കോവിഡ് 19 രോഗം പടര്‍ന്ന് പിടിക്കുന്നത് നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ പദ്ധതി ഇപ്പോഴത്തെ കാലാവധിക്ക് ശേഷം അടുത്ത 21 ദിവസം കൂടി തുടരണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വിദഗ്ധ സമിതിയുടെ ആവശ്യം. ഈക്കാര്യം ചൂണ്ടിക്കാട്ടി ഐഎംഎ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി ഐഎംഎ യുടെ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും, സെക്രട്ടറി ഡോ. ഗോപികുമാറും അറിയിച്ചു.
കേരളത്തിലേയും, രാജ്യത്തിലേയും, രാജ്യാന്തര തലത്തിലേയുമുള്ള വിദഗ്ധരുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തി വന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം ഐഎംഎ നല്‍കിയത്.
ലോക്ക്‌ഡൌണ്‍ 21 ദിവസം കൂടി നീട്ടണമെന്ന് ഐഎംഎ
ഇംഗ്ലണ്ട്, അമേരിക്ക, ഇറ്റലി, ജര്‍മ്മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേയും, ഭാരതത്തിലെ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പൊതുജനാരോഗ്യ വിദഗ്ധരുമായും, കേരളത്തിലെ 50 ഓളം പൊതുജനാരോഗ്യ വിദഗ്ധരുമായും ഐഎംഎ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതില്‍ നിന്നും ഉണ്ടായ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാട് ഐഎംഎ സ്വീകരിക്കുന്നത്.
കോവിഡ് പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ കേരള സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങളേയും, രാജ്യങ്ങളേയും അപേക്ഷിച്ച് മികച്ച നടപടികളാണ് സ്വീകരിച്ചുവരുന്നത്. അതിനാല്‍ തന്നെ, അത് കാരണം ഉണ്ടായ നേട്ടം, നിലനിര്‍ത്തുന്നതിന് അടുത്ത 21 ദിവസവും കൂടി ലോക്ക് ഡൗണ്‍ തുടരേണ്ടതാണ്. കേരളത്തിലെ പ്രത്യേക സാഹചര്യം വെച്ച് വളരെ അധികം ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന സാഹചര്യം ലോക്ക്ഡൗണ്‍ മാറ്റുമ്പോള്‍ ഉണ്ടായേക്കാം. അത്തരം സാഹചര്യം സമൂഹവ്യാപനം ഉണ്ടാകുന്ന രീതിയിലേക്ക് കേരളത്തെ തള്ളി വിടാം.
അത് മാത്രമല്ല രാജ്യത്ത് ഉടനീളം നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗസംക്രമണഘട്ടങ്ങളില്‍ ആദ്യമേ തന്നെയായിരുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. മറ്റ് രാജ്യങ്ങളില്‍ പലതും പതിനായിരക്കണക്കിന് കേസുകള്‍ വന്നതിന് ശേഷം മാത്രം ലോക്ക്ഡൗണ്‍ നടപ്പിലാക്കിയപ്പോള്‍ ഭാരതത്തില്‍ ഉടനീളം 500 ല്‍ താഴെ കേസുകള്‍ വന്നപ്പോള്‍ തന്നെ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയത് സമൂഹ വ്യാപനത്തെ ഒരു പരിധിവരെ തടഞ്ഞതായും വിദഗ്ധസമിതി വിലയിരുത്തി.
എന്നാലും പരിപൂര്‍ണമായ നിയന്ത്രണം നേടുന്നതിനായി കടുത്ത നടപടി തുടരണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നല്‍കി വരുന്ന പരിശീലനം തുടരേണ്ടതിന്റെ ആവശ്യകതയും ഐഎംഎ ചൂണ്ടിക്കാണിച്ചു. അതോടൊപ്പം ആരോ
ഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കേണ്ട സുരക്ഷിത കവചങ്ങള്‍ ദൗര്‍ലഭ്യം വരാതെ നോക്കേണ്ടതുണ്ട്. എല്ലാ മുന്‍കരുതലുകലും സ്വീകരിച്ച് കൊണ്ട് തന്നെ സ്വകാര്യ ക്ലിനിക്കുകയും ആശുപത്രികളും പ്രവര്‍ത്തനം തുടരണം. ചെറിയ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും പ്രവര്‍ത്തനത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ നടപടികളെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആശുപത്രികള്‍ക്കുള്ളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് നിയന്ത്രിച്ചും, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റി വെച്ച് കൊണ്ടും മറ്റസുഖങ്ങള്‍ക്കുള്ള ചികിത്സ തുടരേണ്ടതാണ്. പ്രായാധിക്യമുള്ള ആളുകള്‍, ഗര്‍ഭിണികള്‍ മറ്റ് ഗുരുതരരോഗമുള്ളവര്‍ എന്നിവര്‍ക്ക് നല്‍കേണ്ട പ്രത്യേക ശ്രദ്ധ കര്‍ശനമായ രീതിയില്‍ തുടരണം.
കേരളത്തില്‍ നിരീക്ഷണത്തില്‍ ഇരിക്കുന്ന രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, പൊതുസമൂഹത്തില്‍ ചിലര്‍ക്കും ആന്റീ ബോഡി ടെസ്റ്റുകളും റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റും കൂടുതല്‍ വ്യാപകമാക്കണം. കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കുന്ന ശാസ്ത്രീയ തീരുമാനങ്ങളോട് ഐഎംഎ യോചിച്ച് പ്രവര്‍ത്തിക്കുന്നതാണ്.
കേരളത്തിലെ ഇത് വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്ര സമിതിയിലെ മിക്ക അംഗങ്ങളും തൃപ്തി രേഖപ്പെടുത്തിയതായും ഐഎംഎ അറിയിച്ചു.
Leave a Comment