ന്യൂഡല്‍ഹി: ഏപ്രില്‍ 14ന് ശേഷം ലോക്ക്ഡൗണ്‍ നീട്ടുമോ എന്നകാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എങ്കിലും മെയ് 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാളുകള്‍ എന്നിവ അടച്ചിടുകയും മത ചടങ്ങുകളടക്കമുള്ള പൊതുപരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര മന്ത്രിമാരുടെ സംഘം ശുപാര്‍ശ ചെയ്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇക്കാര്യം നിര്‍ദേശിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
നിലവില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 മുതല്‍ നാല് ആഴ്ചത്തേക്കെങ്കിലും ഷോപ്പിങ് മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുത്. മെയ് മധ്യത്തോടെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും വേനല്‍ക്കാല അവധി ആരംഭിക്കുന്നതിനാല്‍ ജൂണ്‍ അവസാനം വരെ ഇവ അടച്ചിടാമെന്നും സര്‍ക്കാര്‍ കണക്കാക്കുന്നു. കൊറോണവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായി ഒരു മതസംഘടനകളുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് മെയ് 15 വരെ അനുമതി നല്‍കരുത്.
ലോക്ക്ഡൗണ്‍ സമയപരിധിക്ക് ശേഷം നടപ്പാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും മന്ത്രിമാര്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ ശുപാര്‍ശങ്ങള്‍ ഗൗരവമുള്ളതാണെന്ന് വിലയിരുത്തലുണ്ടായി. ലബോറട്ടറികളില്‍ കൊറോണ പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രിതല സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മെഡിക്കല്‍ സൗകര്യങ്ങള്‍ അപര്യാപ്തത ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന സാഹചര്യത്തിലാണിത്.
മന്ത്രിമാരായ രാംവിലാസ് പാസ്വാന്‍, പിയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, നരേന്ദ്ര സിങ് തോമര്‍, രമേശ് പൊഖ്‌റിയാല്‍ തുടങ്ങി മന്ത്രിസഭയിലെ പ്രധാന അംഗങ്ങളെല്ലാം യോഗത്തില്‍ പങ്കെടുത്തു. മത കേന്ദ്രങ്ങള്‍, മാളുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങള്‍ ഡ്രോണുകളിലൂടെ നിരീക്ഷിക്കാനും യോഗം ശുപാര്‍ശ ചെയ്യുന്നു.
Leave a Comment