കൊറോണ: ലോകസൗഖ്യത്തിനായി ഗാനമാലപിച്ച് മലയാളി ഗായകര്‍…

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകസൗഖ്യത്തിനായി ഗാനം ആലപിച്ച് മലയാളി ഗായകര്‍. ഗായികമാരായ കെഎസ് ചിത്ര, സുജാത മോഹന്‍, ശ്വേത മോഹന്‍, ഗായകരായ അഫ്‌സല്‍, വിധു പ്രതാപ് തുടങ്ങി 23 ഗായകര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രയാണ് ഗാനം പുറത്തിറക്കിയത്.

1972ല്‍ പുറത്തിറങ്ങിയ ‘സ്‌നേഹദീപമേ മിഴിതുറക്കൂ’ എന്ന ചിത്രത്തിലെ പി ഭാസ്‌കരന്‍ എഴുതി പുകഴേന്തിയുടെ സംഗീതത്തില്‍ എസ് ജാനകി പാടിയ ‘ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹ ദീപമേ മിഴി തുറക്കു…’ എന്ന ഗാനമാണ് ഗായകര്‍ പാടിയിരിക്കുന്നത്. പല സ്ഥലങ്ങളില്‍ പല സമയത്തായി റെക്കോര്‍ഡ് ചെയ്ത ഗാനഭാഗങ്ങള്‍ ഒന്നിച്ച് ക്രോഡീകരിച്ചാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

‘ഞങ്ങള്‍ കുറച്ചു പാട്ടുകാര്‍ ഒന്നിച്ചു ചേര്‍ന്ന് ഒരു പാട്ടിന്റെ വരികള്‍ അവരവരുടെ വീടുകളിലിരുന്ന് നിങ്ങള്‍ക്കു വേണ്ടി പാടുകയാണ്. ലോകത്തില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കാനും കോവിഡ് ബാധ ഒഴിയാനുമുള്ള ഒരു പ്രാര്‍ഥനയായിട്ടു ഈ പാട്ട് ഞങ്ങള്‍ സമര്‍പ്പിക്കുന്നു’ വീഡിയോക്ക് മുന്നോടിയായി കെ എസ് ചിത്ര പറയുന്നു. സുജാത മോഹനിലൂടെ ആരംഭിക്കുന്ന ഗാനം സച്ചിന്‍ വാര്യരാണ് അവസാനിപ്പിക്കുന്നത്. കാവാലം ശ്രീകുമാര്‍, ശരത്, ശ്രീറാം, റിമി ടോമി, ജ്യോത്സ്‌ന, ദേവാനന്ദ്, രഞ്ജിനി, രാജലക്ഷ്മി തുടങ്ങി നിരവധി ഗായകര്‍ ഇതില്‍ പങ്കെടുക്കുന്നു.

കഴിഞ്ഞ ദിവസം, ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങളൊക്കെ അണിനിരന്ന ഹ്രസ്വചിത്രം തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സോണി പിക്‌ചേഴ്‌സ് തന്നെയാണ് റിലീസ് ചെയ്തിരുന്നു. ഫാമിലി എന്നാണ് ഈ ഷോര്‍ട്ട് ഫിലിമിന്റെ പേര്. അമിതാഭ് ബച്ചന്‍, രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി, പ്രിയങ്ക ചോപ്ര, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, ശിവ രാജ്കുമാര്‍, സൊനാലി കുല്‍ക്കര്‍ണി തുടങ്ങി 13 പേര്‍ വേഷമിട്ട ഈ ഹ്രസ്വചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

pathram:
Related Post
Leave a Comment