കൊറോണയെ തടയാന്‍ ഇതാണ് മാര്‍ഗം..!!! വുഹാനിലെ ഇന്ത്യക്കാര്‍ പറയുന്നത് കേള്‍ക്കൂ…

കൊറോണ വൈറസിനെ തടയാന്‍ കഴിയാതെ പല പ്രബല രാജ്യങ്ങളും ഇന്ന് നട്ടംതിരിയുകാണ്. എന്നാല്‍ കോവിഡിനെ നേരിടാന്‍ കര്‍ശന ലോക്ക്ഡൗണും സ്വയം സമ്പര്‍ക്കവിലക്കുമാണ് വേണ്ടതെന്ന് വുഹാനില്‍ തുടരേണ്ടിവന്ന ഇന്ത്യക്കാര്‍ പറയുന്നു. കര്‍ശനമായ അടച്ചുപൂട്ടല്‍ മൂലം 76 ദിവസത്തെ ദുരിതം അവസാനിച്ചതില്‍ സന്തോഷമുണ്ടെന്ന് വുഹാനില്‍ തുടരാന്‍ തീരുമാനിച്ച ഇന്ത്യക്കാര്‍ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. വുഹാനില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ചൈനീസ് അധികൃതര്‍ പിന്‍വലിച്ചത്.

’73 ദിവസത്തിലേറെ ദിവസം ഞാനെന്റെ മുറിയില്‍ ഇരുന്നു. അനുമതിയോടെ ലാബിന് സമീപത്തേക്ക് മാത്രം പോയി. ഇപ്പോള്‍ സംസാരിക്കാന്‍ ഞാന്‍ ബുദ്ധിമുട്ടുകയാണ്. കാരണം കഴിഞ്ഞു പോയ ദിവസങ്ങളില്‍ ഞാന്‍ ആരോടും സംസാരിച്ചിട്ടില്ല. സംസാരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. എല്ലാവരും അവരവരുടെ വീടുകളിലായിരുന്നു.’ വുഹാനില്‍ ജോലി ചെയ്യുന്ന മലയാളിയായ ഹൈഡ്രോ ബയോളജിസ്റ്റ് അരുണ്‍ജിത്ത് പറഞ്ഞു.

രണ്ട് പ്രത്യേക എയര്‍ ഇന്ത്യ വിമാനങ്ങളിലായി എഴുന്നൂറോളം ഇന്ത്യക്കാരെയും വിദേശികളെയും ഇന്ത്യ വുഹാനില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള അരുണ്‍ജിത്ത് വുഹാനില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. പ്രശ്‌നമുള്ള സ്ഥലത്ത് നിന്ന് രക്ഷപ്പെടുക എന്നത് ഇന്ത്യക്കാര്‍ക്ക് അനുയോജ്യമായ കാര്യമല്ല എന്നാണ് അരുണ്‍ജിത്ത് വിശ്വസിക്കുന്നത്. വുഹാനില്‍ തുടരാന്‍ തീരുമാനിച്ച ചുരുക്കം ചില ഇന്ത്യക്കാരില്‍ ഒരാളാണ് അദ്ദേഹം. കേരളത്തിലേക്കുള്ള തന്റെ തിരിച്ചുവരവ് ഭാര്യയെയും കുട്ടിയെയും മാതാപിതാക്കന്മാരെയും അപകടത്തിലാക്കുമെന്നും അദ്ദേഹം കരുതി.

രാജ്യവ്യാപക ലോക്ക്ഡൗണ്‍ നടപ്പിലാക്കുകവഴി ഇന്ത്യ ചെയ്തത് കൃത്യമായ തീരുമാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മഴക്കാലം എത്തുകയും ആളുകളുടെ പ്രതിരോധ ശേഷി കുറയുകയും ചെയ്യുമ്പോഴാണ് രാജ്യത്ത് യഥാര്‍ത്ഥ പ്രശ്‌നം ഉയര്‍ന്നുവരികയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കര്‍ശനമായ ലോക്കഡൗണും സ്വയം സമ്പര്‍ക്കവിലക്കില്‍ ഏര്‍പ്പെടുകയുമാണ് വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമെന്നാണ് വുഹാന്‍ നല്‍കുന്ന പാഠമെന്നും അദ്ദേഹം പറഞ്ഞു.

വുഹാനില്‍ താമസിക്കുന്ന മറ്റൊരു ഇന്ത്യന്‍ ശാസ്ത്രജ്ഞനും അരുണ്‍ജിത്തിനോട് യോജിച്ചു. ‘ഏകദേശം 72 ദിവസമായി ഞാന്‍ എന്റെ മുറിയില്‍ തന്നെ അടച്ചിരുന്നു. എന്റെ അയല്‍ക്കാരന് വളരെ ചെറിയ മൂന്ന് കുട്ടികളുണ്ട്. അവര്‍ അവരുടെ ഫഌറ്റില്‍ നിന്ന് ഒരു തവണ പോലും പുറത്തുവരുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇന്നെനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു.’ അദ്ദേഹം പറഞ്ഞു.

ഇന്ത്യ ലോക്ക്ഡൗണ്‍ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹവും ഉപദേശിച്ചു. വുഹാനില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് വൈറസ് പടരാതിരിക്കാന്‍ കാരണമായതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

pathram:
Leave a Comment