രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 4281 ആയി

ന്യൂഡല്‍ഹി: സമൂഹ വ്യാപനത്തിന്റെ ഭീതി ഉയര്‍ത്തി ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 4281 ആയി. ഇന്നലെ മാത്രം 704 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 4,281 ആയി. രാജ്യത്ത് രോഗം പിടിപെട്ട് മരണമടഞ്ഞവരുടെ എണ്ണം 111 ലേക്ക് ഉയരുകയും ചെയ്തു. ഇതുവരെ 319 പേരാണ് രോഗത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടവര്‍.

കൊറോണയ്‌ക്കെതിരേയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു ലക്ഷം സാമ്പികളുകളാണ് ഐസിഎംആര്‍ ഇതുവരെ പരിശോധിച്ചത്. ഇന്നലെ മാത്രം 11,400 സാമ്പിളുകള്‍ നോക്കി. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ 12 ജീവനക്കാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ രോഗം പിടിപെട്ടവരുടെ എണ്ണം 18 ആയി. മുംബൈയിലെ വോക്ക് ഹാര്‍ട്ട് ആശുപത്രി ജീവനക്കാര്‍ക്ക് കൊറോണ ബാധ മൂലം അടച്ചു. 26 നഴ്‌സുമാര്‍ക്കാണ് രോഗം പിടിപെട്ടത്.

ലോക്ഡൗണ്‍ 13 ാം ദിവസത്തിലേക്ക് കടന്നിരിക്കെ ഒട്ടേറെ സംസ്ഥാനങ്ങളാണ് നീട്ടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ഡൗണ്‍ നീട്ടാന്‍ കഴിഞ്ഞ ദിവസം തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മറ്റു മാര്‍ഗ്ഗമില്ലെന്നും ആദ്യം രക്ഷിക്കേണ്ടത് മനുഷ്യ ജീവനുകളാണ്, അതിന് ശേഷം മതി സമ്പദ് വ്യവസ്ഥയെ രക്ഷിക്കലെന്ന് അദ്ദേഹം പറയുന്നു. ജൂണ്‍ 3 വരെയെങ്കിലും ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് അടുത്തിടെ നടന്ന ഒരു സര്‍വേയും പറയുന്നത്.

സാമ്പത്തീക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേന്ദ്രമന്ത്രിമാരുടെയും എംപി മാരുടേയും ശമ്പളം വെട്ടിക്കുറച്ചു കൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിട്ടുണ്ട്. 30 ശതമാനമാണ് ശമ്പളം കുറച്ചിരിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവും എല്ലാ സംസ്ഥാന ഗവര്‍ണര്‍മാരും ഒരു വര്‍ഷത്തേക്ക് ശമ്പളം 30 ശതമാനം വെട്ടിക്കുറച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഏപ്രില്‍ മുതല്‍ എംപിമാരുടെ ശമ്പളവും ഒരു വര്‍ഷത്തേക്ക് 30 ശതമാനം കുറയും. ഈ പണം പോകുക ദുരിതാശ്വാസ ഫണ്ടിലേക്കായിരിക്കുമെന്നും പറഞ്ഞു.

രണ്ടുവര്‍ഷത്തേക്ക് എംപിഎല്‍എഡി സ്‌കീമുകളും വേണ്ടെന്ന് വെച്ചിട്ടുണ്ട്. 7,900 കോടിയാണ് ഇതിലൂടെ രാജ്യത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് പോകുക. അതേസമയം ഈ തീരുമാനം പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഇത് എതിരായിരിക്കുമെന്നാണ് വിമര്‍ശനം. കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കുന്നത് വഴി ഫണ്ടിലേക്ക എത്തുക 20,000 കോടിയാണ്. കോവിഡ് അല്ലാത്ത പരസ്യങ്ങളുടെ ചെലവുകളും വെട്ടിക്കുറച്ചിട്ടുണ്ട്.

ലോകത്തുടനീളമായി 1.2 ദശലക്ഷം പേര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. ആഗോളമായി മരണം 66,000 ആയി. അമേരിക്കയില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മൂന്ന് ലക്ഷം രോഗികളാണ്. മരണം 8000 കടക്കുകയൂം ചെയ്തു

pathram:
Related Post
Leave a Comment