മൂന്നാറില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

നാട്ടുകാര്‍ തുടര്‍ച്ചയായി ലോക്ക്ഡൗണ്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ മൂന്നാറില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് ശേഷം ഏഴു ദിവസത്തേക്ക് മൂന്നാറിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ല. ഇന്ന് രണ്ടു വരെ മൂന്നാര്‍ മേഖലയിലുള്ളവര്‍ക്ക് ടൗണിലെത്തി സാധനങ്ങള്‍ വാങ്ങാം. ബാങ്ക്, പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്‌റ്റോര്‍ എന്നിവയെ ഒഴിവാക്കി. എസ്‌റ്റേറ്റുകളിലെയും കോളനികളിലെയും കടകളില്‍ നിന്നും ആളുകള്‍ സാധനങ്ങള്‍ വാങ്ങണം.

ടൗണിലേക്ക് 60 വയസിനു മുകളിലുള്ളവര്‍ എത്തുന്നത് കര്‍ശനമായി തടയും. കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്കെതിരേ കേസെടുക്കും. ടൗണിലെ കോഴിക്കടകളിലുള്ള സ്‌റ്റോക്ക് എസ്‌റ്റേറ്റുകളിലെത്തിച്ച് വിറ്റഴിക്കണം. സമ്പര്‍ക്ക വിലക്ക് പ്രഖ്യാപിച്ച ശേഷവും ആളുകള്‍ സാധനം വാങ്ങാനെന്ന പേരില്‍ കൂട്ടമായി ടൗണിലെത്തുന്നത് പതിവാകുകയും, തമിഴ്‌നാട്ടില്‍ നിന്നും ആളുകള്‍ കാട്ടുപാതയിലൂടെ കാല്‍നടയായി മൂന്നാറിലേക്ക് എത്തുന്നതും തടയുന്നതിനാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.

ബുധനാഴ്ച ദേവികുളത്ത് സബ് കളലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍, വ്യാപാരികള്‍, പൊതുപ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കര്‍ശന നടപടികളെടുക്കാന്‍ തീരുമാനിച്ചത്. അതേസമയം ഉച്ചയ്ക്കു മുമ്പ് സാധനങ്ങള്‍ വാങ്ങണമെന്ന നിര്‍ദേശം കടകളില്‍ വന്‍ ജനത്തിരക്കുണ്ടാക്കുമെന്ന് ആശങ്കയുണ്ട്.

pathram:
Leave a Comment