ഒരു കിലോ മത്തിക്ക് 477 രൂപ

കോവിഡ് നിയന്ത്രണം മൂലം ഒമാന്‍ ഉള്‍പെടെ ഇതര രാജ്യങ്ങളില്‍നിന്ന് മത്സ്യങ്ങളുടെ വരവ് നിലച്ചതോടെ യുഎഇയില്‍ മത്സ്യത്തിന് പൊള്ളുന്ന വില. പല ഇനം മീനുകളും കിട്ടാനില്ല. ഉള്ളവയ്ക്കാകട്ടെ ഉയര്‍ന്ന വിലയും. മലയാളിയുടെ സ്വന്തം മത്തി (ചാള) വലുത് കിലോയ്ക്ക് അബുദാബിയില്‍ 23 ദിര്‍ഹം. അതായത് 477.78 രൂപ. ഇതുതന്നെ കിട്ടിയതു ഭാഗ്യം. നാളെ ഉണ്ടാകുമോ എന്ന് ഒരു ഉറപ്പുമില്ല എന്നായിരുന്നു സെയില്‍സ് മാന്റെ മറുപടി.

കഴിഞ്ഞ ദിവസം ഇല്ലാതിരുന്ന ചെറിയ മത്തി ഇന്നലെ നാമമാത്രമായി ചിലയിടങ്ങളില്‍ ലഭിച്ചു. വില 12 ദിര്‍ഹം. ഏതാനും ദിവസമായി കിട്ടാതിരുന്ന അയലയും ഇന്നലെ അല്‍പം ലഭിച്ചുവെങ്കിലും 35 ദിര്‍ഹമായിരുന്നു വില. ചെറുതിന് 25 ദിര്‍ഹമും. നേരത്തെ 5 മുതല്‍ 8 ദിര്‍ഹമിനു വരെ കിട്ടിയിരുന്ന മത്തിയുടെ വിലയാണ് ഇത്രയും ഉയര്‍ന്നത്. എല്ലാകാലത്തും ഏറ്റവും കുറഞ്ഞ വില മത്തിക്കായിരുന്നു. കോവിഡ് മൂലം അതിനും വില കൂടിയതോടെ മത്തി പ്രേമം കുറയ്ക്കുകയല്ലാതെ നിര്‍വാഹമില്ലാതായി. അയക്കൂറ, ഹമ്മൂര്‍, ഷേരി, ഷാഫി, വറ്റ, വെള്ള ആവോലി, തിലോപ്പിയ, ടൂണ, ബറാകു!ഡ, ചെമ്മീന്‍, ഞണ്ട് എന്നിവയാണ് പരിമിതമായ തോതില്‍ പ്രാദേശിക വിപണിയില്‍ ലഭ്യമാകുന്നത് അയക്കൂറ കിലോയ്ക്ക് 70 ദിര്‍ഹമാണ് നിരക്ക്.

ഹമ്മൂറിന് 60, വറ്റയ്ക്ക് 40, ഞണ്ട് 38, ചെമ്മീന്‍ 36 സുല്‍ത്താന്‍ ഇബ്രാഹിം (പുയ്യാപ്ല കോരന്‍) 32, ഷേരി 27, ഷാഫി 25, ബറാകു!ഡ 24, ടൂണ 18, തിലാപ്പിയ 17, ഏട്ട 16 ദിര്‍ഹം എന്നിങ്ങനെയാണ് ഇന്നലത്തെ വില നിലവാരം. മത്സ്യത്തിന്റെ ലഭ്യത കൂടുകയും വില കുറയുകയും ചെയ്യുന്ന സമയത്താണ് വന്‍ വില കൊടുത്ത് വാങ്ങേണ്ടിവരുന്നതെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. എന്നാല്‍ പ്രാദേശികമായി മീന്‍ പിടിക്കുന്നത് കുറയുകയും മറ്റു രാജ്യങ്ങളില്‍നിന്ന് വരവ് നിലയ്ക്കുകയും ചെയ്തതാണ് ലഭ്യത കുറയാനും വില ഉയരാനും കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. നിയന്ത്രണത്തിന്റെ ഭാഗമായി അടച്ച മത്സ്യ മാര്‍ക്കറ്റുകള്‍ കുറച്ചു സമയം തുറക്കാന്‍ അനുമതിയുണ്ടെങ്കിലും മീന്‍ ലഭ്യത കുറഞ്ഞ കാരണം മാര്‍ക്കറ്റിലെ എല്ലാ കടകളും തുറന്നിട്ടില്ല.

അബുദാബി കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 2 ആഴ്ച മുന്‍പ് അടച്ചിരുന്ന അബുദാബി മിന മത്സ്യ മാര്‍ക്കറ്റ് ഇന്നലെ രാവിലെ തുറന്നെങ്കിലും വൈകിട്ട് വീണ്ടും അടപ്പിച്ചു. പൊലീസ് എത്തി ജീവനക്കാരെ ഒഴിപ്പിക്കുകയായിരുന്നു. ഇനി എന്ന് തുറക്കും എന്നതു സംബന്ധിച്ച് വ്യക്തതയില്ല. രാവിലെ 9 മുതല്‍ 12.30 വരെയും വൈകിട്ട് 6.30 മുതല്‍ 7.30 വരെയും മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിക്കാനായിരുന്നു അനുമതി നല്‍കിയിരുന്നത്.

മാസ്‌കും ഗ്ലൗസും ധരിക്കാത്തവര്‍ക്ക് മീന്‍ നല്‍കില്ലെന്നും വ്യക്തമാക്കിയിരുന്നു. തെര്‍മല്‍ സ്‌കാന്‍ പരിശോധന നടത്തിയ ശേഷമായിരുന്നു ഉപഭോക്താക്കളെ പ്രവേശിപ്പിച്ചിരുന്നത്. മുഖാവരണവും കയ്യുറയും നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. ഉപഭോക്താക്കള്‍ തമ്മിലും കച്ചവടക്കാരും ഉപഭോക്കാക്കളും തമ്മിലും 2.5 മീറ്റര്‍ അകലം പാലിക്കണമെന്നും മീന്‍ തൊട്ടു നോക്കാന്‍ പാടില്ലെന്നും നിബന്ധന വച്ചിരുന്നു. എന്നാല്‍ പെട്ടന്ന് അടയ്ക്കാന്‍ പറഞ്ഞതിന്റെ കാരണം വ്യക്തമല്ല. മലയാളികളടക്കം ജീവനക്കാരില്‍ കൂടുതലും ഇന്ത്യക്കാരാണ്. ഇതര രാജ്യക്കാരുമുണ്ട്.

pathram:
Leave a Comment