. റാപ്പിഡ് പരിശോധനകള്‍ നടത്താനുളള കിറ്റുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി. ആഭ്യന്തര ഉപയോഗത്തിനു വേണ്ടത് ഒരു കോടി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗൃുളികകളാണ്. നിലവില്‍ 3.28 കോടി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകള്‍ ലഭ്യമാണെന്നും അദേഹം പറഞ്ഞു.

അതേസമയം ഒഡീഷയ്ക്ക് പിന്നാലെ പഞ്ചാബിലും ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി. പഞ്ചാബില്‍ ഇതുവരെ 132 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ചില ജില്ലകളിലെ കാര്‍ഷിക വിളവെടുപ്പിനു മാത്രം സര്‍ക്കാര്‍ പഞ്ചാബില്‍ പ്രത്യേക ഇളവു നല്‍കും.

രാജ്യത്ത് കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നു ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നു ലോകാരോഗ്യ സംഘടന. സമൂഹവ്യാപന പരാമര്‍ശമുണ്ടായ മുന്‍ റിപ്പോര്‍ട്ടില്‍ പിശകുപറ്റിയതായും തിരുത്തിയതായും ലോകാരോഗ്യ സംഘടന ദേശീയ മാധ്യമത്തോടു വ്യക്തമാക്കി. കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളെക്കുറിച്ചുള്ള ‘സിറ്റ്വേഷന്‍ റിപ്പോര്‍ട്ടിലാണ്’ ഇന്ത്യയുടെ അവസ്ഥയെപ്പറ്റി തെറ്റായ വിലയിരുത്തലുണ്ടായത്.

ഇന്ത്യയില്‍ ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അതു സമൂഹവ്യാപനമായി വിലയിരുത്താനാവില്ലെന്നു ലോകാരോഗ്യ സംഘടന വക്താവ് പറഞ്ഞു. കോവിഡ് കേസുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണു കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) നിലപാടെടുത്തിരുന്നത്. ഉറവിടം കണ്ടെത്താന്‍ സാധിക്കാതാകുമ്പോഴാണു രോഗം മൂന്നാം ഘട്ടത്തില്‍ അഥവാ സമൂഹവ്യാപനത്തില്‍ എത്തിയെന്നു വിലയിരുത്തുന്നത്.

ഇങ്ങനെയൊരു സാഹചര്യം രാജ്യത്ത് ഇപ്പോഴില്ലെന്നാണു കേന്ദ്രം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസ ലോക്ഡൗണ്‍ രോഗവ്യാപനത്തെ നിയന്ത്രിച്ചുവെന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെയും വിദഗ്ധരുടെയും വിലയിരുത്തല്‍. 400 ജില്ലകളെ കോവിഡ് ബാധിച്ചിട്ടില്ലെന്നും 133 ജില്ലകള്‍ ഹോട്ട് സ്‌പോട്ട് ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. രാജ്യത്ത് 6412 പേര്‍ക്കാണു കോവിഡ് ബാധിച്ചത്. 504 പേര്‍ രോഗമുക്തരായി, 199 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു.

pathram:
Related Post
Leave a Comment